വന്യജീവിയുടെ കാല്‍പ്പാട് ഭീതിപരത്തി

14
അലനല്ലൂരില്‍ കാണപ്പെട്ട വന്യജീവിയുടെ കാല്‍പ്പാട്‌

അലനല്ലൂര്‍: അലനല്ലൂര്‍ ഗ്രാമപഞ്ചായത്തിന്റെ പല ഭാഗങ്ങളിലായി കഴിഞ്ഞ ദിവസങ്ങളില്‍ കാണപ്പെട്ട വന്യജീവിയുടെ കാല്‍പ്പാടുകള്‍ ഭീതി പരത്തി. പുലിയുടേതെന്ന് സാമ്യം തോന്നിക്കുന്ന കാല്‍പ്പാടുകളാണ് പലഭാഗങ്ങളിലും കാണപ്പെട്ടത്. അലനല്ലൂര്‍ കെ.എസ്.ഇ.ബി ഓഫീസ് പരിസരത്തെ സ്വകാര്യ വ്യക്തികളുടെ വീടിന് പരിസരത്തായാണ് വെള്ളിയാഴ്ച്ച കാല്‍പ്പാടുകള്‍ കണ്ടത്. ഇവ പുലിയൂടേതാണെന്ന് പ്രചാരണം നടന്നതോടെ ആളുകളില്‍ ഭീതി പരന്നു. തുടര്‍ന്ന് റിട്ട.വനംവകുപ്പ് ഉദ്യോഗസ്ഥര്‍ എം.ഉസ്മാന്‍ സ്ഥലത്തെത്തി പരിശോധന നടത്തി ഇവ പുലിയുടേതല്ലെന്നും പൂച്ച പുലിയുടെതാന്നെന്നും പറഞ്ഞു. കഴിഞ്ഞ രണ്ടാഴ്ച്ചക്കുള്ളിലായി എടത്തനാട്ടുകര യതീംഖാന, ചളവ തുടങ്ങിയ പ്രദേശങ്ങളിലും ഇത്തരത്തില്‍ കാല്‍പ്പാടുകള്‍ കണ്ടിരുന്നു. യതീംഖാനയിലെത്തിയ ഫോറസ്റ്റ് ഉദ്യോഗസ്ഥരും ഇത് പുലിയുടേതല്ല പൂച്ചപുലിയുടേതാണെന്ന് സ്ഥിരീകരിച്ചിരുന്നു. ആയതിനാല്‍ ജനങ്ങള്‍ ഭയപ്പെടേണ്ടതില്ലെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. വന്യജീവിയുടെ സാന്നിധ്യമുണ്ടായ സാഹചര്യത്തില്‍ വനംവകുപ്പ് പട്രോളിംഗ് ശക്തമാക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.