ഫുജൈറ: കോവിഡ് 19 മൂലം മരിച്ച പ്രവാസികളുടെ കുടുംബങ്ങള്‍ക്ക് അവരുടെ സാമ്പത്തിക സ്ഥിതി പരിഗണിച്ചുള്ള സഹായം സര്‍ക്കാര്‍ പ്രഖ്യാപിക്കണമെന്ന് യുഎഇ കെഎംസിസി നാഷണല്‍ കമ്മിറ്റി ആവശ്യപ്പെട്ടു. കോവിഡ് സാഹചര്യങ്ങളും പ്രവാസികള്‍ ഗള്‍ഫിലും നാട്ടിലും നേരിടുന്ന പ്രശ്നങ്ങളും വിലയിരുത്താനായി ചേര്‍ന്ന അടിയന്തിര യോഗത്തിലാണ് നേതാക്കള്‍ ഈ ആവശ്യവുമായി കേരള ഗവണ്മെന്റിനെ സമീപിക്കാന്‍ തീരുമാനിച്ചത്.
കോവിഡ് ബാധിച്ച് മരിച്ച പ്രവാസികളില്‍ സാമ്പത്തിക ബാധ്യതയുള്ളവരും സമ്പാദ്യം ഒന്നുമില്ലാത്തവരും ഉണ്ടെന്ന് കെഎംസിസി നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായും അതുകൊണ്ട് തന്നെ, മരണമടഞ്ഞ പ്രവാസികളുടെ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതി പഠിച്ച് സഹായം നല്കാന് സര്‍ക്കാര്‍ മുന്നോട്ടു വരണമെന്നും കെഎംസിസി ആവശ്യപ്പെട്ടു. കോവിഡ് മൂലം മരിച്ച പല പ്രവാസികളുടെയും കുടുംബങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലായിരിക്കുകയാണ്. ഈ കുടുബങ്ങളുടെ സാമ്പത്തിക വിവരങ്ങള്‍ ശേഖരിച്ച ശേഷമുള്ള സാമ്പത്തിക സഹായമാണ് സര്‍ക്കാര്‍ പ്രഖ്യാപിക്കേണ്ടത് -നാഷണല്‍ കമ്മിറ്റി ഭാരവാഹികളുടെ യോഗം വ്യക്തമാക്കി
കഴിഞ്ഞ ദിവസം കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസികളെ ക്വാറന്റീന് സൗകര്യം ഏര്‍പ്പെടുത്തിയ ഹോട്ടലില്‍ നിന്നും പണമടക്കാനില്ലാത്ത കാരണം പറഞ്ഞു തിരിച്ചയച്ച സാഹചര്യമുണ്ടായി. വിദേശ രാജ്യങ്ങളില്‍ കുടുങ്ങിപ്പോയ മലയാളികള്‍ നാട്ടിലേക്കെത്തുമ്പോള്‍ ക്വാറന്റീന് ഉള്‍പ്പടെയുള്ള ചെലവുകള്‍ സര്‍ക്കാര്‍ വഹിക്കുമെന്ന ഉറപ്പ് ലംഘിക്കപ്പെടുകയാണ്. മുഖ്യമന്ത്രി നല്കിയ ഉറപ്പ് വിശ്വസിച്ച പ്രവാസികളെ അവഹേളിക്കുന്ന നിലയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നുവെന്നത് ഖേദകരമാണ്. നാട്ടിലെത്തുന്നത് നിര്‍ധനരാണെങ്കില്‍ സര്‍ക്കാര്‍ സഹായിക്കുമെന്ന് മുഖ്യമന്ത്രി കഴിഞ്ഞ ദിവസം വ്യക്തത വരുത്തിയിട്ടും ക്വാറന്റീന് കേന്ദ്രങ്ങള്‍ പ്രവാസികള്‍ക്ക് നിഷേധിക്കപ്പെട്ടത് കടുത്ത അവഗണയാണ്. കരിപ്പൂര്‍ വിമാനത്താവളത്തിലെത്തിയ പ്രവാസികള്‍ക്ക് നേരിടേണ്ടി വന്ന അവഗണനയില്‍ കെഎംസിസി യുഎഇ നാഷണല്‍ കമ്മിറ്റി പ്രതിഷേധം രേഖപ്പെടുത്തി.
പ്രവാസികളില്‍ നിസ്സഹായരും നിര്ധനരുമായവര് നാട്ടിലെത്തുമ്പോള്‍ അവരെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാവണം. ജോലി നഷ്ടപ്പെട്ടു പ്രവാസി കൂട്ടായ്മകളുടെ കാരുണ്യത്തില്‍ കഴിഞ്ഞവരും സമ്പാദ്യമൊന്നും ഇല്ലാത്തവരുമാണ് തിരിച്ചു വരുന്നത്. അവരെ സ്വീകരിക്കാനും ക്വാറന്റീന് സൗകര്യങ്ങള്‍ ഒരുക്കാനും സന്നദ്ധ സംഘടനകളുമായി ചേര്‍ന്നു പദ്ധതിയൊരുക്കാന്‍ കേരള സര്‍ക്കാര്‍ മുന്‍കയ്യെടുക്കണം. പ്രവാസികള്‍ക്ക് വേണ്ടി ഗള്‍ഫില്‍ പ്രവര്‍ത്തന നിരതരായ കെഎംസിസി നാട്ടിലും സര്‍ക്കാറുമായി സഹകരിച്ച് സേവനപ്രവര്‍ത്തനങ്ങള്‍ നടത്താന്‍ തയാറാണ്. വിദേശ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ സംഘടനയുടെ സഹകരണം സ്വീകരിക്കാന്‍ തയാറായ സാഹചര്യം ഓര്‍മിപ്പിച്ചു കൊണ്ട് ഭാരവാഹികള്‍ വെളിപ്പെടുത്തി.
വാണിജ്യ വിമാന സര്‍വീസുകള്‍ പുനരാരംഭിക്കുന്നതിനെ കുറിച്ച് കേന്ദ്ര ഗവര്‍മെന്റ് ഗൗരവമായി ആലോചിക്കണമെന്നും യോഗം ആവശ്യപ്പെട്ടു.
കോണ്‍ഗ്രസ് നേതാവായിരുന്ന അജിത് ജോഗിയുടെയും സോഷ്യലിസ്റ്റ് നേതാവ് എം.പി വീരേന്ദ്ര കുമാറിന്റെയും വിയോഗത്തില്‍ യോഗം അനുശോചിച്ചു
വീഡിയോ മീറ്റിംഗില്‍ എളേറ്റില്‍ ഇബ്രാഹിം സ്വാഗതം പറഞ്ഞു. പ്രസിഡന്റ് പുത്തൂര്‍ റഹ്മാന് അധ്യക്ഷത വഹിച്ചു. അബ്ദുല്ല ഫാറൂഖി, അഷ്റഫ് പള്ളിക്കണ്ടം, എംപിഎം റഷീദ്, അഡ്വ.മുഹമ്മദ്കുഞ്ഞി, പി.കെ.എ കരീം,സൂപ്പി പാതിരജപ്പറ്റ, അബു ചിറക്കല്‍, മുസ്തഫ മുട്ടുങ്ങല്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. നിസാര്‍ തളങ്കര നന്ദി പറഞ്ഞു.