മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകള്‍ കൂടി ചേര്‍ത്ത് ‘വാം’ വാര്‍ത്താ സേവനങ്ങള്‍ വിപുലീകരിച്ചു

  പുതിയ ഭാഷകള്‍ സാംസ്‌കാരിക വൈവിധ്യത്തെ പിന്തുണക്കും. യുഎഇയുടെ സാംസ്‌കാരിക ബഹുസ്വരത ശക്തിപ്പെടുത്തും -ഡോ. സുല്‍ത്താന്‍

  ദുബൈ: മലയാളം ഉള്‍പ്പെടെ അഞ്ചു ഭാഷകള്‍ കൂടി ചേര്‍ത്ത് യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സിയായ ‘വാം’ വാര്‍ത്താ സേവനങ്ങള്‍ വിപുലീകരിച്ചു.
  മലയാളം കൂടാതെ, ശ്രീലങ്കന്‍ (സിംഹള), ഇന്തോനേഷ്യന്‍, ബംഗാളി, പഷ്തു എന്നീ ഭാഷകള്‍ കൂടിയാണ് എമിറേറ്റ്‌സ് ന്യൂസ് ഏജന്‍സിയുടെ (വാം) വെബ് പോര്‍ട്ടല്‍ വിപുലീകരിച്ചിരിക്കുന്നത്.
  ഇതോടെ, ഈ ഭാഷകള്‍ സംസാരിക്കുന്ന 551 ദശലക്ഷം ആളുകളിലേക്ക് കൂടി വാം സേവനം വാഗ്ദാനം ചെയ്യുന്നു.
  യുഎഇയുടെ മാധ്യമ മേഖല വികസിപ്പിക്കാനും ശേഷി കൂട്ടാനുമുള്ള നാഷണല്‍ മീഡിയ കൗണ്‍സില്‍ (എന്‍എംസി)യുടെ കാഴ്ചപ്പാടനുസരിച്ച്, വാര്‍ത്താ സേവന വികസന പദ്ധതി നടപ്പാക്കാനുള്ള വാമിന്റെ ശ്രമങ്ങളുടെ ഭാഗമായാണ് പുതിയ ഭാഷകള്‍ ചേര്‍ത്തിരിക്കുന്നത്.
  ഈ അഞ്ച് പുതിയ ഭാഷകള്‍ കൂടി ഇപ്പോഴുള്ള 13 ഭാഷകളോട് ചേരുന്നതു വഴി, ലോകമെമ്പാടും എത്തുന്ന മാധ്യമ റിപ്പോര്‍ട്ടുകളിലൂടെ യുഎഇയുടെ സന്ദേശത്തെ കൂടുതല്‍ പ്രചരിപ്പിക്കുക, വിവിധ രാജ്യക്കാരും മതങ്ങളും തമ്മിലുള്ള സഹവര്‍ത്തിത്വത്തിന്റെ അന്താരാഷ്ട്ര മാതൃകയായി അതിന്റെ വിശിഷ്ട ആഗോള പദവി നിലനിര്‍ത്തുക തുടങ്ങിയവയാണ് വാര്‍ത്താ ഏജന്‍സി ലക്ഷ്യമിടുന്നതെന്ന് എന്‍എംസി ചെയര്‍മാന്‍ ഡോ. സുല്‍ത്താന്‍ ബിന്‍ അഹമ്മദ് അല്‍ ജാബര്‍ പറഞ്ഞു. ”ആഗോള മാധ്യമ മേഖലയില്‍ സംഭവിച്ച മാറ്റങ്ങളുടെ വെളിച്ചത്തില്‍, യുഎഇയുടെ മാധ്യമ മേഖലയെ വികസിപ്പിക്കാനും അതിന്റെ പ്രാദേശികവും അന്തര്‍ദേശീയവുമായ സ്ഥാനം ശക്തിപ്പെടുത്താനുമുള്ള ഞങ്ങളുടെ കാഴ്ചപ്പാടിനും അഭിലാഷത്തിനും അനുസൃതമായാണ് ഈ പുതിയ ഭാഷകളുടെ കൂട്ടിച്ചേര്‍ക്കല്‍. 18 ഭാഷകളില്‍ വാര്‍ത്താ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നതിലൂടെ ലോകമെമ്പാടുമുള്ള കൂടുതല്‍ ആളുകളിലേക്ക് എത്തിച്ചേരുന്ന, ഞങ്ങളുടെ മൂല്യങ്ങളും ദേശീയ താല്‍പര്യങ്ങളും പ്രതിഫലിപ്പിക്കുന്ന, പുതിയ ആശയ വിനിമയ ചാനലുകള്‍ സൃഷ്ടിക്കാന്‍ ഞങ്ങള്‍ ലക്ഷ്യമിടുന്നു” -അദ്ദേഹം വ്യക്തമാക്കി.
  കൊറോണ വൈറസ് പകര്‍ച്ചവ്യാധി മൂലം ലോകം അഭിമുഖീകരിക്കുന്ന നിലവിലെ സാഹചര്യങ്ങളില്‍ ”അറിവ് പരിരക്ഷിക്കുകയും തെറ്റായ വാര്‍ത്തകളോട് പോരാടുകയും ചെയ്യേണ്ടതുണ്ട്. അതിനാലാണ് വാമിന്റെ വാര്‍ത്താ സേവനങ്ങളുടെ വ്യാപ്തി വര്‍ധിപ്പിക്കുന്നത് കൃത്യതയും വിശ്വാസ്യതയുമുള്ള ആധികാരിക വാര്‍ത്താ ഉറവിടങ്ങള്‍ക്ക് നല്‍കുന്ന പിന്തുണയാകുന്നത്” എന്നും ഡോ. സുല്‍ത്താന്‍ കൂട്ടിച്ചേര്‍ത്തു.
  പുതിയ ഭാഷകള്‍ സാംസ്‌കാരിക വൈവിധ്യത്തെ പിന്തുണക്കുകയും യുഎഇയുടെ സാംസ്‌കാരിക ബഹുസ്വരതയെ ശക്തിപ്പെടുത്തുകയും ചെയ്യുമെന്ന് അദ്ദേഹം പ്രത്യാശിച്ചു.
  കൂടുതല്‍ ജനവിഭാഗങ്ങളിലേക്ക് എത്തിപ്പെടാന്‍ പുതിയ ചാനലുകളും ഉപകരണങ്ങളും സൃഷ്ടിക്കാനുള്ള പദ്ധതിളോടൊപ്പം, ഉള്ളടക്കത്തിന്റെ നിലവാരം മികച്ചതാക്കാനും പ്രാദേശിക-അന്തര്‍ദേശീയ സാന്നിധ്യമായി മാറിയ യുഎഇയുടെ യശസ്സുയര്‍ത്താനും തങ്ങളുടെ സേവനങ്ങള്‍ മെച്ചപ്പെടുത്തുന്നത് തുടരുകയാണെന്ന് അദ്ദേഹം ഊന്നിപ്പറയുകയും ചെയ്തു.