ചേരാപുരം: സൂര്യനുദിക്കുന്നതിന് മുമ്പ് തന്നെ ഗ്രാമീണ മേഖലയിലെ പഞ്ചായത്ത് പ്രസിഡന്റ് സജീവമാണ്. രാപ്പകല്‍ എന്നു തന്നെ പറയാം തിരക്കൊഴിഞ്ഞ നേരമില്ല. എങ്കിലും എന്തിനും എവിടേയും ഓടിയെത്തും. വേളം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വി.കെ അബ്ദുല്ലയാണ് നേരം വെളുക്കുന്നതിന് മുമ്പ് തന്നെ ജനങ്ങളുമായി ബന്ധപ്പെടുന്നത്. അതി രാവിലെ ചന്ദ്രിക പത്ര വിതരണമാണ്. കാലാവസ്ഥ ഏതായാലും അക്ഷരത്തെ നെഞ്ചേറ്റി അബ്ദുല്ല ചന്ദ്രിക വിതരണമാരംഭിക്കും. മൂന്ന് പതിറ്റാണ്ടോളം ഖത്തറില്‍ പ്രവാസ ജീവിതം നയിച്ച അബ്ദുല്ല അവിടയും ചന്ദ്രിക പ്രവര്‍ത്തനവുമായി പ്രവര്‍ത്തിച്ചിട്ടുണ്ട്.
ഏഴ് വര്‍ഷമായി കാക്കുനി മേഖലയില്‍ ചന്ദ്രിക വിതരണക്കാരനാണ്. നേരത്തെ സമീപ പ്രദേശത്തെ ഏജന്റായിരുന്നു, ഇവിടങ്ങളില്‍ ചന്ദ്രിക വിതരണം ചെയ്തത്. എന്നാല്‍ വിതരണത്തിന് തടസം നേരിട്ടതോടെ പതിറ്റാണ്ടുകള്‍ ചന്ദ്രിക വായിക്കുന്നവര്‍ക്ക് നിരാശയായി. ഇത് മനസിലാക്കിയ അബ്ദുല്ല വിതരണം നേരിട്ട് ഏറ്റെടുക്കുകയായിരുന്നു.
ആറ് മണിക്ക് മുമ്പ് പത്രം കിട്ടണമെന്ന് വായനക്കാര്‍ക്കൊരു നിര്‍ബന്ധമുണ്ടായിരുന്നു. ആരേയും നിരാശരാക്കാതെ പുലര്‍ച്ചെ അഞ്ചു മണിക്ക് തന്നെ കാക്കുനിയിലെത്തി ഏജന്‍സി പ്രകാരമെത്തുന്ന 140 പത്രം വീതം വെച്ച് പിന്നീട് വിതരണമാരംഭിക്കും. രണ്ട് തവണയുണ്ടായ പ്രളയത്തിലും പത്രം വിതരണം മുടങ്ങാതെ നടത്തിയിട്ടുണ്ട്. വിതരണത്തിനിടയില്‍ ലഭിക്കുന്ന വാര്‍ത്തകള്‍ ശേഖരിക്കാനും അബ്ദുല്ല തയ്യാറാകും. വിതരണത്തോടൊപ്പം സ്കീം വരിക്കാരെ കണ്ടെത്താനും അബ്ദുല്ല ശ്രമിക്കും.
പത്രവിതരണം കഴിഞ്ഞാല്‍ അബ്ദുല്ല പഞ്ചായത്ത് പ്രസിഡന്റിന്റെ തിരക്കിലാകും. പഞ്ചായത്തിലുടനീളം ഏത് പ്രശ്നത്തിനും അബ്ദുല്ല എത്തും. സംഘര്‍ഷാവസ്ഥ ഉടലെടുക്കുമ്പോള്‍ സമാധാന സന്ദേശ വാഹകനായും. സമയത്തിലെ കൃത്യനിഷ്ഠ പാലിക്കണമെന്ന നിര്‍ബന്ധക്കാരന്‍ കൂടിയാണ് അബ്ദുല്ല. എല്ലാവരോടും ഒരേ സമീപനം സ്വീകരിക്കുന്നതിനാല്‍ പഞ്ചായത്ത് പ്രസിഡന്റ് ആരും അംഗീകരിക്കുന്ന ഒരു ജനകീയനാണ്.