കുടുംബത്തെ സഹായിക്കാന്‍ നാട്ടിലെത്താന്‍ മാര്‍ഗമില്ല
കക്കട്ടില്‍: പശ്ചിമ ബംഗാളില്‍ വന്‍ നാശം വിതച്ച പ്രളയത്തിലും ചുഴലിക്കാറ്റിലും ഉറ്റവരെയും ഉടയവരെയും കുറിച്ചുള്ള വേവലാതിയില്‍ കഴിയുകയാണ് കുന്നുമ്മലിലെ അതിഥിത്തൊഴിലാളികള്‍.പശ്ചിമ ബംഗാളിലെ സൗത്ത് പര്‍ഗാന 24 ജില്ലയിലെ അന്തേഗാലി, ദേല്‍ ബാരി, ജയനഗര്‍ എന്നീ മൂന്നു ഗ്രാമങ്ങളില്‍ നിന്നുള്ള മുപ്പത്തി എട്ട് അതിഥി തൊഴിലാളികളാണ് നാട്ടിലേക്കു പോവാന്‍ വഴി തേടുന്നത്. എട്ടു മാസം മുമ്പാണ് ഇവര്‍ നാട്ടില്‍ നിന്നു വന്നത്. നാട്ടിലെ ഇവരുടെ വീടുകള്‍ നശിച്ചതായും കുടുംബങ്ങള്‍ അഭയാര്‍ത്ഥി കേമ്പില്‍ കഴിയുകയാണെന്നും അറിഞ്ഞതോടെ എങ്ങിനെയെങ്കിലും നാട് പിടിക്കണമെന്ന ആഗ്രഹം ഇവര്‍ക്കുണ്ടായത്.
നാട്ടില്‍ പോവാന്‍ ആരെ സമീപിക്കണമെന്ന് ഇവര്‍ക്കറിയില്ല. വില്ലേജ് ഓഫീസറെ കണ്ടപ്പോള്‍ പൊലീസ് സ്‌റ്റേഷനില്‍ പോവാനാണ് നിര്‍ദ്ദേശം ലഭിച്ചതെന്ന് അതിഥിത്തൊഴിലാളികളായ, അല്‍ക്കാര്‍ ലാസ്‌കര്‍, ജലാല്‍ ഫക്കീര്‍,യാഖൂബ് അലീമുല്ല,സിദ്ദിഖ് ലാസ്‌കര്‍,സൈഫുല്‍ മിസ്‌റി എന്നവര്‍ പറഞ്ഞു. നേരത്തെ നാട്ടില്‍ പോവാന്‍ ശ്രമിച്ചപ്പോള്‍ 7800 രൂപ ഒരാള്‍ വീതം നല്‍കുകയാണെങ്കില്‍ ബസ്സ് പിടിച്ചു തരാമെന്ന് പൊലീസ് സ്‌റ്റേഷനില്‍ നിന്നും പറഞ്ഞതായി തൊഴിലാളികള്‍ പറഞ്ഞു. എന്നാല്‍ അതിനും വഴിയില്ലെന്നാണ് ഇപ്പോള്‍ ഇവര്‍ക്കു കിട്ടിയ മറുപടി. കഴിഞ്ഞ നാലു വര്‍ഷത്തോളമായി കുന്നുമ്മല്‍ പഞ്ചായത്തില്‍ താമസക്കാരായ ഇവര്‍ ഇപ്പോള്‍ കുന്നുമ്മല്‍ ജുമാ മസ്ജിദിനടുത്താണ് താമസം. നാട്ടുകാരുമായും ബന്ധുക്കളുമായും വാര്‍ത്താവിനിമയ ബന്ധം ഇല്ലാതായതിനെ തുടര്‍ന്ന് മൊബൈല്‍ ടി.വിയിലൂടെ യാണ് ഇവരുടെ വീടുകള്‍ തകര്‍ന്നുവെന്ന വാര്‍ത്തയറിയുന്നത്. നിരന്തരം നാട്ടിലേക്ക് ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിട്ടും നടക്കാത്തതിനെ തുടര്‍ന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് പി.അമ്മത് മാസ്റ്റര്‍ ഗ്രാമപഞ്ചായത്ത് മെമ്പര്‍ സി വി അഷറഫ് മാസ്റ്റര്‍ എന്നിവരെ സഹായമഭ്യര്‍ത്ഥിച്ച് സമീപിക്കുകയായിരുന്നു ഇവര്‍. ഇവരുടെ നാട്ടിലെ ബന്ധുക്കളും കുടുംബാംഗങ്ങളും താമസിക്കുന്ന വീടുകള്‍ തകര്‍ന്ന കാഴ്ചകള്‍ ടി വി യിലൂടെ കണ്ടതോടെ ഏതു വിധേനയും നാട്ടിലെത്തുകയെന്ന ലക്ഷ്യത്തിനു വേണ്ടി ഇനിയെന്തു ചെയ്യണമെന്നറിയാതെ വളരെ പ്രയാസത്തില്‍ കഴിയുകയാണിവര്‍.