
നിഷാദ്
ഫുജൈറ: കോവിഡ് കാല കാരുണ്യ പ്രവര്‍ത്തനങ്ങളില്‍ ശ്രദ്ധേയമാവുകയാണ് വയനാട് ഗ്ളോബല്‍ കെഎംസിസി. ജീവ കാരുണ്യ പ്രവര്‍ത്തകരുടെ പട്ടികയില്‍ പ്രവാസി കുടുംബങ്ങള്‍ ഉള്‍പ്പെട്ടിരുന്നില്ല നാളിതുവരെ. എന്നാല്‍, കൊറോണ മൂലം ദുരിതത്തിലായ വയനാട് ജില്ലയിലെ ആയിരക്കണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് കൈത്താങ്ങായിരിക്കുകയാണ് വയനാട് ഗ്ളോബല്‍ കെഎംസിസി കമ്മിറ്റി.
ജില്ലയിലെ 2500ഓളം പ്രവാസി കുടുംബങ്ങള്‍ക്ക് അവശ്യ സാധനങ്ങള്‍ അടങ്ങിയ ഭക്ഷ്യ കിറ്റ് വിതരണം ചെയ്താണ് ഈ സംഘടന കാരുണ്യ പ്രവര്‍ത്തനത്തിന്റെ പുതിയ മുഖം തീര്‍ത്തിരിക്കുന്നത്. വയനാട് ജില്ലയിലെ മുഴുവന്‍ പഞ്ചായത്തുകളിലെയും ദുരിതമനുഭവിക്കുന്ന നൂറുകണക്കിന് പ്രവാസി കുടുംബങ്ങള്‍ക്ക് ആശ്വാസത്തിന്റെ കൈത്താങ്ങുമായാണ് പ്രവര്‍ത്തന വീഥിയില്‍ ഗ്ളോബല്‍ കെഎംസിസി വയനാട് മുന്നിട്ടിറങ്ങിയത്.കോവിഡ് മഹാമാരിയില്‍ പ്രവാസി കുടുംബങ്ങള്‍ സ്തംഭിച്ചു നിന്നപ്പോള്‍ കൃത്യമായ ആസൂത്രണം നടത്തിയാണ് സംഘം സേവന പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്. ‘പ്രവാസികള്‍ക്കൊരു കൈത്താങ്ങ്’ എന്ന ശീര്‍ഷകത്തില്‍ റമദാന് ആദ്യ പകുതിയില്‍ വ്യവസ്ഥാപിതമായ രീതിയില്‍ ഒരു കാമ്പയിന് ആചരിച്ചു. ജിസിസിയിലെ മുഴുവന്‍ രാജ്യങ്ങളിലെയും അംഗങ്ങളുടെ സജീവ സാന്നിധ്യവും മികവുറ്റ നേതൃപാടവവുമാണ് ഈ കൂട്ടായ്മയെ വ്യതിരിക്തമാക്കുന്നത്. കേവലം രണ്ടാഴ്ചകള്‍ കൊണ്ടാണ് ഈ ദുരിത കാലത്ത് ഇത്രയും വലിയ പദ്ധതി വിജയിപ്പിച്ചെടുത്തത്. അതിനായി സ്വദേശത്തെയും വിദേശത്തെയും സാമൂഹിക-സാംസ്കാരിക-ജീവകാരുണ്യ പ്രവര്‍ത്തകരെ സമയോചിതമായി സംഘടനയുടെ വാട്സാപ്പ് ഗ്രൂപ്പിലെ വിവിധ ഓണ്‍ലൈന്‍ മീറ്റുകളില്‍ അതിഥികളായി കൊണ്ടുവന്നു ഈ പദ്ധതിയുടെ ഭാഗമാക്കി. വ്യത്യസ്ത ദിവസങ്ങളില്‍ ഗ്ളോബല്‍ കെഎംസിസി ഓണ്‍ലൈന്‍ പരിപാടികളില്‍ പങ്കെടുത്ത് സഹായിച്ചവരില്‍ യുഎഇ ഉള്‍പ്പെടെയുള്ള ജിസിസി രാജ്യങ്ങളിലെ കെഎംസിസി നേതാക്കളുമുണ്ട്. ദുബൈ വനിതാ കെഎംസിസിയുടെ സഹകരണവും ഈ പദ്ധതിക്കുണ്ടായി. നിലവിലെ പ്രത്യേക സാഹചര്യം കണക്കിലെടുത്ത് ആയിരം കുടുംബങ്ങളെ സഹായിക്കുക എന്നതായിരുന്നു കമ്മിറ്റിയുടെ തീരുമാനം. എന്നാല്‍, മുസ്ലിം ലീഗ് ജില്ല കമ്മിറ്റി വഴി മണ്ഡലങ്ങള്‍ തിരിച്ചുള്ള സഹായമെത്തിക്കേണ്ടവരുടെ കണക്കെടുത്തപ്പോള്‍ 1,000 കിറ്റുകള്‍ എന്നത് ഇരട്ടിയായി വര്‍ധിപ്പിക്കാന്‍ ഗ്ളോബല്‍ കെഎംസിസി തീരുമാനിച്ചു. പ്രാര്‍ത്ഥനയും ശുഭപ്രതീക്ഷയുമായി കമ്മിറ്റി രംഗത്തിറങ്ങിയപ്പോള്‍ സുമനസ്സുകളുടെ സഹായ സ്തങ്ങള്‍ വന്നു തുടങ്ങുകയായിരുന്നെന്ന് സംഘാടകര്‍ പറഞ്ഞു. