മൂന്നു പതിറ്റാണ്ടും കടന്ന് ഉമ്മര്‍ക്കയുടെ അന്ന വിതരണ സപര്യ…

897

ആഷിക്ക് നന്നംമുക്ക്
റാസല്‍ഖൈമ: വ്രതാനുഷ്ഠാനത്തിന്റെ പ്രശാന്തതയില്‍ ഒരാള്‍ തയാറെടുക്കുകയാണ്, അശരണരായ ഒരുപാടു പേര്‍ക്ക് അന്നമെത്തിക്കാന്‍. മറ്റാരമുല്ല അത്, റാസല്‍ഖൈമക്കാര്‍ക്ക് പരിചിതനായ തൃശൂര്‍ എടക്കഴിയൂര്‍ സ്വദേശി കല്ലുവളപ്പില്‍ ഉമ്മര്‍ എന്ന ഉമ്മര്‍ക്ക തന്നെ!
കോവിഡ് 19 കാരണം ഇത്തവണ അന്നമെത്തിക്കാന്‍ കഴിയാത്തതിന്റെ വിഷമത്തിലാണിദ്ദേഹം. 37 വര്‍ഷമായി ഉമ്മര്‍ക്ക റാസല്‍ഖൈമയിലുണ്ട്. തനിക്ക് മുന്‍പേ വന്നവരും പിറകെ വന്നവരും നാടണഞ്ഞിട്ടും ഉമ്മര്‍ക്ക മടങ്ങിയില്ല. കാരണം പലതാണ്. എങ്കിലും, തന്റെ നാടിനെക്കാള്‍ പ്രിയതരമായ പലതും റാസല്‍ഖൈമയില്‍ ഉമ്മര്‍ക്കയെ പിടിച്ചു നിര്‍ത്തുന്നുവെന്നതാണ് വാസ്തവം.
1984ല്‍ പാലസ് വിസയിലാണ് ഇദ്ദേഹം ബോംബെയില്‍ നിന്നും അബുദാബിയില്‍ എത്തിയത്. റാസല്‍ഖൈമയിലെത്തിച്ചേര്‍ന്ന ഉമ്മര്‍ക്ക അന്നത്തെ റാസല്‍ഖൈമ ഭരണാധികാരിയായിരുന്ന ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ഖാസിമിയുമായി അടുത്ത സ്‌നേഹ സൗഹൃദം സ്ഥാപിച്ചു. ഇന്നത്തെ റാക് ഭരണാധികാരിയുമായും ആ ബന്ധത്തിലെ നൈരന്തര്യം കാത്തുസൂക്ഷിക്കുന്നു ഇദ്ദേഹം. അന്നു മുതല്‍ റാസല്‍ഖൈമ പാലസിലെ വിശ്വസ്ഥനാണ് ഉമ്മര്‍ക്ക. കാല്‍ നൂറ്റാണ്ടായി കുടുംബ സമേതമാണ് ഉമ്മര്‍ക്ക ഇവിടെ കഴിയുന്നത്. അന്നും ഇന്നും ഉമ്മര്‍ക്ക മുടക്കാത്ത ഒരു ശീലമുണ്ട്, അന്നം പങ്കു വെക്കല്‍ എന്ന മഹത്തായ കര്‍മമാണത്. അതു തന്നെയാണ് ഉമ്മര്‍ക്ക എന്ന മനുഷ്യനെ മറ്റുള്ളവരില്‍ നിന്നും വ്യത്യസ്തനാക്കുന്നതും.
പട്ടിണിയും ദാരിദ്ര്യവും അലട്ടിയിരുന്ന ബാല്യ-കൗമാര കാലങ്ങള്‍ ഉണ്ടായിരുന്നു ഈ മനുഷ്യന്. ഉമ്മയുണ്ടാക്കിയ ഒരു കഷണം കപ്പ കഴിച്ച് നോമ്പ് തുറന്ന വറുതിയുടെ കഷ്ടകാലം. പരമ കാരുണികനായ പടച്ചവന്റെ അനുഗ്രഹത്താല്‍ പരദേശമായ ഇവിടെയെത്തി. അന്നു മുതല്‍ ഇന്ന് വരെ അന്നത്തിന് മുട്ട് ഉണ്ടായിട്ടില്ലെന്ന് മാത്രമല്ല, പങ്കു വെക്കാനുള്ളത് കൂടി കിട്ടിയെന്നും ഉമ്മര്‍ക്ക ഓര്‍മകളുടെ അടരുകള്‍ ഒതുക്കി മാറ്റി പുഞ്ചിരിച്ചു കൊണ്ട് പറയുന്നു.
