ഉത്തര്‍പ്രദേശ് അതിഥി തൊഴിലാളികളുടെ ആദ്യ സംഘം യാത്ര തിരിച്ചു

16
ഉത്തര്‍പ്രദേശിലേക്കുള്ള സ്‌പെഷല്‍ ട്രെയിനില്‍ പുറപ്പെടാനായി തിരൂര്‍ ബസ്സ്റ്റാന്റില്‍ വൈദ്യപരിശോധനക്കായി കാത്തുനില്‍ക്കുന്ന അതിഥി തൊഴിലാളികള്‍

1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് പുറപ്പെട്ടത്

തിരൂര്‍: ജില്ലയില്‍ കഴിഞ്ഞിരുന്ന ഉത്തര്‍പ്രദേശില്‍ നിന്നുള്ള അതിഥി തൊഴിലാളികള്‍ പ്രത്യേക തീവണ്ടിയില്‍ നാട്ടിലേക്ക് മടങ്ങി. 1,162 തൊഴിലാളികളാണ് തിരൂരില്‍ നിന്ന് പ്രത്യേക തീവണ്ടിയില്‍ ഇന്നലെ വൈകീട്ട് ആറ് മണിയോടെ ലഖ്‌നൗവിലേക്ക് യാത്രയായത്. തിരൂര്‍ താലൂക്കില്‍ നിന്ന് 303, പെരിന്തല്‍മണ്ണ താലൂക്കില്‍ നിന്ന് 150, കൊണ്ടോട്ടി താലൂക്കില്‍ നിന്ന് 301, തിരൂരങ്ങാടി താലൂക്കില്‍ നിന്ന് 408 പേരുമാണ് നാട്ടിലേക്ക് തിരിച്ചത്.
പൊലീസിന്റെ നേതൃത്വത്തില്‍ നാട്ടിലേക്ക് മടങ്ങാന്‍ താല്‍പര്യമുള്ള തൊഴിലാളികളുടെ പട്ടിക പ്രകാരം ജില്ലാ ഭരണകൂടമാണ് ഇവര്‍ക്ക് യാത്രാനുമതി നല്‍കിയത്. വിവിധ ക്യാമ്പുകളില്‍ കഴിയുന്ന തൊഴിലാളികളെ രാവിലെ ഏഴ് മണിക്ക് മുമ്പായി പ്രത്യേകം ഏര്‍പ്പെടുത്തിയ കെ.എസ്.ആര്‍.ടി.സി ബസുകളിലാണ് അതത് താലൂക്കുകളിലെ ആരോഗ്യ പരിശോധനാ കേന്ദ്രങ്ങളില്‍ എത്തിച്ചത്. തിരൂര്‍ താലൂക്കില്‍ പുത്തനത്താണി ബസ്സ്റ്റാന്റ്, തിരൂര്‍ ബസ് സ്റ്റാന്റ് എന്നിവിടങ്ങളിലാണ് ആരോഗ്യ പരിശോധന നടത്തിയത്. പെരിന്തല്‍മണ്ണ താലൂക്കിലുള്ളവര്‍ക്ക് മൗലാനാ ആസ്പത്രിക്കു സമീപമുള്ള സെന്‍ട്രല്‍ ജി.എം.എല്‍.പി സ്‌കൂളിലും കൊണ്ടോട്ടി താലൂക്കില്‍ മേലങ്ങാടി ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളിലുമായിരുന്നു ആരോഗ്യ പരിശോധന.
തിരൂരങ്ങാടി താലൂക്കില്‍ തിരൂരങ്ങാടി ഗവ. ഹൈസ്‌കൂള്‍, വേങ്ങര ഗവ. വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ എന്നീ രണ്ട് കേന്ദ്രങ്ങളിലും അതിഥി തൊഴിലാളികളുടെ ആരോഗ്യ പരിശോധന
നടത്തി.