വെള്ളിയാങ്കല്ല് റഗുലേറ്റര്‍ കംബ്രിഡ്ജ് സര്‍ക്കാര്‍ ഉണരണം: മുസ്‌ലിംലീഗ്

11
പ്രളയത്തില്‍ തകര്‍ന്ന വെളളിയാങ്കല്ല് പാലത്തിലെ അരികുഭിത്തി

തൃത്താല: പ്രളയങ്ങള്‍ തകര്‍ത്ത വെള്ളിയാങ്കല്ല് പാലത്തിന്റെ ഭിത്തികളുടെ പുനര്‍നിര്‍മ്മാണം കാലമിത്രയായിട്ടും യാതൊരു പുരോഗതിയുമില്ലാതെ ഇഴഞ്ഞുനീങ്ങുകയാണ്. ആദ്യത്തെ ടെന്‍ഡര്‍ തുക പര്യാപ്തമല്ലന്ന് കാട്ടി പ്രവര്‍ത്തനാനുമതി ലഭിച്ച കരാറുകാരന്‍ ഉപേക്ഷിച്ച പ്രവൃത്തി 2 കോടി രൂപയ്ക്ക് റീ ടെന്‍ഡര്‍ നല്‍കി എട്ട് മാസത്തോളമായിട്ടും പുനര്‍നിര്‍മ്മാണം എവിടെയും എത്തിയിട്ടില്ല. കഴിഞ്ഞ പ്രളയത്തില്‍ തൃത്താലയിലും പരിസരപ്രദേശങ്ങളിലും വെള്ളം ഇരച്ചുകയറി നാശനഷ്ടങ്ങള്‍ വ്യാപകമാകാന്‍ ഇടയായത് പാലത്തിന്റെ ഷട്ടറുകള്‍ യഥാസമയം തുറക്കാന്‍ കഴിയാത്തത് കൊണ്ടായിരുന്നു. ആകെയുണ്ടായിരുന്ന ഷട്ടറുകളില്‍ പകുതിയിലധികവും ഉയര്‍ത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നു. ഒരു ഷട്ടര്‍ വെള്ളത്തിന്റെ ശക്തമായ ഒഴുക്കില്‍ തകര്‍ന്നടിയുകയും ചെയ്തിരുന്നു.
പ്രളയത്തിനുശേഷം ദിവസങ്ങളെടുത്താണ് ബാക്കിയുള്ള ഷട്ടറുകള്‍ ക്രെയിന്‍ സംവിധാനവും ജെ.സി.ബി യും ഉപയോഗിച്ച് ഉയര്‍ത്താനായത്.
രണ്ട് പ്രളയങ്ങളിലായി സര്‍വ്വതും നഷ്ടപ്പെട്ട തൃത്താല, പരുതൂര്‍ പഞ്ചായത്തു നിവാസികള്‍ ജനകീയമായും രാഷ്ട്രീയമായും സമരങ്ങളും പ്രതിഷേധങ്ങളും നടത്തിയതിന്റെ കൂടി അടിസ്ഥാനത്തില്‍ ജില്ലയിലുള്ള മന്ത്രിമാരായ എ.കെ ബാലനും കെ. കൃഷ്ണന്‍കുട്ടിയും സ്ഥലംസന്ദര്‍ശിക്കുകയും ബന്ധപ്പെട്ട വിഷയത്തിന്റെ ഗൗരവം നേരിട്ട് മനസ്സിലാക്കുകയും ചെയ്തിരുന്നു. അടിയന്തിര പ്രാധാന്യമുള്ള വിഷയമാണിതെന്നും സത്വരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് സ്ഥലം സന്ദര്‍ശിച്ച ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി യും വി.ടി ബല്‍റാം എം.എല്‍.