നാട്ടിലേക്കുള്ള യാത്രാ പട്ടികയില്‍ അര്‍ഹരല്ലാത്തവര്‍ കടന്നു കൂടിയതായി ആക്ഷേപം

501

റസാഖ് ഒരുമനയൂര്‍
അബുദാബി: കോവിഡ്19 ദുരിതത്തിന്റെ പശ്ചാത്തലത്തില്‍ അടിയന്തിരമായി നാട്ടിലേക്ക് പോകാന്‍ തയാറാക്കിയ പട്ടികയില്‍ അര്‍ഹരല്ലാത്തവര്‍ കടന്നു കൂടിയതായി പരാതി. ഗര്‍ഭിണികള്‍, രോഗികള്‍, തൊഴില്‍ നഷ്ടപ്പെട്ടവര്‍, പ്രായാധിക്യമുള്ളവര്‍, വിസാ കാലാവധി കഴിഞ്ഞവര്‍ തുടങ്ങിയ ഗണത്തില്‍ പെട്ടവര്‍ക്കാണ് ആദ്യ പരിഗണനയെന്ന് പറഞ്ഞിരുന്നു. എന്നാല്‍, ഇത്തരത്തില്‍ പെടാത്തവരും യാതൊരു അര്‍ഹതയുമില്ലാത്തവരുമായ ചിലരെങ്കിലും ആദ്യ വിമാനത്തില്‍ കയറിപ്പോയതായാണ് ആക്ഷേപം ഉയര്‍ന്നിട്ടുള്ളത്.
ഇത്തരക്കാര്‍ക്ക് ടിക്കറ്റ് ലഭിച്ചത് ആരുടെയെങ്കിലും സ്വാധീനം കൊണ്ടാണോ അതല്ല, അബദ്ധം സംഭവിച്ചതാണോയെന്ന കാര്യത്തില്‍ വ്യക്തത കൈവന്നിട്ടില്ല. എത്രയും വേഗത്തില്‍ നാട്ടില്‍ എത്തിക്കണമെന്ന അഭ്യര്‍ത്ഥനയുമായി നിരവധി പേര്‍ വേവലാതിയോടെ കഴിയുന്നതിനിടെയാണ് യാതൊരു പരിഗണനയുമില്ലാത്തവര്‍ ഇതിനകം നാട്ടിലെത്തിയിട്ടുള്ളത്. കഴിഞ്ഞ ദിവസം നാട്ടിലെത്തി ചാനലില്‍ സംസാരിച്ചയാളും ഇത്തരത്തില്‍ പരിഗണന അര്‍ഹിക്കാത്തയാളാണെന്ന് വ്യക്തമായിരുന്നു.
സ്ത്രീകളുള്‍പ്പെടെയുള്ളവര്‍ എംബസിയില്‍ പേര് രജിസ്റ്റര്‍ ചെയ്ത് കാത്തിരിക്കുന്നതിനിടെയാണ് ഇത്തരത്തില്‍ യാതൊരുവിധ പരിഗണനയുമില്ലാത്തവര്‍ ആദ്യ വിമാനത്തില്‍ തന്നെ നാട്ടിലെത്തിയത്. അതേസമയം, ആയിരക്കണക്കിന് പേരുടെ ഭീമന്‍ പട്ടികയില്‍ നിന്നും സസൂക്ഷ്മം തെരഞ്ഞെടുക്കപ്പെടുകയെന്നത് എളുപ്പമുള്ള കാര്യമല്ലെന്നതും ശ്രദ്ധേയമാണ്. എംബസിയില്‍ പ്രത്യേകം രൂപം നല്‍കിയ ഉന്നതരുടെ സമിതിയാണ് യാത്രാ പട്ടിക തയാറാക്കുന്നത്.
എന്നാല്‍, ആരുടെയും സമ്മര്‍ദത്തിന് വഴങ്ങുകയോ സ്വാധീനത്തിന് വശംവദരാവുകയോ ചെയ്യരുതെന്ന് പ്രവാസികള്‍ കേണു പറയുന്നു. ഇക്കാര്യത്തില്‍ എംബസിയിലുള്ള വിശ്വാസ്യതക്ക് കോട്ടം തട്ടരുതെന്നും യാത്രക്കായി കാത്തിരിക്കുന്നവര്‍ അപേക്ഷിക്കുന്നു.
അതിനിടെ, രജിസ്റ്റര്‍ ചെയ്തവരില്‍ പലരും അവസാന നിമിഷം പിന്മാറിയെന്നതും ശ്രദ്ധേയമാണ്. ക്വാറന്റീന്‍ പൂര്‍ത്തിയാക്കിയ ശേഷം മാത്രമേ വീടുകളിലേക്ക് പോകാന്‍ കഴിയുകയുള്ളൂവെന്ന അറിയിപ്പ് വന്നതാണ് പലരെയും യാത്രയില്‍ നിന്നും പിന്തിരിപ്പിച്ചതെന്നാണ് അറിയുന്നത്.