തിരുവനന്തപുരം: വിദേശത്ത് നിന്നും വന്ന് വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ കോവിഡ് ലക്ഷണവുമായി എത്തിയ ആളെ സാമ്പിള്‍ ശേഖരിച്ച ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ നിന്ന് വിട്ടയച്ചത് വിവാദമാകുന്നു. കുവൈത്തില്‍ നിന്നും വന്ന് നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന ആറ്റിങ്ങല്‍ ആലംകോട് സ്വദേശിക്ക് ഫലം വന്നപ്പോള്‍ കോവിഡ്. രോഗം സ്ഥിരീകരിച്ചതോടെ അധികൃതര്‍ കനത്ത അനാസ്ഥയാണ് കാട്ടിയതെന്ന് വിമര്‍ശനമുയര്‍ന്നു. ആരോഗ്യവകുപ്പ് മെഡിക്കല്‍ കോളജ് അധികൃതരില്‍ നിന്ന് വിശദീകരണം തേടി.
രോഗം സ്ഥിരീകരിച്ചതോടെ ഇയാളെ വീണ്ടും ആസ്പത്രിയിലേക്ക് വിളിച്ചു വരുത്തുകയായിരുന്നു. സാധാരണ ഗതിയില്‍ വിദേശത്ത് നിന്നും വന്നയാളുകളെ രോഗലക്ഷണമുണ്ടെങ്കില്‍ ഉടന്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന കര്‍ശന നിര്‍ദേശം നല്‍കിയാണ് ക്വാറന്റൈനില്‍ വിടുന്നത്. ആദ്യത്തെ ഏഴ് ദിവസം ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനില്‍ കഴിഞ്ഞ ശേഷം ഏഴ് ദിവസം വീട്ടില്‍ സ്വയം നിരീക്ഷണവും കേരളത്തിന് പുറത്തു നിന്നും വരുന്നവര്‍ക്ക് നിര്‍ദേശിച്ചിട്ടുണ്ട്. നിരീക്ഷണക്കാലയളവില്‍ ഇവര്‍ക്ക് രോഗലക്ഷണം വന്നാല്‍ സര്‍ക്കാര്‍ തന്നെ ആംബുലന്‍സില്‍ അടുത്തുള്ള കൊവിഡ് കെയര്‍ സെന്ററില്‍ എത്തിക്കുകയാണ് ഇതുവരെയുള്ള രീതി. ഈ മാര്‍ഗനിര്‍ദേശമാണ് തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ലംഘിക്കപ്പെട്ടിരിക്കുന്നത്.
61 പേര്‍ക്ക് കൂടി കോവിഡ്
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 61 പേര്‍ക്ക് കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. പാലക്കാട് – 12, കാസര്‍ക്കോട് – 10, കണ്ണൂര്‍- ഏഴ്, കൊല്ലം, ആലപ്പുഴ- ആറു വീതം, തിരുവനന്തപുരം, പത്തനംതിട്ട – നാലു വീതം, തൃശൂര്‍, മലപ്പുറം, വയനാട്- മൂന്നുവീതം, കോഴിക്കോട് – രണ്ട് എന്നിങ്ങനെയാണ് ജില്ല തിരിച്ചുള്ള കണക്ക്. 20പേര് വിദേശത്തുനിന്നും 37 പേര് ഇതര സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. നാലുപേര്‍ക്ക് സമ്പര് ക്കം വഴിയാണ് രോഗംപിടിപെട്ടത്. 10 സ്ഥലങ്ങള്‍ കൂടി ഉള്‍പ്പെടുത്തിയതോടെ മൊത്തം ഹോട്ട്സ് പോട്ടുകള്‍ 116 ആയി.