എ യും സര്‍ക്കാറിനോടാവശ്യപ്പെട്ടിരുന്നു. ഈ ആവശ്യം ഉന്നയിച്ച് കൊണ്ട് തൃത്താല എം.എല്‍.എ നിയമസഭയില്‍ ശ്രദ്ധക്ഷണിക്കല്‍ പ്രമേയവും കൊണ്ടുവന്നിരുന്നു. അതിന്റെ അടിസ്ഥാനത്തില്‍ 18.35 കോടി രൂപ സര്‍ക്കാര്‍ അനുവദിച്ചിരുന്നു. സിവില്‍ മെക്കാനിക്കല്‍ പ്രവൃത്തികള്‍ക്ക് വേണ്ടിയാണ് റീ ബില്‍ഡ് കേരള പദ്ധതിയില്‍ ഉള്‍പ്പെടുത്തി തുക അനുവദിച്ചത്. കടലാസുകളില്‍ കാര്യങ്ങളൊക്കെ ഭദ്രമാണെങ്കിലും രണ്ട് പ്രളയത്തില്‍ ലക്ഷങ്ങളുടെ നഷ്ടങ്ങള്‍ സംഭവിച്ച് ഭൂരിപക്ഷംപേര്‍ക്കും പതിനായിരംരൂപയുടെ നഷ്ടപരിഹാരംപോലും ലഭിച്ചിട്ടില്ല .ഈകാലവര്‍ഷവും കനത്ത രീതിയിലായിരിക്കുമെന്ന് കാലാവസ്ഥാ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടും തൃത്താല വെള്ളിയാങ്കല്ല് പാലത്തിന്റെ സൈഡ് ഭിത്തിയുടെയും ഷട്ടറുകളുടെയും അറ്റകുറ്റപ്പണികള്‍ വൈകിപ്പിക്കുന്നത് അപകടകരമായ തലത്തിലേക്ക് കാര്യങ്ങള്‍ എത്തിക്കുമെന്ന് തൃത്താല പഞ്ചായത്ത് മുസ്്‌ലിംലീഗ് കമ്മിറ്റി അറിയിച്ചു. ബന്ധപ്പെട്ട വിഷയത്തിന്റെ ഗൗരവംകണക്കിലെടുത്ത് കൊണ്ട് തൃത്താല പഞ്ചായത്ത് മുസ്്‌ലിംലീഗ് പ്രസിഡന്റ് പത്തില്‍ അലിയുടെ നേതൃത്വത്തില്‍ കഴിഞ്ഞദിവസം വീണ്ടും റഗുലേറ്റര്‍-കം-ബ്രിഡ്ജ് എഞ്ചിനിയറുടെ കാര്യാലയത്തില്‍ പോയി ജനങ്ങളുടെ ഭീതി അറിയിക്കുകയും വരുന്ന വര്‍ഷക്കാലത്തിന് മുമ്പ് ഷട്ടറുകളുടെ മെയിന്റന്‌സ് പണിയെങ്കിലും പൂര്‍ത്തീകരിക്കണമെന്ന് നേതാക്കാള്‍ ആവശ്യപ്പെട്ടു. കഴിയുന്നത്ര വേഗത്തില്‍ താത്കാലിക സൈഡ് ഭിത്തി നിര്‍മ്മാണവും ഷട്ടര്‍ റിപ്പയറിങ്ങ് ജോലികളും പൂര്‍ത്തീകരിക്കാമെന്ന് എഞ്ചിനിയര്‍ ഉറപ്പുനല്‍കിയിട്ടുണ്ടൈന്ന് നേതാക്കള്‍ അറിയിച്ചു. ജില്ലായൂത്ത്‌ലീഗ് ജോ. സെക്രട്ടറി എം.എന്‍ നവാഫ്, പഞ്ചായത്ത് യൂത്ത്‌ലീഗ് പ്രസിഡന്റ് ഖമര്‍മൊയ്തീന്‍ എം എന്‍. ഹനീഫ ചോലക്കല്‍, യു.ടി താഹിര്‍, കെ.മുഹമ്മദ് എന്നിവരും സംബന്ധിച്ചു.