തൃക്കരിപ്പൂര്‍: ഉദാരമതികളുടെ കനിവ് കാത്ത് വലിയപറമ്പിലെ പെയിന്റിംഗ് തൊഴിലാളി എ ദാവൂദ്. കന്നുവീട് കടപ്പുറത്തെ മതസാംസ്‌കാരിക രംഗത്ത് സജീവമായിരുന്ന ഈ യുവാവ് കാന്‍സര്‍ രോഗ ബാധയെ തുടര്‍ന്ന് ഏറെ നാളായി ചികിത്സയിലാണ്. രോഗബാധിതനായിട്ടു പോലും ചികിത്സാ ചെലവിനും കുടുംബം പോറ്റാനുമായി ദാവൂദ് ജോലിക്ക് പോയിരുന്നു.
യുവാവിന്റെ ദയനീയാവസ്ഥ മനസിലാക്കിയ നാട്ടുകാര്‍ ചികിത്സാ സഹായത്തിനായി ഒരു വര്‍ഷം മുമ്പ് മുഹമ്മദ് ആശിഖ് നിസാമി ചെയര്‍മാനും ടികെപി റഹൂഫ് ജനറല്‍ കണ്‍വീനറും വിപി നൂറുദ്ദീന്‍ ട്രഷററായും ചികിത്സാ സഹായ കമ്മിറ്റി രൂപീകരിച്ചു. പതിനൊന്നര ലക്ഷത്തോളം രൂപ സ്വരൂപിക്കുകയും ചികിത്സ നടത്തുകയുമുണ്ടായി. ഇതിനെ തുടര്‍ന്ന് യുവാവ് ഏറെക്കുറെ അപകടനില തരണം ചെയ്തിരുന്നു.
അര്‍ബുദ രോഗവിദഗ്ദനായ എറണാകുളത്തെ ഡോ. വിപി ഗംഗാധരന്റെ ചികിത്സയാണ് നിലവില്‍ നല്‍കി വരുന്നത്. കോവിഡ് ലോക്ക്ഡൗണ്‍ പശ്ചാത്തലത്തില്‍ തുടര്‍ ചികിത്സക്കു വേണ്ട പണം നാട്ടില്‍ നിന്നോ വിദേശത്തു നിന്നോ കണ്ടെത്താനാകാത്ത സ്ഥിതിയിലാണ് കമ്മിറ്റി. ചികിത്സ തുടരാന്‍ കനിവിന്റെ ഉറവ വറ്റാത്തവരുടെ കാരുണ്യം കാത്തിരിക്കുകയാണ് ദാവൂദും കമ്മിറ്റിയും. അക്കൗണ്ട് നമ്പര്‍: 19530100045173, ഫെഡറല്‍ ബാങ്ക്, തൃക്കരിപ്പൂര്‍ ശാഖ, ഐഎഫ്എസ്‌സി എഫ്ഡിആര്‍എല്‍0001953, ഫോണ്‍: 85472 58222 (റഊഫ്), 95672 78481 (ദാവൂദ്).