പാലസിലെ ജോലിക്കിടയില്‍ കിട്ടുന്ന ഭക്ഷണം എന്നും കൂട്ടുകാര്‍ക്കും അയല്‍വാസികള്‍ക്കും പങ്കു വെക്കുന്നതിലാണ് ഉമ്മര്‍ക്ക ആനന്ദം കണ്ടെത്തിയത്. നോമ്പ് കാലത്ത് മാത്രമല്ല, ഇദ്ദേഹം ഉദാരമതിയാവാറുള്ളത് എന്നതും സവിശേഷാനുഭവമാണ്. തനിക്ക് എന്ത് കിട്ടിയാലും, അതൊരു കാരക്കയായാലും, വിശന്നിരിക്കുന്നയാളെ കണ്ടെത്തി അതിന്റെ ഒരു വിഹിതം നല്‍കിയാലേ ഇദ്ദേഹത്തിന് തൃപ്തി വരികയുള്ളൂ.

ശൈഖ് സഖര്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ മരണ ശേഷം സ്ഥാനമേറ്റടുത്ത ശൈഖ് സഊദ് ബിന്‍ സഖര്‍ അല്‍ ഖാസിമിയുടെ വിശ്വസ്തനും ആശ്രിതനുമായി മാറിയ ഉമ്മര്‍ക്ക ഭരണാധികാരിയുടെ അനുമതിയോടെ 30 വര്‍ഷമായി മുടങ്ങാതെ ചെയ്യുന്നു അന്ന വിതരണമെന്ന മഹത്തായ യജ്ഞം.
മൂന്നു പതിറ്റാണ്ടിലേറെയായി പുണ്യ മാസമായ റമദാന്‍ നോമ്പു ദിനങ്ങളില്‍ അദ്ദേഹം തന്റെ വാഹനത്തില്‍ സ്വയം തയാറാക്കിയ ഇഫ്താര്‍ പൊതികളുമായി യാത്രയാരംഭിക്കും. തിരക്ക് പിടിച്ച നഗര വെളിച്ചത്തിന്റെ പ്രകാശത്തിലേക്കോ കൗതുകങ്ങളിലെക്കോ അല്ല ആ യാത്ര. മറിച്ച്, റാസല്‍ഖൈമയുടെ ഗ്രാമ ഹൃദയങ്ങളിലേക്കും മലയോര, താഴ്‌വാര മേഖലകളിലേക്കുമാണ്. പാവപ്പെട്ടവന്റെ, പണിയെടുക്കുന്നവന്റെ, പുറം ലോകത്തേക്ക് പ്രവേശനം സാധ്യമാവാത്ത സാധാരണക്കാരന്റെ നോമ്പ് തുറക്കുള്ള പൊതികളുമായി നാട് ചുറ്റുന്ന ഉമ്മര്‍ക്ക ആ പ്രക്രിയ തുടര്‍ന്നു കൊണ്ടേയിരുന്നു.
ആദ്യമാദ്യം പത്തും ഇരുപതും ഇഫ്താര്‍ കിറ്റുകളായിരുന്നു ഉണ്ടായിരുന്നത്. പിന്നീടത് നൂറും നൂറ്റമ്പതുമായി മാറി. കഴിഞ്ഞ വര്‍ഷം ഓരോ നോമ്പ് ദിനത്തിലും മുന്നൂറിലെറെ ഇഫ്താര്‍ കിറ്റുകളുമായിട്ടായിരുന്നു ഉമ്മര്‍ക്ക സഞ്ചരിച്ചിരുന്നത്. റാസല്‍ഖൈമയില്‍ അധികമാരും കാണാത്ത പ്രദേശങ്ങളിലേക്കും ഗ്രാമ പ്രദേശങ്ങളിലേക്കുമായിരുന്നു പ്രയാണം. മക്കള്‍ വളര്‍ന്ന് വിദ്യാഭ്യാസം നേടി. നാട്ടില്‍ ദാരിദ്ര്യം അകന്നു. പുതിയൊരു വീട് വെച്ചു. കുടുബ സമേതം ഹജ്ജ് കര്‍മം നിര്‍വഹിച്ചു. എല്ലാം റാസല്‍ഖൈമ ഭരണാധികാരികളുടെ കാരുണ്യപൂര്‍ണമായ സഹായത്താല്‍ തന്നെ. ജീവിതത്തിന്റെ അല്ലലും അലട്ടലും വിട്ടൊഴിഞ്ഞപ്പോള്‍ ഉമ്മര്‍ക്ക ചിന്തിച്ചത്, ഇപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നതും, വേദനിക്കുന്നവരെയും സങ്കടപ്പെടുന്നവരെയും കുറിച്ചാണ്. തന്റെ ഇഫ്താര്‍ കിറ്റുകളുമായുള്ള വരവും കാത്ത് നില്‍ക്കുന്നവരുടെ കൂട്ടത്തില്‍ ജാതിയോ മതമോ ഇല്ല.
