കണ്ണൂര്‍: ഓരോ അധ്യയന വര്ഷമടുക്കുമ്പോഴും നേരത്തെയൊരുങ്ങാറുണ്ട് സ്കൂള്‍ വിപണി. ബാഗുകളിലും വാട്ടര്‍ ബോട്ടിലുകളിലും കുടകളിലും പുതുമ ജനിപ്പിക്കും മോഡലുകളാണ് ഓരോ വര്‍ഷത്തേയും ട്രെന്റ്. എന്നാല്‍ ഇത്തവണ മാസ്കുകളിലൊതുങ്ങി വൈവിധ്യങ്ങള്‍.
അടച്ചുപൂട്ടലിന്റെ നാലാം ഘട്ടത്തിലെ ഇളവുകള്‍ക്കിടയില്‍ വ്യാപാര സ്ഥാപനങ്ങളെല്ലാം സജീവമായെങ്കിലും നിരാശയുടെ നിഴലിലാണ് സ്കൂള്‍ വിപണി. പുതിയ സ്റ്റോക്കുകളൊന്നും എത്തിയിട്ടില്ല ഇത്തവണ. ഡോറയുടെയും പോക്മേന്റെയും മിക്കിമൗസിന്റെയും ചിത്രമുള്ള ബാഗുകളില്‍ പഴയതെല്ലാം കുറച്ചുണ്ട്. നിറങ്ങളുടെ വൈവിധ്യത്തില്‍ ഇത്തവണ പുതിയ കുടകളുമെത്തിയിട്ടില്ല. ഉള്ളത് കൊണ്ട് ഒപ്പിക്കണം കച്ചവടം.
സ്കൂള്‍ വിപണിയുടെ കൊയ്ത്തുകാലത്തിനുമാണ് കോവിഡ് മങ്ങലേല്‍പ്പിച്ചത്. മെയ് പകുതിയോടെ സജീവമാകേണ്ടതാണ് സ്കൂള്‍ വിപണി. മഹാമാരിയുടെ വ്യാപന ഭീതിയില്‍ വലിയ പ്രതീക്ഷകളില്ല വ്യാപാരികളില്‍. സ്കൂളില്‍ പോകുന്ന കാര്യത്തില്‍ കുട്ടികളിലും രക്ഷിതാക്കളിലും അനിശ്ചിതത്വവും നിലനില്‍ക്കുകയാണ്. സ്കൂള്‍ എപ്പോള്‍ തുറക്കുമെന്നതിനെ കുറിച്ച് വ്യക്തമായ ധാരണയില്ലാത്തതിനാല്‍ സ്റ്റോക്കില്‍ വന്‍ കുറവാണ് വരുത്തിയിരിക്കുന്നതെന്ന് വ്യാപാരികള്‍ പറയുന്നു.
നിറം മങ്ങി നിര്‍മാണ യൂണിറ്റുകളും
കുടകള്‍ മുതല്‍ സ്കൂള്‍ യൂണിഫോം വരെ തയ്യാറാക്കുന്ന യൂണിറ്റുകളും പ്രതിസന്ധിയിലാണ്. പുതിയ അധ്യയന വര്‍ഷ പ്രതീക്ഷയില്‍ പെന്‍സില്‍ നിര്‍മിക്കുന്ന യൂണിറ്റുകളുമുണ്ട്. കോവിഡ് വ്യാപനത്തില്‍ ഇത്തരം യൂണിറ്റുകളുമാണ് പ്രതിസന്ധിയിലായത്.
ഓര്‍ഡര്‍ നല്കി, സാധനമെത്തിയില്ല
സീസണ് പ്രതീക്ഷയില്‍ നാല് മാസം മുമ്പ് മുന്‍കൂറായി പണമടച്ച് ഓര്‍ഡര്‍ നല്‍കിയിരുന്നു കുടകള്‍ക്കും ബാഗുകള്‍ക്കും. എന്നാല്‍ സാധനങ്ങളെത്തിയില്ല. ഇതോടെ നിരവധി വ്യാപാരികളാണ് വെട്ടിലായത്.
മുന്‍കൂട്ടി പണമടച്ച് ഓര്‍ഡര്‍ ചെയ്താല്‍ ചെറിയ ശതമാനം ഡിസ്കൗണ്ട് ലഭിക്കുമെന്നതിനാലാണ് പതിവ് പോലെ ഇത്തവണയും വ്യാപാരികള്‍ ഈ രീതി തുടര്‍ന്നത്. പുതിയ സ്റ്റോക്ക് എത്താതായതോടെ പഴയ സ്റ്റോക്കുള്ളതില് കച്ചവടം ചെയ്യേണ്ട അവസ്ഥയിലാണ് പല വ്യാപാരികളും.
എത്തുമോ മഴക്ക് മുമ്പെങ്കിലും കുട
ജില്ലയ്ക്ക് പുറത്ത് നിന്നാണ് കുടകളെത്തേണ്ടത്. നേരത്തെ പണമടച്ച് ഓര്‍ഡര്‍ ചെയ്ത കുടകള്‍ മഴക്ക് മുമ്പെങ്കിലും എത്തുമോയെന്നാണ് വ്യാപാരികളുടെ ആശങ്ക.
ആലപ്പുഴ, തൃശ്ശൂര്‍, എറണാകുളം എന്നിവിടങ്ങളില്‍ നിന്നാണ് കുടകള്‍ ജില്ലയിലെത്തുന്നത്. എന്നാല്‍ ഈ ജില്ലകളില്‍ നിര്‍മാണ മേഖല സ്തംഭിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ഓര്‍ഡര്‍ ചെയ്ത കുടകള്‍ ഇനി എപ്പോള്‍ എത്തുമെന്നാണ് വ്യാപാരികള്‍ ചോദിക്കുന്നത്. എത്തിയാല്‍ തന്നെ സീസണ് കഴിയുമെന്നും വ്യാപാരികള്‍ പറയുന്നു.
പ്രതീക്ഷ, നോട്ട് ബുക്കില്‍
ക്ലാസുകള്‍ ഓണ്‍ലൈനിലാണെങ്കിലും നോട്ട് ബുക്കുകള്‍ വേണ്ടി വരും. ഇതിന്മേലാണ് വ്യാപാരികളുടെ പ്രതീക്ഷ. ഓര്‍ഡര്‍ ചെയ്തിരുന്നു നേരത്തെ തന്നെ. എന്നാല്‍ സമയത്തെത്തിയാലെ രക്ഷയുള്ളൂ. നിലവില്‍ ശേഷിച്ച നോട്ട് ബുക്കുകള്‍ മാത്രമേ വില്‍ക്കാനാവുകയുള്ളൂ. ഇവ സീസണിലെ കച്ചവടത്തിന് തികയാതെ വരും. തൃശ്ശൂര്‍ കുന്നംകുളത്ത് നിന്നാണ് നോട്ട് ബുക്ക് എത്തുന്നത്.
മുംബൈയില്‍ നിന്നും മൊത്ത വ്യാപാര കേന്ദ്രങ്ങളില്‍ നിന്നും ബാഗുകള്‍, കോഴിക്കോട് നിര്‍മാണ കേന്ദ്രത്തില്‍ നിന്ന് ഷൂസ് എന്നിവയും കൂടി എത്തിയാലേ കഷ്ടിച്ച് വ്യാപാരം നടത്താനാകൂ. എന്നാല്‍ നിര്‍മാണ മേഖലയിലെ പ്രതിസന്ധി വ്യാപാര പ്രതീക്ഷകളെ താളം തെറ്റിച്ചിരിക്കുകയാണ്.