ഇളവുകള്‍ക്കൊപ്പം ബോധവത്ക്കരണവും ശക്തമാക്കി കേരളം

12

തിരുവനന്തപുരം: കൊവിഡ്-19 രോഗഭീതിയെത്തുടര്‍ന്ന് ഏര്‍പ്പെടുത്തിയ ലോക്ഡൗണില്‍ കേന്ദ്രസര്‍ക്കാര്‍ കൂടുതല്‍ ഇളവുകള്‍ വരുത്തിയതോടെ ബോധവത്ക്കരണം ആരോഗ്യവകുപ്പ് ശക്തമാക്കി. മഴക്കാലം എത്തുകയും അന്യസംസ്ഥാനങ്ങളില്‍ നിന്നും വിദേശത്തു നിന്നും പ്രവാസികള്‍ എത്തുകയും ചെയ്തതോടെ പഴുതടച്ച ബോധവത്കരണ പരിപാടികളാണ് വിവിധ വകുപ്പുകളുടെ സഹകരണത്തോടെ ആരോഗ്യവകുപ്പ് ആസൂത്രണം ചെയ്തിട്ടുള്ളത്.
സംസ്ഥാനം കാര്യക്ഷമമായി നടപ്പാക്കി വരുന്ന ബ്രേക്ക് ദി ചെയിന്‍ പ്രചാരണ പരിപാടികള്‍ കൂടുതല്‍ ആകര്‍ഷകമാക്കി ജനങ്ങളിലേക്കെത്തിക്കും. വിലക്കുകളില്‍ ഇളവുകള്‍ വരുത്തിയെങ്കിലും മാസ്‌ക് ധരിക്കല്‍, കൈകഴുകല്‍ തുടങ്ങിയ അടിസ്ഥാന പ്രചരണ പരിപാടികളും ക്വാറന്റൈന്‍ കാലത്ത് പാലിക്കേണ്ട നിര്‍ദ്ദേശങ്ങളും പൂര്‍വാധികം ശക്തിയോടെ ജനങ്ങളിലേക്കെത്തിക്കും.
മഴക്കാലമായതോടെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ കുറവു വരുത്താതെ തന്നെ മറ്റ് പകര്‍ച്ചവ്യാധികള്‍ക്കെതിരായ പ്രതിരോധ പ്രവര്‍ത്തനങ്ങളും ബോധവത്കരണ പരിപാടികളും നടത്തും. എലിപ്പനി, ഡെങ്കിപ്പനി, ജലജന്യരോഗങ്ങള്‍ എന്നിവ പടരാതിരിക്കാനായി കൊതുകുനശീകരണം പോലുള്ള പ്രാഥമിക പ്രതിരോധ പ്രവര്‍ത്തനങ്ങളും നടത്തുന്നുണ്ട്.