യൂത്ത് ലീഗ് ത്രീ ഡേ മിഷന്‍: കവ്വായി കായല്‍ ഇനി മാലിന്യം തൊടാതെ ഒഴുകും

ത്രീ ഡേ മിഷന്റെ ഭാഗമായി വലിയപറമ്പ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകര്‍ മാടക്കല്‍ ബണ്ടു പരിസരം ശുചീകരിക്കുന്നു

തൃക്കരിപ്പൂര്‍: കവ്വായി കായലിനെ കാര്‍ന്നുതിന്നുന്ന മാലിന്യങ്ങള്‍ക്കെതിരെ ചെറുത്തുനില്‍പ്പായി മാറി മാടക്കാന്‍ ബണ്ട് പരിസരത്ത് യൂത്ത് ലീഗ് നടത്തിയ ത്രീ ഡേ മിഷന്‍.മൂന്നു പതിറ്റാണ്ട് മുമ്പ്‌വലിയപറമ്പ് പഞ്ചായത്തിലെ മാടക്കാലിലേക്ക് റോഡുഗതാഗതം അപ്രാപ്യമായിരുന്ന കാലത്തെ ജനങ്ങളുടെ കൈ മെയ് മറന്ന കൂട്ടായ്മയുടെ ഫലമാണ്330 മീറ്റര്‍ ദൈര്‍ഘ്യമുള്ള ഉടുമ്പുന്തല – മാടക്കാല്‍ ബണ്ട്. കവ്വായിക്കായലിലെ സ്വാഭാവിക നീരൊഴുക്കിനെ തടസ്സപ്പെടുത്തുന്നതായിരുന്നെങ്കിലും മാടക്കാല്‍, കടപ്പുറം പ്രദേശത്തെ യാത്ര ക്ലേശത്തിന് ഇത്പരിഹാരമായിരുന്നു. ക്രമേണ നീരൊഴുക്ക് നിലച്ച ബണ്ടിന് സമീപം പ്ലാസ്റ്റിക് കുപ്പികളും പായലുകളുമുള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ അടിഞ്ഞു കൂടിയതോടെ പ്രദേശത്ത് പാരിസ്ഥിതിക പ്രശ്‌നങ്ങളും രൂക്ഷമായി. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം നടത്തിയ മുന്നാം ദിന പുഴ,തോട് ശുചീകരണത്തിന്റെ ഭാഗമായി വലിയ പറമ്പ പഞ്ചായത്ത് യൂത്ത് ലീഗ് പ്രവര്‍ത്തകരുടെ പ്രവര്‍ത്തനം ശ്ലാഘനീയമായിരുന്നു. രാവിലെ ആറു മണിക്ക് തുടങ്ങിയ ബണ്ട് പരിസരത്തെ കായലോര ശുചീകരണം മണിക്കുറുകളോളം നീണ്ടു. കേവലം ഒരു മണിക്കൂറിനകം തന്നെകവ്വായിക്കായലിന്റെ കൈവഴിയില്‍ മാടക്കാല്‍ ബണ്ട് പരിസരത്ത് അടിഞ്ഞ് കൂടിയ പത്ത് ചാക്കിലേറെ പ്ലാസ്റ്റിക്ക് മാലിന്യമാണ് അവര്‍ ശേഖരിച്ചത്. ശേഖരിച്ചവ പ്ലാസ്റ്റിക്ക് ബോട്ടില്‍ ,ഗ്ലാസ്‌കുപ്പി ,തുകല്‍ മാലിന്യം എന്നിങ്ങനെ തരംതിരിച്ച് ക്ലീന്‍കേരളയുടെ സഹായത്തോടെ സംസ്‌കരണ കേന്ദ്രത്തില്‍ എത്തിക്കും. ശുചീകരണ പ്രവര്‍ത്തനത്തിന്ഗ്രാമപഞ്ചായത്തംഗം എജി അബ്ദുല്‍ ഹക്കീം, യൂത്ത് ലീഗ് വലിയപറമ്പ പഞ്ചായത്ത് പ്രസിഡന്റ് ഷരീഫ് മാടക്കാല്‍, ടിപി ഹാഷിം, കെ റഷീദ്, എജി മുഹമ്മദ്, ശുഹൈബ് ശാദുലി, സനാഹ്, എംഎ ജാബിര്‍, ശമ്മാസ്, ഹിഷാം നേതൃത്വം നല്‍കി.