തച്ചമ്പാറ: കൊറോണയുടെ പുതിയ കാലഘട്ടത്തില്‍ യുവതലമുറയെ കൃഷിയിലേക്ക് ആകര്‍ഷിപ്പിക്കാനും കൃഷിയെ പ്രോത്സാഹിപ്പിക്കുന്നതിനും മുസ്ലിം യൂത്ത് ലീഗ്.
‘ആരോഗ്യപരമായ നിലനില്‍പ്പിന് കാര്‍ഷിക സംസ്കൃതിയുടെ വീണ്ടെടുപ്പ് ‘ എന്ന പ്രമേയത്തില്‍ പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റി പഞ്ചായത്തില്‍ നടപ്പിലാക്കുന്ന ‘ഹരിതം സൗഹൃദം’ പദ്ധതിയുടെ ഭാഗമായാണ് കൃഷിയിറക്കുന്നത്. യുവാക്കളെ കൃഷിയിടത്തിലെത്തിച്ച് അന്യം നിന്നുപോകുന്ന കൃഷിയെ സംരക്ഷിക്കുകയും ഭക്ഷ്യസുരക്ഷ ഉറപ്പുവരുത്തുകയും അതിലൂടെ യുവാക്കളിലെ മാനസിക പിരിമുറുക്കങ്ങള്‍ കുറക്കുകയുമാണ് ലക്ഷ്യം.
മുസ്ലിം യൂത്ത് കാഞ്ഞിരപ്പുഴ പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കെ.എം.സി.സിയുമായി സഹകരിച്ച് കല്ലാംകുഴില്‍ രണ്ടര ഏക്കറോളം വരുന്ന സ്ഥലത്താണ് കൃഷിയിറക്കുന്നത്. ആദ്യഘട്ടത്തില്‍ കപ്പയും പിന്നീട് ഇടവിളയായി വെണ്ട, പച്ചമുളക്, തക്കാളി തുടങ്ങിയവയും കൃഷി ചെയ്യാനാണ് പദ്ധതി. കെ.എം.സി.സി നേതാവായ അബ്ദുള്‍ വഹാബിന്റെ കൃഷിയിടമാണ് ഇതിന് തിരഞ്ഞെടുത്തിരിക്കുന്നത്. പദ്ധതിയുടെ ഭാഗമായി ശാഖാ തലങ്ങളില്‍ യൂത്ത് ലീഗിന്റെ നേതൃത്വത്തില്‍ യുവാക്കളെ സംഘടിപ്പിച്ചു കാര്‍ഷിക കമ്മിറ്റികള്‍ രൂപീകരിച്ച് നെല്‍കൃഷിയടക്കമുള്ളവ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ നടപ്പിലാക്കും. മുസ്ലിം യൂത്ത് ലീഗ് ഹരിതം സൗഹൃദം പദ്ധതിയുടെ ഉദ്ഘാടനം നാളെ കല്ലാംകുഴിയിലെ കൃഷിയിടത്തില്‍ നടക്കും. മുസ്ലിംലീഗ്, യൂത്ത് ലീഗ്, കെ.എം.സി.സി ജില്ലാ മണ്ഡലം പഞ്ചായത്ത് തല നേതാക്കള്‍, വാര്‍ഡ് മെമ്പര്‍, കൃഷി ഓഫീസര്‍ പങ്കെടുക്കും.