ആശ്വാസ തീരത്തേക്ക് കെ.എം.സി.സിയുടെ ചാര്‍ട്ടേര്‍ഡ് വിമാനം

കേരളത്തിലേക്ക് വരുന്ന യു.എ.ഇ കെ.എം.സി.സി ചാര്‍ട്ടേഡ് #ൈറ്റില്‍ നാട്ടിലെത്താനായി റാസല്‍ഖൈമ വിമാനത്താവളത്തില്‍ സാമൂഹിക അകലം പാലിച്ച് സുരക്ഷാ പരിശോധനകള്‍ക്കായി കാത്തുനില്‍ക്കുന്നവര്‍

റാസല്‍ഖൈമ: കാത്തിരിപ്പിനൊടുവില്‍ യു.എ.ഇ കെ.എം.സി.സിയുടെ ആദ്യ ചാര്‍ട്ടേര്‍ഡ് വിമാനം കോഴിക്കോട്ടെത്തി. 159 യാത്രക്കാരുമായി റാസല്‍ഖൈമയില്‍ നിന്നാണ് കോഴിക്കോട്ടേക്ക് കെഎംസിസി ഷാര്‍ജ-അഴീക്കോട് മണ്ഡലം ഏര്‍പ്പെടുത്തിയ ആദ്യ സര്‍വീസ് എത്തിയത്.
കഴിഞ്ഞ ദിവസം പറക്കേണ്ട സ്‌പൈസ് ജെറ്റ് വിമാനം ചില സാങ്കേതിക കാരണങ്ങളാല്‍ പുറപ്പെടാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്ന് എയര്‍പോര്‍ട്ടില്‍ എത്തിയ യാത്രക്കാരെ ഹോട്ടല്‍ മുറികളിലേക്ക് മാറ്റിയിരുന്നു.
യു.എ.ഇയില്‍ നിന്നുള്ള കെ.എം.സി.സിയുടെ പ്രഥമ സര്‍വീസാണിത്. ഗര്‍ഭിണികള്‍, നാട്ടില്‍ ചികില്‍സ തുടരേണ്ടവര്‍, പ്രായമായവര്‍, സന്ദര്‍ശക വിസയിലുള്ളവര്‍, ജോലി നഷ്ടപ്പെട്ടവര്‍, പിതാവ് മരിച്ചതിനാല്‍ ഒരു നോക്കു കാണാന്‍ പോകുന്ന മകന്‍ തുടങ്ങിയവരടങ്ങുന്ന സംഘമാണ് വിമാനത്തില്‍ യാത്ര ചെയ്തത്. രണ്ടു വയസ്സിന് താഴെയുള്ള മൂന്ന് കുട്ടികളും സംഘത്തിലുണ്ടായിരുന്നു. കോവിഡ് 19 ടെസ്റ്റില്‍ പോസിറ്റീവായ 19 പേര്‍ക്ക് യാത്ര ചെയ്യാന്‍ സാധിച്ചില്ല. യാത്രയില്‍ 35 സ്ത്രീകളുണ്ട്. ബുധനാഴ്ച ഉച്ച 12.30നാണ് യാത്രക്കാരെ ഹോട്ടലില്‍ നിന്ന് റാസല്‍ഖൈമ എയര്‍പോര്‍ട്ടിലേക്ക് കൊണ്ടുവന്നത്. തുടര്‍ന്ന് കോവിഡ് 19 ടെസ്റ്റ് നടത്തി റിസള്‍ട്ട് വന്ന ആളുകളെ എയര്‍പോര്‍ട്ടിനകത്തേക്ക് ബോര്‍ഡിംഗ് പാസ്സിനായി കടത്തി വിട്ടു. 5.30ന് കോഴിക്കോട്ട് നിന്നും റാസല്‍ഖൈമ എയര്‍പോര്‍ട്ടില്‍ കെ.എം.സി.സിയുടെ ആദ്യ സംഘത്തെ കൊണ്ടുപോകാനുള്ള സ്‌പൈസ് ജെറ്റ് എത്തി. വൈകുന്നേരം 6.45ഓടെയാണ് റാക് എയര്‍പോര്‍ട്ടില്‍ നിന്ന് സപൈസ് ജെറ്റ് പുറപ്പെട്ടത്.