ഭാര്യയുടെ മൃതദേഹം കാണാനാവാതെ വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞ് പ്രവാസി

399

അബുദാബി: പ്രിയതമയുടെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനാവാതെ പ്രവാസി വിമാനത്താവളത്തില്‍ പൊട്ടിക്കരഞ്ഞു. ഞായറാഴ്ച ദുബൈ വിമാനത്താവളത്തിലാണ് ചാനലിനു മുന്നില്‍ വികാരനിര്‍ഭരമായ രംഗം അരങ്ങേറിയത്.
സ്വന്തം ഭാര്യയുടെ മൃതദേഹം കാണാന്‍ പോകാന്‍ കഴിയാതെ ഏങ്ങലടിക്കുന്ന പ്രവാസിയുടെ പരിതാപകരമായ അവസ്ഥ കണ്ടുനിന്നവരിലും ഏറെ വിഷമമുണ്ടാക്കി. ഹൃദയാഘാതം മൂലം മരിച്ച ഭാര്യയുടെ മുഖം അവസാനമായൊന്ന് കാണാനുള്ള തന്റെ ആഗ്രഹത്തിനു മുന്നില്‍ പൊട്ടിക്കരയുന്ന രംഗമാണ് പ്രവാസി മനസ്സുകളെ നൊമ്പരപ്പെടുത്തിയത്.
പാലക്കാട് കൊല്ലങ്കോട് സ്വദേശി വിജയ കുമാറിന്റെ ഭാര്യ ഗീതയാണ് കഴിഞ്ഞ ദിവസം ഹൃദയാഘാതം മൂലം മരിച്ചത്. ശവസംസ്‌കാരത്തിനായി കുടുംബം വിജയ കുമാറിനെയും കാത്തിരിക്കുകയായിരുന്നു. കൊച്ചിയിലേക്കുള്ള വിമാനത്തില്‍ പോകാമെന്ന് കരുതിയാണ് ഇദ്ദേഹം വിമാനത്താവളത്തില്‍ എത്തിയത്. എന്നാല്‍, അവസരം കിട്ടാതെ ഇദ്ദേഹം മടങ്ങുകയായിരുന്നു.
എംബസിയില്‍ പോയെങ്കിലും തനിക്ക് യാത്ര ചെയ്യാനുള്ള അവസരം ലഭിച്ചില്ലെന്ന് ഇദ്ദേഹം പറയുന്നു. ഇത്തരത്തില്‍ നിരവധി പേര്‍ക്ക് യാത്ര ചെയ്യാനാവാത്തതിലുള്ള അനുഭവങ്ങള്‍ പറയാനുണ്ട്.