
ലോക്ക്ഡൗണില്‍ ഡൗണായില്ല
മട്ടന്നൂര്‍: ലോക്ക്ഡൗണ്‍ കാലത്ത് പുറത്ത് ഇറങ്ങാനും ജോലിക്ക് പോകാനും കഴിയാതായെങ്കിലും വെറുതെ ഇരുന്നില്ല അനീഷും കുടുംബവും. മട്ടന്നൂര്‍ ചാലോട് ഗോവിന്ദാം വയല്‍ ക്ഷേത്രത്തിന് സമീപത്തെ വികെ അനീഷും കുടുംബവുമാണ് ലോക്ക്ഡൗണില്‍ വീട്ടിലിരുന്ന് സമയം കളയാതെ സ്വന്തമായി കിണര്‍ നിര്‍മിച്ചത്.
ചെങ്കല്ല് ലോഡിംഗ് തൊഴിലാളിയായ അനീഷ് പുതുതായി നിര്‍മിക്കുന്ന വീടിനോട് ചേര്‍ന്നാണ് കുടുംബത്തിന്റെയും അടുത്ത ബന്ധുക്കളുടെയും സഹായത്തോടെ കിണര്‍ നിര്‍മിച്ചത്. വീട് നിര്‍മിക്കുമ്പോള്‍ കിണര്‍ നിര്‍മ്മിക്കുന്നതിന് ശ്രമം തുടങ്ങിയെങ്കിലും കിണറിന് കണ്ടു വച്ച സ്ഥലത്ത് പാറയായിരുന്നു. എന്നാല്‍ ഇത് കംപ്രസര്‍ വച്ചു പൊട്ടിച്ച് നീക്കം ചെയ്തു.
ഇതിനിടെ ലോക്ക്ഡൗണെത്തിയതോടെ വെറുതെയിരിക്കാന്‍ അനീഷ് തയാറായില്ല. അനീഷും ഭാര്യ സിന്ധുവും ഈ കാര്യം ബന്ധുക്കളോട് പറഞ്ഞതോടെ അനീഷിന്റെ ഭാര്യയുടെ അമ്മ ചന്ദ്രിക, സഹോദരി ശൈലജ, ഷൈന്‍, കൃഷ്ണ രാജേഷ്, അനാമിക, അഭിനന്ദ്, സാവില്‍ രാജ്, സനല്‍രാജ് എന്നിവര്‍ സഹായത്തിനെത്തുകയായിരുന്നു. വീട്ടിലെ എല്ലാ ജോലികളും കഴിഞ്ഞ് പതിനൊന്നരയോടെയാണ് കുടുംബാംഗങ്ങള്‍ കിണര്‍ നിര്‍മാണത്തിനിറങ്ങുക.
സ്ത്രീകളും കുട്ടികളും അടക്കം മണ്ണ് കോരിയിടാനും കിണറില്‍ നിന്നുള്ള മണ്ണ് കയര്‍ കെട്ടി വലിച്ച് പുറത്തിടാനുമുണ്ടാകും. രാവിലെ തുടങ്ങിയ ജോലി വൈകിട്ട് ആറര വരെ നീളും.
20 ദിവസം മുമ്പാണ് കിണറിന്റെ പ്രവൃത്തി ആരംഭിച്ചത്. എട്ട് കോല്‍ താഴ്ച്ചയില്‍ വെള്ളം കണ്ടതോടെ സന്തോഷത്തിന്റെ ലോക്ക് പൊട്ടിച്ചിരിക്കുകയാണ് അനീഷും കുടുംബവും. രണ്ടു കോലും കൂടി കുഴിഞ്ഞാല്‍ നിര്‍മാണം പൂര്‍ത്തിയാകും. കിണറില്‍ വെള്ളമുള്ളതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് വറ്റിച്ചു രണ്ടു ദിവസത്തിനുള്ളില്‍ പ്രവൃത്തി പൂര്‍ത്തീകരിക്കാനാണ് ഇവരുടെ ശ്രമം.
കിണര്‍ കുഴിക്കുമ്പോള്‍ ആവശ്യമായ ഷീറ്റുകളും സഹായങ്ങളും അയല്‍വാസിയായ നിയാസാണ് എത്തിച്ചത്.