കോവിഡ് 19ന്റെ ഇന്നത്തെ പ്രത്യേക സാഹചര്യത്തില്‍ പഴയത് പോലെ ഭക്ഷണ കിറ്റുകള്‍ നല്‍കാന്‍ സാധിക്കാത്ത സങ്കടം ഉള്ളിലൊതുക്കിപ്പിടിച്ചിരിക്കുകയാണിപ്പോള്‍ ഉമ്മര്‍ക്ക. പലരും നോമ്പ് തുടങ്ങുന്നതിന്റെ മുന്‍പ് തന്നെ വിളിച്ചിരുന്നു, ”ഇത്തവണ ഉണ്ടാവില്ലേ”യെന്നു ചോദിച്ച്. പക്ഷേ, ”ഇല്ല” എന്ന് മറുപടി പറയുമ്പോള്‍ മനസ്സിന് വല്ലാത്ത വേദനയാണെന്ന് ഉമ്മര്‍ക്ക മിഡില്‍ ഈസ്റ്റ് ചന്ദ്രികയോട് പറഞ്ഞു.
”ഭക്ഷണത്തിനായി വര്‍ഷങ്ങളായി എന്നെ കാത്തു നില്‍ക്കുന്നവരുടെ അവസ്ഥ അറിയാം. അവരുടെ ഫോണ്‍ വരുമ്പോള്‍ മനസ് പിടയുകയാണ്” -ഉമ്മര്‍ക്ക ഗദ്ഗദകണ്ഠനായി.
തനിക്ക് നോമ്പ് തുറക്കാനുള്ള വിഭവങ്ങള്‍ പാലസില്‍ നിന്നും കിട്ടുമെങ്കിലും അതൊക്കെ രാത്രിയില്‍ വരുന്ന അതിഥികള്‍ക്ക് നല്‍കും ഉമ്മര്‍ക്ക. ഏറ്റവും ഇഷ്ടമുള്ള പഴങ്ങളും പത്തിരിയും മീന്‍ കറിയും തരിക്കഞ്ഞിയും കഴിച്ച് സംതൃപ്തനാകുന്നു. എത്ര തിരക്കിനിടയിലും ആരാധനാ കര്‍മങ്ങള്‍ മുറ തെറ്റാതെ നിര്‍വഹിക്കുന്നു. നോമ്പിന്റെ പരിപൂര്‍ണത നേടാന്‍ പച്ചയായ ഈ മനുഷ്യന്റെ ഹൃദയം തുറന്നുള്ള യാത്രയാണീ അന്ന വിതരണം. ചില ജീവിതങ്ങള്‍ അതിധന്യത നേടുന്നത് ഇങ്ങനെയൊക്കെയാണെന്ന് ഉമ്മര്‍ക്ക സ്വന്തം ജീവിതത്തിലൂടെ വരച്ചു കാട്ടുന്നു. സമൂഹ നന്മക്ക്ായി തന്റെ ജീവിതം മാറ്റി വെക്കുമ്പോഴാണ് ഒരാള്‍ പടച്ചവന് മുന്നില്‍ പ്രതീതിപ്പെട്ടവനാകുന്നതെന്ന് സ്വജീവിതത്തിന്റെ തനി പകര്‍പ്പ് ചീന്തിയെടുത്ത് ഉമ്മര്‍ക്ക നമുക്ക് മുന്നില്‍ അവതരിപ്പിക്കുന്നു, ഒരു പിഞ്ചു കുഞ്ഞിന്റെ നിഷ്‌കളങ്കതയോടെ.
മനുഷ്യത്വത്തിന്റെയും നന്മയുടെയും സ്‌നേഹത്തിന്റെയും വാടാ മുദ്രകള്‍ തീര്‍ക്കുന്ന ഉമ്മര്‍ക്ക റാസല്‍ഖൈമ-തൃശൂര്‍ ജില്ലാ കെഎംസിസി നേതാവ് കൂടിയാണ്.