തൃശ്ശൂര്‍ സ്വദേശിയുടെ മയ്യിത്ത് ഉമ്മുല്‍ഖുവൈനില്‍ ഖബറടക്കി

അബ്ദുല്‍ റസാഖ്

ഉമ്മുല്‍ഖുവൈന്‍: ഉറ്റവര്‍ക്കും ഉടയവര്‍ക്കും ഒരു നോക്ക് കാണാനാവാതെ ഉമ്മുല്‍ഖുവൈന്‍ മുനിസിപ്പാലിറ്റി ഉദ്യോഗസ്ഥനായ തൃശ്ശൂര്‍ വടക്കേക്കാട് സ്വദേശി അബ്ദുല്‍ റസാഖി(അബ്ദുലു)ന്റെ മയ്യിത്ത് അദ്ദേഹം 20 വര്‍ഷം ജോലി ചെയ്ത ഉമ്മുല്‍ഖുവൈന്റെ മണ്ണില്‍ മറവ് ചെയ്തു.
ഹൃദയാഘാതം മൂലമാണ് അബ്ദുല്‍ റസാഖ് നിര്യാതനായത്. കോവിഡ് കാലമായതിനാല്‍ മൃതദേഹവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ക്ക് ഏറെ പ്രയാസം നേരിട്ടിരുന്നു. കെഎംസിസി പ്രവര്‍ത്തകരുടെയും സുമനസുകളുടെയും നിരന്തര പരിശ്രമത്താലാണ് മയ്യിത്ത് ഞായറാഴ്ച മറവു ചെയ്യാന്‍ സാധിച്ചത്.
ഉമ്മുല്‍ഖുവൈന്‍ പൊലീസ് മേധാവികള്‍, മറ്റു ഉദ്യോഗസ്ഥര്‍, അബ്ദുല്‍ റസാഖിന്റ ഭാര്യാ സഹോദരന്‍മാരായ ജിഷാദ്, ഷബീര്‍, സഹോദരന്‍ ഹംസ, കെഎംസിസി നേതാക്കളായ അബ്ദുള്ള താനിശ്ശേരി, കോയക്കുട്ടി പുത്തനത്താണി, അഷ്‌കര്‍ അലി തിരുവത്ര, റാഷിദ് പൊന്നാണ്ടി, റഷീദ് വെളിയങ്കോട്, മുഹമ്മദ് എം.ബി, ലത്തീഫ് പുല്ലാട്ട്, ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് സജാദ് സഹീര്‍ തുടങ്ങിയവര്‍ നിയമ പരമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാന്‍ നേതൃത്വം നല്‍കി. വടക്കേക്കാട് കല്ലിങ്കല്‍ തെക്കുവശം വൈശേരി കുഞ്ഞിമുഹമ്മദിന്റെ മകനാണ് അബ്ദുല്‍ റസാഖ്. ഭാര്യ: ജസീന. മക്കള്‍: നിഹാന്‍, നാസ്‌നീം.