വിസാ കാലാവധി തീര്‍ന്ന് നാടുവിടുന്നവര്‍ക്ക് പിന്നീട് പ്രവേശന വിലക്കുണ്ടാവില്ല

106

ദുബൈ: വിസാ കാലാവധി തീര്‍ന്നവര്‍ പിഴ ഒഴിവാക്കി മൂന്ന് മാസത്തിനകം ഇളവ് നേടി യുഎഇ വിടുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ ഒരു തടസ്സവുമുണ്ടാവില്ലെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്റ് സിറ്റിസണ്‍ഷിപ്പ് അധികൃതര്‍ വ്യക്തമാക്കി. 2020 മാര്‍ച്ച് 1 ന് മുമ്പ് വിസാ കാലാവധി തീര്‍ന്നവര്‍ക്ക് ഇപ്പോള്‍ യുഎഇ നല്‍കിയ ഇളവ് ഉപയോഗപ്പെടുത്തി നാടുവിടുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ കഴിയില്ലെന്ന രീതിയില്‍ സംശയം വന്ന സാഹചര്യത്തിലാണ് അധികൃതര്‍ ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പിഴ ഒഴിവാക്കുകയും 2020 മെയ് 18 മുതല്‍ മൂന്ന് മാസത്തേക്ക് സ്വദേശത്തേക്ക് തിരിച്ചുപോവാനും അനുമതി നല്‍കിക്കൊണ്ട് കഴിഞ്ഞ ദിവസമാണ് യുഎഇ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഇത്തരത്തില്‍ നാടുവിടുന്നവര്‍ക്ക് പിന്നീട് തിരിച്ചുവരാന്‍ വിലക്കുണ്ടാവില്ല. എല്ലാ വിസകള്‍ക്കും പുറമെ എമിറേറ്റ്‌സ് ഐഡി, വര്‍ക്‌സ് പെര്‍മിറ്റ് എന്നിവക്കും പിഴ ഒഴിവാക്കിയിട്ടുണ്ട്. യുഎഇ എമിഗ്രേഷന്‍ നിയമപ്രകാരം ഒരാള്‍ വിസാ കാലാവധി കഴിഞ്ഞിട്ടും ഇവിടെ തുടരുകയാണെങ്കില്‍ പിഴ ചുമത്തി നാടുകടത്തുകയാണ് പതിവ്. കോവിഡ് പശ്ചാത്തലത്തിലാണ് ഇളവ് നല്‍കി നാടുവിടാന്‍ മൂന്ന് മാസം അനുവദിച്ചിരിക്കുന്നത്.