ഇടതു സര്‍ക്കാര്‍ നയം പ്രവാസികളെ മരണത്തിലേക്ക് തള്ളിവിടുന്നു; കെ.പി.എ മജീദ്

പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ഇലയുണ്ട്,സദ്യയില്ല പ്രതിഷേധ സമരം സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി,എ മജീദ് ഉദ്ഘാടനം ചെയ്യുന്നു.

മലപ്പുറം: നാട്ടിലേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുഴുവന്‍ പ്രവാസികളെയും യുദ്ധകാലാടിസ്ഥാനത്തില്‍ നാട്ടിലെത്തിക്കണമെന്നും പ്രവാസി മലയാളികളുടെ പ്രശ്‌നങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ കുറ്റകരമായ അനാസ്ഥ തുടരുകയാണെന്നും അവരെ മരണത്തിലേക്ക് തള്ളിവിടുകയാണെന്നും മുസ്‌ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. ദിവസവും നിരവധി മലയാളികളാണ് വിദേശങ്ങളില്‍ മരിച്ചുവീഴുന്നത്. മരണ മുഖത്ത് ഭീതിയോടെയാണ് പ്രവാസികള്‍ കഴിയുന്നതെന്നും അദ്ദേഹം പറഞ്ഞു. കോവിഡ് ബാധിച്ച് മരണപ്പെട്ട പ്രവാസികളുടെ കുടുംബങ്ങളെ സഹായിക്കുന്നതിന് പാക്കേജ് പ്രഖ്യാപിക്കുക, പ്രവാസികളുടെ ക്വാറന്റൈന്‍ ചെലവ് സര്‍ക്കാര്‍ വഹിക്കുക, പ്രവാസി പുനരധിവാസം ഉറപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് പ്രവാസി ലീഗ് സംസ്ഥാന കമ്മിറ്റി നടത്തിയ ഇലയുണ്ട്; സദ്യയില്ല പ്രതിഷേധ സമരം സംസ്ഥാന തല ഉദ്ഘാടനം മലപ്പുറത്ത് നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. വലിയ രീതിയിലുള്ള പ്രതിസന്ധിയിലൂടെ കടന്നുപോകുന്ന പ്രവാസികള്‍ സ്വന്തം ചെലവില്‍ നാട്ടിലേക്ക് വരാന്‍ സന്നദ്ധരായിട്ടും സംസ്ഥാന സര്‍ക്കാര്‍ മുടക്കം നില്‍ക്കുകയാണ്. സര്‍ക്കാറിന് അപേക്ഷ നല്‍കിയവരില്‍ അഞ്ചുശതമാനം പോലും നാട്ടിലെത്തിയിട്ടില്ല.
മുസ്‌ലിംലീഗ് മലപ്പുറം ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ. യു.എ ലത്തീഫ് മുഖ്യപ്രഭാഷണം നടത്തി. കെ.എം.സി.സി ഒരുക്കുന്ന വിമാനം പോലും മുടക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ക്ഷണിച്ചു വരുത്തി മുന്നില്‍ ഇലയിട്ട് ഭക്ഷണം പ്രതീക്ഷിക്കുന്നവരോട് സദ്യയില്ല എന്നു പറയുന്ന പോലെയാണ് പ്രവാസികള്‍ക്ക് വാഗ്ദാനങ്ങള്‍ നല്‍കി ഒന്നും നല്‍കാതെ നിരാശരാക്കുന്ന ഭരണകൂടങ്ങളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് ടേബിളില്‍ വാഴയിലയും ഗ്ലാസും നിരത്തിയാണ് പ്രവാസി ലീഗ് ക്രിയാത്മക പ്രതിഷേധം സംഘടിപ്പിച്ചത്.