വേലന്താവളത്ത് കോവിഡ് നിബന്ധനകള്‍ അവഗണിക്കുന്നതായി പരാതി

16
വേലന്താവളം ചന്തയിലെ തിരക്ക്‌

കൊഴിഞ്ഞാമ്പാറ: വേലന്താവളം ഉഴവര്‍ ചന്തയില്‍ കോവിഡ് പ്രതിരോധ നടപടികള്‍ പച്ചക്കറി വ്യാപാരികളും കര്‍ഷകരും അവഗണിക്കുന്നതിനെതിരെ ശക്തമായ നടപടികള്‍ ഉണ്ടാവണമെന്നാവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകന്‍ കലക്ടര്‍ക്ക് പരാതി നല്‍കി. വടകരപ്പതി വേലന്താവളം കൃഷ്ണന്‍കുട്ടിയുടെ മകന്‍ പ്രേംജിത്താണ് പരാതിക്കാരന്‍. പ്രേംജിത്തും കുടുംബക്കാരുള്‍പ്പെടെ നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും ഉഴവര്‍ ചന്തക്ക് സമീപത്താണ് താമസം. ഉഴവര്‍ ചന്തയിലെത്തുന്നവര്‍ മാസ്‌ക്ക് ധരിക്കാതെയും അകലം പാലിക്കാതെ വരുന്നവര്‍ക്കെതിരെ കര്‍ശനനടപടി എടുക്കാന്‍ കലക്ടര്‍ ഇക്കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. കോവിഡ് കരുതല്‍ നടപടികള്‍ പാലിക്കുന്നില്ലെങ്കില്‍ ചന്ത നിര്‍ത്തുവാന്‍ വടകരപ്പതി പഞ്ചായത്ത് സെക്രട്ടറിക്ക് തീരുമാനമെടുക്കാനും കലക്ടര്‍ ചുമതലപ്പെടുത്തിയിരുന്നു. എന്നാല്‍ ഇതിനു ശേഷവും ചന്ത നടത്തുന്ന പച്ചക്കറി ഏജന്‍സികള്‍ പോലും മാസ്‌ക് ഉപയോഗിക്കുന്നില്ല. ചന്തയിലെത്തുന്ന കര്‍ഷകരെ മാസ്‌ക് ധരിക്കാന്‍ നിര്‍ബന്ധിക്കുന്നുമില്ല. മാത്രമല്ല ചന്തയില്‍ പച്ചക്കറി വാങ്ങാന്‍ എത്തുന്ന ഭൂരിപക്ഷം വരുന്ന ഇടത്തരവ്യാപാരികളും മാസ്‌ക്ക് ഉപയോഗിക്കുന്നുമില്ല. ഇവര്‍ അകലം പാലിക്കുന്ന കാര്യത്തിലും തീര്‍ത്തും വ്യവസ്ഥ ലംഘിക്കുന്നു. ഉഴവര്‍ചന്ത സ്ഥലത്തിനു സമീപത്തായി മുപ്പതില്‍ കൂടുതല്‍ വ്യാപാരസ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഈ സ്ഥാപനങ്ങളില്‍ യാതൊരു മാനദണ്ഡവും പാലിക്കാതെയാണ് വിവിധ ആവശ്യങ്ങള്‍ക്ക് കയറി ഇറങ്ങുന്നത്. വേലന്താവളത്ത് നിന്നും തമിഴ്‌നാട്ടിലുള്‍പ്പെട്ട അഞ്ചു കിലോമീറ്റര്‍ ചുറ്റളവിലുള്ള കര്‍ഷകര്‍ കേരള സംസ്ഥാന പരിധിയിലുള്ള ഉഴവര്‍ ചന്തയിലാണ് പച്ചക്കറി വില്‍പ്പനയ്‌ക്കെത്തുന്നത്. കൊറോണ രോഗബാധിത ജില്ലയില്‍ ഉള്‍പ്പെട്ട സ്ഥലങ്ങളില്‍ നിന്നുമാണ് വേലന്താവളം ഉഴവര്‍ ചന്തയിലെത്തുന്നത്. അമ്പതുവര്‍ഷത്തിലധികമായി വേലന്താവളം ടൗണില്‍ നിരവധി പേര്‍ താമസക്കാരായുണ്ട്. മാസ്‌ക്ക് ഉപയോഗിക്കാതെ തമിഴ്‌നാനാട് കര്‍ഷകര്‍ ടൗണില്‍ വിലസുന്നത്. സ്ഥിരമായി ടൗണില്‍ താമസിക്കുന്ന കുടുംബക്കാര്‍ക്ക് തമിഴ് കര്‍ഷകരുടെ നിരുത്തരവാദ സമ്പര്‍ക്കം ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും പ്രസ്തുത വിഷയത്തില്‍ അടിയന്തര നടപടി ഉണ്ടാവണമെന്നും പൊതു പ്രവര്‍ത്തകന്‍ പ്രേംജിത്ത് കലക്ടര്‍ക്ക് നല്‍കിയ പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുകയാണ്. പരാതിയുടെ പകര്‍പ്പ് വടകരപ്പതി ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്കും നല്‍കിയിട്ടുണ്ട്.