വടകരയില്‍ അതീവ ജാഗ്രത; ഗതാഗത നിയന്ത്രണം

കോവിഡ് റിപ്പോര്‍ട്ട് ചെയ്ത മേഖലയെ കണ്ടെയ്‌മെന്റ് സോണാക്കിയതിനെ തുടര്‍ന്ന് ഒന്തം മേല്‍പ്പാലം അടച്ചപ്പോള്‍

വടകര: കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ച തുണേരി സ്വദേശിയായ മത്സ്യ മൊത്തക്കച്ചവടക്കാരനും സൂഹൃത്ത് ധര്‍മ്മടം സ്വദേശിയുടെയും സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട വടകര താഴെ അങ്ങാടിയിലെ 3 വാര്‍ഡുകള്‍ പൂര്‍ണ്ണമായും അടച്ചു. ഇവരുമായി നേരിട്ട് ഇടപഴകിയ ഒരു കുടുംബത്തിലെ മുഴുവന്‍ അംഗങ്ങളുമുള്‍പ്പെടെ 19 പേരെ ഹോം ക്വാറന്റയിനിലാക്കി. നഗര സഭയിലെ 40, 45,46 വാര്‍ഡുകളാണ് കണ്ടോന്‍മെന്റ് സോണാക്കി പൂര്‍ണ്ണമായും അടച്ചത്.
ഇവിടെ പൊതു ഗതാഗതവും ചി്കിത്സ ആവശ്യത്തിനല്ലാതെയുള്ള ആളുകളുടെ പുറത്ത് പോക്കും നിരോധിച്ചു. ഇതിന്റെ ഭാഗമായി ഓവര്‍ ബ്രിഡ്ജിലൂടെയും കുഞ്ഞിരാമന്‍ വക്കീല്‍ പാലത്തിലൂടെയുമുള്ള ഗതാഗതം നിയന്ത്രിച്ചിട്ടുണ്ട്.
വ്യാപാര സ്ഥാപനങ്ങളുടെ പ്രവര്‍ത്തന സമയവും പുനക്രമീകരിച്ചിട്ടുണ്ട്. അവശ്യ സാധനങ്ങള്‍ക്ക് ആര്‍.ആര്‍.ടി മാരുടെ സേവനവും ഹോം ഡെലിവറിയും ഏര്‍പ്പെടുത്തി. ഇവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ട പത്തോളം പേര്‍ കൂടി ഉണ്ടാകുമെന്നാണ് ആരോഗ്യ വകുപ്പിന്റെ കണക്കു കൂട്ടല്‍. കഴിഞ്ഞ 25 നാണ് ഇവര്‍ താഴെ അങ്ങാടിയിലെ മത്സ്യമൊത്ത വിതരണ കേന്ദ്രത്തിലും വലിയ വളപ്പിലും അഴിത്തലയിലും എത്തിയത്. ഒരു സ്ഥലത്തും വാഹനത്തില്‍ നിന്ന് ഇറങ്ങിയിട്ടില്ലെന്ന് ഇവര്‍ പറയുന്നുണ്ടെങ്കിലും ആരോഗ്യ പ്രവര്‍ത്തകര്‍ ഇത് മുഖവിലക്കെടുത്തിട്ടില്ല.
പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പ്രാഥമിക സമ്പര്‍ക്ക പട്ടികയിലുള്ളവരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരുടെ സമ്പര്‍ക്കപട്ടിക ഉണ്ടാക്കാനുള്ള ശ്രമത്തിലാണ് ആരോഗ്യ പ്രവര്‍ത്തകര്‍. മൂന്ന് വാര്‍ഡുകളാണ് അടച്ചതെങ്കിലും ഒന്തം മേല്‍പ്പാലവും കുഞ്ഞിരാമന്‍ വക്കീല്‍ പാലവും അടച്ചതോടെ താഴെഅങ്ങാടി പൂര്‍ണ്ണമായും അടച്ച പ്രതീതിയാണുള്ളത്. അതേ സമയം എം.യു.എം ഹയര്‍സെക്കന്ററിയില്‍ ഇന്നലെ നടന്ന ഹയര്‍ സെക്കന്ററി പരീക്ഷകള്‍ മുടക്കമില്ലാതെ നടന്നു.