ഉമ്മുല്‍ഖുവൈനില്‍ 4.6 കോടി ദിര്‍ഹം പദ്ധതിയുമായി യൂണിയന്‍ കോപ്

99
അല്‍സലാമയിലെ ഉമ്മുല്‍ഖുവൈന്‍ കോപ് റെഡിഡെന്‍ഷ്യല്‍ ആന്റ് കൊമേഴ്‌സ്യല്‍ പ്രൊജക്ട് രൂപരേഖ

ഉമ്മുല്‍ഖുവൈന്‍: അല്‍സലാമയിലെ ഉമ്മുല്‍ഖുവൈന്‍ കോപ് റെഡിഡെന്‍ഷ്യല്‍ ആന്റ് കൊമേഴ്‌സ്യല്‍ പ്രൊജക്ടിന്റെ ഏഴു ശതമാനം പൂര്‍ത്തിയാക്കിയതായി യുഎഇയിലെ ഏറ്റവും വലിയ കണ്‍സ്യൂമര്‍ കോഓപറേറ്റീവ് സ്ഥാപനമായ യൂണിയന്‍ കോപ്. തദ്ദേശീയ, അന്താരാഷ്ട്ര നിലവാരത്തിലുള്ള വാസ്തു രീതികള്‍ ഉപയോഗിച്ചാണ് പദ്ധതി രൂപവത്കരിച്ചതും നടപ്പാക്കുന്നതും. ഏറ്റവും കുറഞ്ഞ ചെലവില്‍ ലോകോത്തര നിലവാരമുള്ള പദ്ധതികള്‍ നടപ്പാക്കുകയെന്ന യൂണിയന്‍ കോപ്പിന്റെ ലക്ഷ്യത്തിന്റെ ഭാഗമായാണിത്. പദ്ധതി നടത്തിപ്പിന് പ്രാഥമികമായ പ്രവര്‍ത്തനം പൂര്‍ത്തിയാക്കിയതായും സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി അറിയിച്ചു.
ഈ വര്‍ഷം ഡിസംബറോടെ കെട്ടിടത്തിന്റെ നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും 2021 മെയ് മാസത്തില്‍ പദ്ധതി പ്രാവര്‍ത്തികമാകുമെന്നും അദ്ദേഹം പറഞ്ഞു.
പദ്ധതിയുടെ കരാറുകാരെ മാറ്റിയതോടെ നിലവാരത്തില്‍ ഒട്ടും കുറവ് വരുത്താതെ തന്നെ മൊത്തം നിര്‍മാണ ചെലവില്‍ 60 ലക്ഷം ലാഭമുണ്ടായതായി അല്‍ ഫലാസി അറിയിച്ചു. ഇതിലൂടെ അഡ്മിനിസ്‌ട്രേറ്റീവ് പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ സുഗമമാക്കാന്‍ സാധിക്കും. ഇത് ഓഹരിയുടമകളില്‍ പോസിറ്റീവായി പ്രതിഫലിക്കും. തന്മൂലം പരമാവധി ധനകാര്യ, സാങ്കേതിക സ്രോതസുകള്‍ കൈവരിക്കുന്നതില്‍ കൂടുതല്‍ സംഭാവനകള്‍ നല്‍കാനും കഴിയും.
5.2 കോടി ദിര്‍ഹം കണക്കാക്കിയിരിക്കുന്ന പ്രൊജക്ട് ഏറ്റവും മികച്ച രൂപകല്‍പനയും സവിശേഷതകളും രാജ്യാന്തര നിലവാരവും ഉറപ്പാക്കി 4.6 കോടി ദിര്‍ഹമായി കുറച്ചതായും അദ്ദേഹം പറഞ്ഞു. ഉമ്മുല്‍ഖുവൈന്‍ മേഖലയില്‍ അവശ്യ സാധനങ്ങള്‍ നല്‍കുകയാണ് പുതിയ പദ്ധതിയുടെ ലക്ഷ്യമെന്ന് അല്‍ഫലാസി പറഞ്ഞു. ഭക്ഷ്യ സുരക്ഷയും വിഭവങ്ങളുടെ ലഭ്യതയും ഉറപ്പാക്കാനുള്ള ദേശീയ പ്രയത്‌നത്തിന് പിന്തുണ നല്‍കാനാണ് യൂണിയന്‍ കോപ് ഇതിലൂടെ ശ്രമിക്കുന്നത്. എമിറേറ്റിലെ ഉപഭോക്തൃ ചില്ലറ വ്യപാരം വര്‍ധിപ്പിക്കുകയും വിവിധ ഉല്‍പന്നങ്ങള്‍ക്ക് അന്താരാഷ്ട്ര നിലവാരവും താങ്ങാനാകുന്ന വിലയും ഉറപ്പാക്കുകയും ചെയ്യും. ഈ പദ്ധതി പ്രാവര്‍ത്തികമാകുന്നത് വഴി സവിശേഷമായ ഷോപ്പിംഗ് അനുഭവമാകും ലഭിക്കുക. ഇത്തരത്തിലൊരു ഷോപ്പിംഗ് അനുഭവം എമിറേറ്റില്‍ തന്നെ ഇതാദ്യമായിരിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയെയും യൂണിയന്‍ കോപ് സിഇഒ അഭിനന്ദിച്ചു. പദ്ധതി മുന്‍കൂട്ടി നിശ്ചയിച്ച സമയത്തിനുള്ളില്‍ തന്നെ പൂര്‍ത്തീകരിക്കാന്‍ യൂണിയന്‍ കോപ്പിനൊപ്പം സഹകരിക്കുകയും പിന്തുണക്കുകയും ചെയ്യുന്ന ഉമ്മുല്‍ഖുവൈന്‍ സര്‍ക്കാറിന് അദ്ദേഹം നന്ദി അറിയിച്ചു.