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത പ്രവാസി സമൂഹം കാണിക്കുന്ന സ്നേഹവും പ്രോല്‍സാഹനവുമാണ് ഇത്തരത്തിലുള്ള സംരംഭങ്ങള്‍ക്ക് നേതൃത്വം കൊടുക്കാന്‍ ഗ്ളോബല്‍ കെഎംസിസിയെ പ്രാപ്തമാക്കിയതെന്നും സുമനസ്സുകള്‍ കാണിച്ചു കൊണ്ടിരിക്കുന്ന സഹകരണവും പിന്തുണയുമാണ് തങ്ങളുടെ ഊര്‍ജവും കരുത്തുമെന്നും വയനാട് ഗ്ളോബല്‍ കെഎംസിസി പ്രസിഡണ്ട് മജീദ് മടക്കിമല പറഞ്ഞു. സാമൂഹിക പ്രവര്‍ത്തനത്തിന്റെ വിവിധ തലങ്ങളെ കുറിച്ച മികച്ച ധാരണയും അറിവും സാമൂഹിക സേവന മേഖലയില്‍ വളരെ അനിവാര്യമാണ്. വ്യക്തികളുടെ പ്രശ്നങ്ങള്‍ക്ക് താത്കാലിക സാമ്പത്തിക പരിഹാരം നല്കല് മാത്രമല്ല സാമൂഹിക സേവനം. വ്യക്തികളുടെ പ്രശ്നങ്ങളും ആവശ്യങ്ങളും സാഹചര്യങ്ങളും മനസ്സിലാക്കി അവരുടെ പ്രശ്നത്തെ സ്വന്തം പ്രശ്നമായി മനസ്സിലാക്കി അവരെ സഹായിക്കാന്‍ സാധിക്കുമ്പോഴാണ് സേവന പ്രവര്‍ത്തനങ്ങളുടെ ലക്ഷ്യം പൂര്ത്തീകരിക്കപ്പെടുകയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജില്ലയിലെ അതത് പഞ്ചായത്തു മുസ്ലിം ലീഗ് കമ്മിറ്റികള്‍ തയാറാക്കിയ തീര്‍ത്തും അര്‍ഹരായ കുടുംബങ്ങള്‍ക്ക് മണ്ഡലം കമ്മിറ്റി മുഖേനയാണ് ഭക്ഷണ കിറ്റുകള്‍ വിതരണം നടത്തിയത്. വയനാട് മുസ്ലിം യതീഖാനയില്‍ കഴിഞ്ഞ ദിവസം നടന്ന കിറ്റ് വിതരണോദ്ഘാടനത്തില്‍ വയനാട് ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് പി.പി.എ കരീം, ജന.സെക്രട്ടറി കെ.കെ അഹ്മദ് ഹാജി, ട്രഷറര്‍ എം.എ മുഹമ്മദ് ജമാല്‍ സാഹിബ്, ഗ്ളോബല്‍ കെഎംസിസി ജന.സെക്രട്ടറി കെ.സി അസീസ് കോറോം, ട്രഷറര്‍ ഹംസക്കുട്ടി നായിക്കെട്ടി, കോഓര്‍ഡിനേറ്റര്‍ കെ.കെ ഹനീഫ തുടങ്ങിയവര്‍ സംബന്ധിച്ചു. കാരുണ്യം, സ്നേഹം, സാന്ത്വനം, സമാശ്വാസം തുടങ്ങിയ ഭംഗിയുള്ള വാക്കുകളുടെ അര്‍ത്ഥ വ്യാപ്തി പ്രവര്‍ത്തനത്തിലൂടെ തെളിയിച്ചു കൊണ്ടിരിക്കുകയാണ് വയനാട് ഗ്ളോബല്‍ കെഎംസിസി.
സാമൂഹിക സേവന രംഗത്താണ് യഥാര്‍ത്ഥത്തില്‍ കേരള മോഡല്‍ പടുത്തുയര്‍ത്തപ്പെട്ടിട്ടുള്ളത്. അതില്‍ തന്നെ കെഎംസിസിയുടെ പങ്ക് ഇതിനകം ഭരണകൂടം പോലും പുരസ്കരിച്ചതാണ്. കേരളത്തിന്റെ സാമൂഹിക സൗഹാര്‍ദവും ഉയര്‍ന്ന മാനവിക ബോധവും പുരോഗതിയുമൊക്കെ നിര്‍ണയിക്കുന്നതില്‍ കലര്‍പ്പില്ലാത്ത ഈ സേവന സംസ്കാരത്തിന് വലിയ പങ്കുണ്ട്. പ്രയാസപ്പെടുന്നവനെ സഹായിക്കുന്നതില്‍ മത്സര ത്വരയുള്ള സമൂഹമാണ് കേരളീയരെന്ന് പറയാം. ക്രൗഡ് ഫണ്ടിംഗും സിഎസ്ആറും പാട്ടപ്പിരിവും പള്ളിപ്പിരിവും തെരുവില്‍ പാട്ട് പാടി ഓപറേഷന് ലക്ഷക്കണക്കിന് രൂപ സ്വരൂപിക്കുന്ന സാധാരണക്കാരനും സ്വന്തം പണക്കുടുക്ക പൊട്ടിച്ചു പ്രയാസപ്പെടുന്നവന് ആശ്വാസമേകുന്ന കുഞ്ഞുമക്കളുമെല്ലാം സേവന സംസ്കാരത്തെ കേരളത്തിന്റെ മണ്ണിലും മനസ്സിലും വിളക്കിച്ചേര്‍ത്ത കണ്ണികളാണ്. ഏതാണ്ട് ഒരു വര്‍ഷം മുന്‍പ് രൂപീകൃതമായ വയനാട് ഗ്ളോബല്‍ കെഎംസിസി ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ് നടന്നു വരുന്നത്.