അടച്ചിടലില്‍ ഇരട്ടകള്‍ വരച്ചത് 108 ചിത്രങ്ങള്‍

16
പൊല്‍പ്പുള്ളി കൊള്ളുപ്പറമ്പില്‍ അനസ്തൂബ്, അനര്‍ഘയ എന്നിവര്‍ വിട്ടുമുറ്റത്ത് ചിത്രരചനയില്‍

ചിറ്റൂര്‍: ലോക്ക് ഡൗണ്‍ പ്രാബല്യത്തില്‍ വന്നതുമുതല്‍ വീട്ടിലിരുന്ന് ഇരട്ട സഹോദരങ്ങള്‍ വരച്ചുതീര്‍ത്തത് 108 ചിത്രങ്ങള്‍. പൊല്‍പ്പുള്ളി പാളിയോട് എയ്ഞ്ചല്‍ബാബു-ബിന്‍സി ദമ്പതികളുടെ ഏഴുവയസ്സുള്ള ഇരട്ടകളായ അനസ്തൂബ്, അനര്‍ഘയ എന്നിവരാണ് വിരല്‍ തുമ്പില്‍ വിസ്മയം തീര്‍ക്കുന്നത്. ചിറ്റൂര്‍ വിക്ടോടോറിയ എല്‍.പി സ്‌കൂള്‍ രണ്ടാംതരം വിദ്യാര്‍ത്ഥികളാണ് ഇരുവരും. ആര്‍ട്ടിസ്റ്റായ എയ്ഞ്ചല്‍ ബാബുവിന്റെ കൈപുണ്യം അതേപടി രണ്ടു കുട്ടികളും പകര്‍ന്നെടുത്തിട്ടുമുണ്ട്. രണ്ടുപേര്‍ക്കും ചിത്രരചനയില്‍ പിതാവ് പരിശീലനം നല്‍കിയിട്ടുമില്ല. ആര്‍ട്ടിസ്റ്റായ ബാബു ജോലിയുടെ ഭാഗമായി എഴുതുന്നതും ചിത്രം വരയ്ക്കുന്നതും കണ്ട് ഇരുവരും വരച്ചുതുടങ്ങിയതാണ് ഇപ്പോള്‍ കടുതല്‍ കര്‍മനിരതാരാവാന്‍ കാരണം. ഇരുവരും വരയ്ക്കുന്നത് സന്ദേശ ചിത്രങ്ങളാണ്. പക്ഷികള്‍, വാഹനങ്ങള്‍, മൃഗ ചിത്രങ്ങളും തന്മയത്തോടെ തന്നെ രൂപ സാദൃശ്യത്തോടെ രചിക്കുന്നുമുണ്ട്. വാളയാറില്‍ രണ്ടുകുട്ടികള്‍ തൂക്കിക്കൊല്ലപ്പെട്ടതും, വൃക്ഷങ്ങള്‍ മുറിച്ചുമാറ്റുമ്പോള്‍ പ്രകൃതിയിലുണ്ടാക്കുന്ന നാശവും, വാഹനങ്ങളിലെ പുക ഉണ്ടാക്കുന്ന അന്തരീക്ഷ മലിനീകരണവും കുരുന്നുകളൂടെ ഭാവനയില്‍ വിടര്‍ന്ന ചിത്രങ്ങളാണ്. ചിത്രരചനയില്‍ സെഞ്ചറി പൂര്‍ത്തിയാക്കിയ ഇരുവരും ചേര്‍ന്ന് സെക്കന്റ് സെഞ്ചുറിക്കും കിണഞ്ഞു പരിശ്രമിക്കുകയാണ്. വര്‍ത്തമാനകാല കൊറോണ രോഗക്കെടുതിയും ചിത്രങ്ങളില്‍ പ്രതിഫലിക്കുന്നുണ്ട്. ലോക് ഡൗണ്‍ പ്രാബല്യത്തിനു ശേഷം വിടിന്റ നാലതിരുകളില്‍ ഒതുങ്ങിയ ഇരുവരും ടി.വിയില്‍ വാര്‍ത്തകള്‍ കാണുന്നതിലാണ് കൂടുതല്‍ ശ്രദ്ധിക്കുന്നതെന്നാണ് ഇരട്ട സഹോദരങ്ങളുടെ അമ്മ ബിന്‍സി പറയുന്നത്. വീട്ടിലിരുന്ന സമയം പോവാതെ മടുക്കുന്ന സമീപ വീട്ടമ്മമാര്‍ ഇരട്ടകളുടെ ചിത്രരചനകള്‍ ശ്രദ്ധിക്കാനെത്താറുമുണ്ട്. നിലവില്‍ അനസ്തൂബ്, അനര്‍ഘയ എന്നിവരുടെ ചിത്ര നൈപുണ്യം ആര്‍ട്ടിസ്റ്റായ അച്ചന്‍ ഏയ്ഞ്ചല്‍ ബാബുവിന്റെ കൈവിരുതിനെ വൈകാതെ മറികടക്കുമെന്നതാണ് സൂചന.