കാട്ടിലേക്ക് തുരത്തിയ ആനകള്‍ വീണ്ടും ആറളം ഫാമിലെത്തി; തൊഴിലാളികള്‍ ഭീതിയില്‍

8
കാട്ടാനക്കൂട്ടം റോഡരികിലെ മരങ്ങള്‍ നശിപ്പിച്ച നിലയില്‍

ഇരിട്ടി: കാട്ടിലേക്ക് തുരത്തിയ കാട്ടാനകള്‍ വീണ്ടും ആറളം ഫാമിലേക്ക് കൂട്ടമായി തിരിച്ചെത്തി. ഇതോടെ ഫാമിലെ തൊഴിലാളികള്‍ ഭീതിയിലായി. വനാതിര്‍ത്തിയില്‍ സ്ഥാപിച്ച ട്രഞ്ചും ആനമതിലും തകര്‍ത്താണ് ആനക്കൂട്ടം ഫാമിലേക്ക് തിരികെ പ്രവേശിച്ചതെന്ന് വനം വകുപ്പ അധികൃതര്‍ പറഞ്ഞു. ഒരാഴ്ച്ച മുമ്പാണ് നീണ്ട ശ്രമത്തിനൊടുവില്‍ 19 ആനകളെ ഫാമില്‍ നിന്ന് വനത്തിലേക്ക് വളരെ സാഹസപ്പെട്ട് തുരത്തിയത്.
ആനകള്‍ തിരികെ പ്രവേശിക്കാതിരിക്കാന്‍ വനാതിര്‍ത്തിയില്‍ വാച്ചര്‍മാരെ 24 മണിക്കൂറും നിരീക്ഷണത്തിന് നിര്‍ത്തുമെന്ന് വനംവകുപ്പ് അറിയിച്ചിരുന്നു. അധികൃതരുടെ കണ്ണ് വെട്ടിച്ച് ഫാം പുരധിവാസ മേഖലയോട് ചേര്‍ന്ന കോട്ടപ്പാറ വഴിയാണ് ആനകള്‍ തിരികെ പ്രവേശിച്ചത്. വനാതിര്‍ത്തിയില്‍ ട്രഞ്ചും ട്രഞ്ചിനോട് ചേര്‍ന്ന് കരിങ്കല്‍ ഭിത്തിയും സ്ഥാപിച്ചിരുന്നു. ഭിത്തി തകര്‍ത്ത് ട്രഞ്ച് മൂടിയാണ് ഫാമിലേക്ക് പ്രവേശിച്ചത്.
ഫാമിലെ ഒന്നാം ബ്ലോക്കില്‍ കടന്ന ആനക്കൂട്ടം മേഖലയില്‍ വ്യാപകമായ നാശം വരുത്തി. രണ്ടാഴ്ച്ച മുമ്പാണ് ഫാമില്‍ ജോലിക്കെത്തിയ സെക്യൂരിറ്റി ജീവനക്കാരനെ കാട്ടാന ചവിട്ടിക്കൊന്നത്. പ്രതിഷേധത്തിനൊടുവിലാണ് ആനക്കൂട്ടത്തെ ഫാമില്‍ നിന്ന് വനത്തിലേക്ക് തുരത്തിയത്. അതേസമയം ഫാമിനകത്ത് കടന്ന ആനക്കൂട്ടങ്ങളില്‍ ചിലത് കര്‍ണാടക വനത്തില്‍ നിന്ന് എത്തിയതാണെന്ന് സംശയിക്കുന്നതായും ഇവയെ കണ്ടെത്തി ഉടന്‍ വനത്തിലേക്ക് തുരത്തുമെന്നും വനം വകുപ്പ് അധികൃതര്‍ പറഞ്ഞു.