യൂണിയന്‍ കോപ് സിഇഒ ഖാലിദ് ഹുമൈദ് ബിന്‍ ദിബാന്‍ അല്‍ഫലാസി

201,707 ചതുരശ്ര അടിയില്‍ നിര്‍മിക്കുന്ന കെട്ടിടത്തില്‍ ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോറുകള്‍ എന്നിവക്ക് പുറമെ രണ്ടു നിലകള്‍ കൂടിയുണ്ടാകും. 35,732 ചതുരശ്ര അടിയിലുള്ള ഉമ്മുല്‍ഖുവൈന്‍ ഹൈപര്‍ മാര്‍ക്കറ്റും ഇതിലുള്‍പ്പെടുന്നു. ബേസ്‌മെന്റ്, ഗ്രൗണ്ട് ഫ്‌ളോര്‍, ഔട്‌ഡോര്‍, 233 പാര്‍ക്കിംഗ് ലോട്ടുകള്‍ എന്നിവയാണ് പദ്ധതിയിലടങ്ങിയിരിക്കുന്നത്. ഇവക്ക് പുറമെ പുറമെ, 15 കടകളും 70 റെസിഡെന്‍ഷ്യല്‍ അപാര്‍ട്‌മെന്റുകളും ഇതിലുള്‍പ്പെടുന്നു. ഫ്രിഡ്ജുകള്‍, ഷെല്‍ഫുകള്‍, ഡിസ്പ്‌ളേ യൂണിറ്റുകള്‍ എന്നിവയടങ്ങുന്ന അത്യാധുനിക ഷോറൂമും 40,000 ഭക്ഷ്യ-ഭക്ഷ്യ ഇതര വസ്തുക്കള്‍ സൂക്ഷിക്കാനുള്ള സൗകര്യവും; മത്സ്യം, മാംസം, ബേക്കറി, പച്ചക്കറികള്‍, പഴവര്‍ഗങ്ങള്‍, പാല്‍, സുഗന്ധ വ്യജ്ഞനങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, ഈത്തപ്പഴം, കാപ്പി, തേന്‍ എന്നിങ്ങനെയുള്ള ഫ്രഷ് ഫുഡ് വിഭാഗങ്ങളും ഇവിടെ ഒരുക്കും.
888 ഓഹരി ഉടമകളാണ് ഉമ്മുല്‍ഖുവൈനിലുള്ളത്. പര്യാപ്തമായ അനുഭവ സമ്പത്തിലൂടെ ദുബൈ എമിറേറ്റിന് പുറത്തുള്ള കോപ്പുകളും കൈകാര്യം ചെയ്യുന്നതില്‍ യൂണിയന്‍ കോപ് മികവ് പുലര്‍ത്തുന്നു. ഏറ്റവും മികച്ച ഓഫറുകള്‍ക്കൊപ്പം ഉല്‍പന്നങ്ങളുടെ വിലനിലവാരവും ഉറപ്പാക്കുന്നതിലൂടെ ഓഹരി ഉടമകള്‍ക്കും അംഗങ്ങള്‍ക്കും ഏറ്റവും മികച്ച സേവനങ്ങളും ലാഭവുമാണ് യൂണിയന്‍ കോപ് പ്രദാനം ചെയ്യുന്നത്.