പരവൂര്‍ (കൊല്ലം): സി.പി.എം നേതൃത്വത്തില്‍ ഇടത് മുന്നണി ഭരിക്കുന്ന ബാങ്കിനുള്ളില്‍ മണ്ണെണ്ണ ഒഴിച്ച് താത്കാലിക ജീവനക്കാരി തീകൊളുത്തി മരിച്ചു. കൊല്ലം പരവൂര്‍ ഭൂതക്കുളം സര്‍വീസ് സഹകരണ ബാങ്കില്‍ താത്കാലിക കലക്ഷന്‍ ഏജന്റായ ഭൂതക്കുളം പന്നിവിള കിഴക്കതില്‍ വീട്ടില്‍ അയ്യപ്പന്റെ ഭാര്യ സത്യവതി(56)ആണ് ബാങ്കിനുള്ളില്‍ ആത്മഹത്യ ചെയ്തത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെ സ്കൂട്ടറില്‍ ബാങ്കിനുമുന്നിലെത്തിയ ഇവര്‍ താക്കോല്‍ സെക്യൂരിറ്റിയെ ഏല്‍പ്പിച്ചശേഷം ബാങ്കിനുള്ളില്‍ കയറി കയ്യില്‍ കരുതിയിരുന്ന പെട്രോള്‍ പൊടുന്നനെ ശരീരത്തിലേക്ക് ഒഴിച്ചു തീ കൊളുത്തുകയായിരുന്നു. ബാങ്ക് കെട്ടിടത്തിന്റെ താഴെത്തെ നിലയില്‍വെച്ചാണ് പെട്രോള്‍ ദേഹത്ത് ഒഴിച്ച് തീകൊളുത്തിയത്. തുടര്‍ന്ന് അലറിവിളിച്ഛ് തീപ്പന്തമായി മുകളിലത്തെ ഓഫിസ് നില്ക്കുന്ന ഒന്നാം നിലയിലെ ബാങ്കിനുള്ളിലേക്ക് ഓടിക്കയറയുകയായിരുന്നു. വാതില്‍ തുറന്ന് ഓഫിസിലേക്ക് കയറും മുമ്പ് തറയില്‍ വീണ് ഇവര്‍ കത്തിയമര്‍ന്നു. താഴത്തെ നിലയില്‍ കണ്ടു നിന്നവര്‍ വെളിയിലേക്ക് ഓടി. ഈ സമയം മുകളിലത്തെ നിലയില്‍ ബാങ്കില്‍ ഉണ്ടായിരുന്ന ജീവനക്കാരും ആളുകളും എമര്‍ജന്‍സി എക്സിറ്റ് വഴി ഓടി പുറത്തിറങ്ങി. നിമിഷങ്ങള്‍ക്കകം തന്നെ പരവൂരില്‍ നിന്നും ഫയര്‍ഫോഴ്സ് സംഘം എത്തി തീയണച്ചു. പരവൂര്‍ പൊലീസ് സ്ഥലത്ത് എത്തി ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി.
25വര്‍ഷത്തിലധികമായി സത്യവതി ഇവിടെ ജോലി ചെയ്യുന്നുണ്ട്. ഇതുവരെയും ജോലി സ്ഥിരമാക്കിയിട്ടില്ല. അടുത്തിടെ സീനിയോറിറ്റി മറികടന്ന് ബാങ്കില്‍ നിയമനം നടത്തിയിരുന്നു. ഇതിനെ തുടര്‍ന്ന് ഹൈക്കോടതിയെ സമീപിച്ചു. സത്യവതിയുടെ ജോലി സ്ഥിരപ്പെടുത്തണമെന്ന ഹൈക്കോടതി ഉത്തരവ് ബാങ്ക് നിരസിച്ച ശേഷം സര്‍ക്കാര്‍ ഓര്‍ഡര്‍ വഴി നിയമനം നടത്തുകയായിരുന്നു. ഇതില്‍ മനംനൊന്താണ് സത്യവതി ആത്മഹത്യ ചെയ്തെന്ന് പറയുന്നു. മക്കള്‍: അനൂപ്, അശ്വനി.