രണ്ടര ലക്ഷം പേര്‍ക്ക് സൗകര്യമെവിടെ? പ്രവാസികള്‍ ക്വാറന്റീന്‍ പണം നല്‍കണമെന്ന സര്‍ക്കാര്‍ തീരുമാനം ലജ്ജാകരം: ദുബൈ കെഎംസിസി

77

ദുബൈ: ഭീതിദമായ രോഗ ചുറ്റുപാടില്‍ പ്രതീക്ഷ തേടി നാടയണാനെത്തുന്ന പാവം പ്രവാസികള്‍ തങ്ങളുടെ ക്വാറന്റീന്‍ ചാര്‍ജ് സ്വയം വഹിക്കണമെന്ന കേരള സര്‍ക്കാര്‍ തീരുമാനം അങ്ങേയറ്റം ലജ്ജാകരമാണെന്ന് ദുബൈ കെഎംസിസി സംസ്ഥാന കമ്മിറ്റി അഭിപ്രായപ്പെട്ടു. നേരത്തെ മുഖ്യമന്ത്രിയും പല മന്ത്രിമാരും പ്രവാസികള്‍ നാടിന്റെ സത്താണ്, സ്വത്താണ്, അവര്‍ക്ക് വേണ്ടി രണ്ടര ലക്ഷം ക്വാറന്റീന്‍ സ്‌പേസുകള്‍ ഏര്‍പ്പാടാക്കിയിട്ടുണ്ട് എന്നെല്ലാം പറഞ്ഞത് ആരും മറന്നിട്ടില്ല. രണ്ടര ലക്ഷത്തിന്റെ 10 ശതമാനത്തില്‍ താഴെ മാത്രമാണ് പ്രവാസികള്‍ നാട്ടിലെത്തിയതെന്ന് പ്രത്യേകം ഓര്‍ക്കണം. രോഗാവസ്ഥയിലും തുടര്‍ന്നും വലിയ തോതില്‍ സൗകര്യങ്ങള്‍ പ്രവാസികള്‍ക്ക് യുഎഇ ഉള്‍പ്പെടെ ഗള്‍ഫ് രാജ്യങ്ങളില്‍ ലഭിച്ചു കൊണ്ടിരിക്കുന്നുണ്ട്. ഐസൊലേഷനും ക്വാറന്റീനും ഭക്ഷണവും മലയാളികള്‍ അടക്കമുള്ളവര്‍ക്ക് ദുബൈ ഗവണ്‍മെന്റും നല്‍കി വരുന്നു. ഇതിനിടക്കാണ് ദുരിതം പേറുന്നവരും നിസ്സഹായരുമായ മനുഷ്യര്‍ പ്രതീക്ഷയോടെ സ്വന്തം നാട്ടിലേക്ക് തിരിക്കുന്നത്. നാട്ടിലെത്തുന്ന പ്രവാസി നിരീക്ഷണ-താമസ വാടക സ്വന്തമായി വഹിക്കണ മെന്നാണ് സഖാവ് പിണറായി പറയുന്നത്. ജോലി തേടിപ്പോയ രാജ്യത്ത് ലഭിക്കുന്ന പരിഗണന പോലും മാതൃരാജ്യത്ത് നിഷേധിക്കപ്പെടുന്നത് അംഗീകരിക്കാനാവില്ല. ഗള്‍ഫില്‍ വന്ന് സമ്പന്ന വര്‍ഗത്തെ വിളിച്ച് പ്രഖ്യാപനങ്ങള്‍ തട്ടിവിടുന്ന മുഖ്യന്‍, പോയ കാലത്ത് ദുബൈയിലെത്തി നടത്തിയ പ്രഖ്യാപനങ്ങള്‍ എന്തൊക്കെയായിരുന്നുവെന്ന് പരിശോധിക്കണമെന്നും ക്വാറന്റീന്‍ വിഷയത്തിലെ തന്റെ നിലപാട് പിന്‍വലിച്ച് പ്രവാസി സമൂഹത്തോട് മാപ്പ് പറയണമെന്നും യോഗം ആവശ്യപ്പെട്ടു.
കോവിഡ് ദുരന്ത മുഖത്ത് കെഎംസിസി വളണ്ടിയര്‍ വിഭാഗവും വിവിധ ജില്ലാ-മണ്ഡലം കമ്മിറ്റികളും നടത്തിയ സേവനങ്ങളെ ഭാരവാഹികളുടെ യോഗം അഭിനന്ദിച്ചു. അടിയന്തിരമായി നാട്ടിലെത്തേണ്ടവര്‍ക്കായി കെഎംസിസി ചാര്‍ട്ടര്‍ ചെയ്യുന്ന ഫ്‌ളൈറ്റുകളുടെ കൂടുതല്‍ വിവരങ്ങള്‍ വരുംദിവസങ്ങളില്‍ അറിയിക്കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. മണ്ഡലം-ജില്ലാ-സംസ്ഥാന കമ്മിറ്റികള്‍ മുഖേന യാത്രക്കാരുടെ രജിസ്‌ട്രേഷന്‍ പുരോഗമിച്ചു വരുന്നുണ്ട്.
കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു നടന്ന യോഗത്തില്‍ സംസ്ഥാന ആക്ടിംഗ് പ്രസിഡന്റ് മുസ്തഫ വേങ്ങര അധ്യക്ഷത വഹിച്ചു. ജന.സെക്രട്ടറി മുസ്തഫ തിരൂര്‍ സ്വാഗതം പറത്തു. ട്രഷറര്‍ പി.കെ ഇസ്മായില്‍, ഓര്‍ഗ.സെക്രട്ടറി ഹംസ തൊട്ടി, സീനിയര്‍ സെക്രട്ടറി അഡ്വ. സാജിദ് അബൂബക്കര്‍, അഡ്വ. ഇബ്രാഹിം ഖലീല്‍, മുഹമ്മദ് പട്ടാമ്പി, എന്‍.കെ ഇബ്രാഹിം, ആവയില്‍ ഉമര്‍ഹാജി, ഒ.മൊയ്തു, കെ.പി.എ സലാം, യൂസുഫ് മാസ്റ്റര്‍ പാലക്കാട്, ഹനീഫ് ചെര്‍ക്കള, അബ്ദുല്‍ ഖാദര്‍ അരിപ്പാമ്പ്ര, നിസാമുദ്ദീന്‍ കൊല്ലം, മജീദ് മടക്കിമല, ശുക്കൂര്‍ എറണാകുളം, ഫറൂഖ് പട്ടിക്കര ചര്‍ച്ചയില്‍ പങ്കെടുത്തു.