അതിര്‍ത്തി കടക്കാന്‍ പൊലീസ് അനുവാദം നല്‍കിയില്ല; മൃതദേഹം ആംബുലന്‍സിലെത്തിച്ച് കാണാന്‍ മാതാവ് അനുവാദം നല്‍കി

വാഹനാപകടത്തില്‍ മരണപ്പെട്ട മകന്റെ മൃതദേഹം കാണാന്‍ കര്‍ണ്ണാടകയില്‍നിന്നെത്തിയ മാതാവും ബന്ധുക്കളും.

മാനന്തവാടി: വാഹനാപകടത്തില്‍ മരണപ്പെട്ട മകന്റെ മൃതദേഹം കാണാന്‍ കര്‍ണ്ണാടകയില്‍നിന്നെത്തിയ മാതാവിനും കുടുംബാംഗങ്ങള്‍ക്കും കേരള അതിര്‍ത്തി കടക്കാന്‍ അനുവാദം നല്‍കിയില്ല. ഒടുവില്‍ ബന്ധുക്കള്‍ ചേര്‍ന്ന് മൃതദേഹം ആംബുലന്‍സില്‍ കേരള അതിര്‍ത്തിയിലെത്തിച്ച് മാതാവിനും കുടുംബാംഗങ്ങള്‍ക്കും അന്ത്യദര്‍ശനത്തിനവസരമൊരുക്കി. അധികൃതരുടെ നടപടിയില്‍ പ്രതിഷേധമുയരുന്നു. ഞായറാഴ്ചവൈകുന്നേരം പിലാക്കാവില്‍ വെച്ചുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട പേഴുകുളത്തില്‍ ഖലീല്‍ അഹമ്മദിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കാണാനായി വരുകയായിരുന്ന ഉമ്മയും സഹോദരിയുമുള്‍പ്പെടെയുള്ള സംഘത്തിന്നാണ് അധികൃതര്‍ കേരളത്തിലേക്കുള്ള യാത്ര അനുമതി നിഷേധിച്ചത്. ഖലീല്‍ അഹമ്മദിന്റെ മാതാവ് പരേതനായ മുസ്താഖ് അഹമ്മദിന്റെ ഭാര്യ ആമിനബീ സഹോദരന്‍ സബീയുള്ള, ആമിനാബീയുടെ സഹോദരി നൂര്‍ അസ്മ, രണ്ട് ബന്ധുക്കള്‍ എന്നിവര്‍ക്ക് കേരള അതിര്‍ത്തി കടക്കുന്നതിന് അനുമതി നിഷേധിച്ചത്. മൈസൂര്‍ രാജ്‌നഗര്‍ സ്വദേശികളായ സംഘം രാവിലെ 8 മണിക്കാണ് കര്‍ണ്ണാടക ബാവലി ചെക്ക് പോസ്റ്റിലെത്തിയത്. കര്‍ണ്ണാടക സംസ്ഥാനത്തിന്റെ രണ്ട് ചെക്ക് പോസ്റ്റുകളില്‍ നിന്നുള്ള യാത്രാഅനുമതിയോടെ കേരള അതിര്‍ത്തിയായ ബാവലി ചെക്ക് പോസ്റ്റിലെത്തിയപ്പോഴാണ് തടഞ്ഞത്. കേരള ചെക്ക്‌പോസ്റ്റിലെത്തിയപ്പോള്‍ യാതൊരുകാരണവശാലും കടത്തിവിടില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. രാഷ്ട്രീയ സാമൂഹ്യ നേതാക്കള്‍
പലരുമായി ബന്ധപ്പെട്ടെങ്കിലും അധികൃതരുടെ ഭാഗത്ത് നിന്നും കനിവുണ്ടായില്ല.ഒടുവില്‍ ഉച്ചക്ക് ഒന്നര മണിയോടെ മാനന്തവാടിജില്ലാ ആസ്പത്രിയില്‍ നിന്നും മൃതദേഹം ആംബുലന്‍സില്‍ ബാവലിയേക്കെത്തിച്ച് ബന്ധുക്കളെകാണിക്കുകയാണ് ചെയ്തത്. മാനന്തവാടി നിന്നും പതിനേഴ് കിലോമീറ്റര്‍ സഞ്ചരിച്ചാണ് ഉച്ചക്ക് രണ്ട് മണിക്ക് മൃതദേഹം കയറ്റിയ ആംബുലസ് ബാവലിയിലെത്തിയത്. കര്‍ണ്ണാടക ചെക്ക് പോസ്റ്റില്‍ നിന്നും മാതാവും കുടുംബാംഗങ്ങളും കേരള അതിര്‍ത്തിയിലേക്ക് കാല്‍നടയാത്ര ചെയ്താണ് ഖലീല്‍ അഹമ്മദിന്റെ മൃതദേഹം അവസാനമായി ഒരു നോക്ക് കണ്ടത്. മകന്റെ മൃതദേഹം കണ്ട മാതാവിന്റെയും കുടുംബാംഗങ്ങളുടെ അടക്കാനാവാത്ത കരച്ചില്‍ കണ്ട് നിന്നവരുടെയും കണ്ണീരിലാഴ്ത്തി. അപകടമരണം പോലുള്ള അടിയന്തിരഘട്ടങ്ങളില്‍പോലും മനുഷ്യത്വരഹിതമായ സമീപനം സ്വീകരിച്ച അധികൃതരുടെ നടപടിയില്‍ പ്രതിഷേധം വ്യാപകമാണ്.