വിട്ടുകൊടുക്കുന്നില്ല; വെയിലും മഴയുമേറ്റ് വാഹനങ്ങള്‍ നശിക്കുന്നു

ശ്രീകണ്ഠപുരം: ലോക് ഡൗണ്‍ സമയത്ത് പോലീസ് പിടികൂടിയ പല വാഹനങ്ങളും പൊലീസ് സ്‌റ്റേഷനില്‍ വെയിലും മഴയുമേറ്റഅ നശിക്കുന്നു. പിടികൂടിയ വാഹനങ്ങള്‍ക്ക് പിഴ ചുമത്തി നല്‍കണമെന്നായിരുന്നു നേരത്തെ നിര്‍ദേശം വന്നത്. ഇതേ തുടര്‍ന്ന് പലതും തിരിച്ച് നല്‍കി.
എന്നാല്‍ വാഹന ഉടമ സ്ഥലത്തില്ലാത്ത വാഹനങ്ങളാണ് സ്‌റ്റേഷനില്‍ നിന്ന് നടപടിയാവാതെ നശിക്കുന്നത്. ഉടമകളില്‍ പലരും വിദേശത്താണ്. നിലവിലെ നിയമപ്രകാരം വിട്ട് കൊടുക്കാന്‍ കഴിയില്ലെന്നാണ് പൊലീസ് പറയുന്നത്. ഒരു മാസത്തിലധികം സ്റ്റാര്‍ട്ട് ചെയ്യാതെ വെയിലില്‍ വെക്കുന്നത് വാഹനത്തിന് കേട്പാട് സംഭവിക്കാന്‍ കാരണമാവും. ഈ രീതി തുടര്‍ന്നാല്‍ കോവിഡ് നിയന്ത്രണത്തെ തുടര്‍ന്ന് വിദേശത്തുള്ള പലരുടെയും വാഹനങ്ങള്‍ നശിക്കും. നിയമത്തിന്റെ നൂലാമാലകള്‍ ഒഴിവാക്കി വാഹനം വിട്ട് കൊടുക്കാന്‍ നടപടി സ്വീകരിക്കണമെന്നാണ് ഉടമകളുടെ ആവശ്യം.