പ്രതിഷേധം ഫലംകണ്ടു; പ്രവാസികള്‍ക്ക്
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിനു പകരം പി.പി.ഇ കിറ്റ് മതി
തിരുവനന്തപുരം: നാട്ടിലേക്ക് മടങ്ങുന്ന പ്രവാസികള്‍ക്ക് കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ തീരുമാനത്തില്‍നിന്ന് പിന്‍വാങ്ങി സംസ്ഥാന സര്‍ക്കാര്‍. തീരുമാനത്തിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയില്‍ ഇന്നലെ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭാ യോഗമാണ് തീരുമാനത്തില്‍ മാറ്റം വരുത്തിയത്. യു.എ.ഇ, ഖത്തര്‍ എന്നീ രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ ആന്റി ബോഡി ടെസ്റ്റ് നടത്തിയതിന്റെ സര്‍ട്ടിഫിക്കറ്റ് കൈവശം വെക്കണം. ഈ രാജ്യങ്ങളില്‍ ഇതിനുള്ള സൗകര്യം ലഭ്യമായതിനാലാണിത്. പരിശോധനാ സൗകര്യങ്ങള്‍ ലഭ്യമല്ലാത്ത മറ്റു ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമല്ല. അതേസമയം എന്‍ 95 മാസ്കും ഗ്ലൗസും ഫേസ് ഷീല്‍ഡും പേഴ്സണല്‍ പ്രൊട്ടക്ഷന്‍ കിറ്റും(പി.പി.ഇ) ഇത്തരം രാജ്യങ്ങളില്‍ നിന്ന് വരുന്നവര്‍ക്ക് നിര്‍ബന്ധമാണെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. സഊദി അറേബ്യ, ഒമാന്‍, ബഹറൈന്‍, കുവൈത്ത് എന്നീ രാജ്യങ്ങളില്‍നിന്ന് വരുന്നവര്‍ക്കാണ് പി.പി.ഇ കിറ്റ് ധരിച്ച് എത്താനാവുക.
കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കണമെന്ന സംസ്ഥാന സര്‍ക്കാറിന്റെ നിര്‍ദേശം അപ്രായോഗികമാണെന്ന് ചൂണ്ടിക്കാട്ടി കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ തള്ളിയിരുന്നു. ഇതോടെയാണ് വിവാദമായ ഉത്തരവ് പിന്‍വലിക്കാന്‍ പിണറായി സര്‍ക്കാര്‍ നിര്‍ബന്ധിതമായത്. അതേസമയം തീരുമാനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. നിര്‍ദേശം നടപ്പാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചെങ്കിലും നടന്നില്ല. ഇത് പ്രവാസികളുടെ വരവിനെ ബാധിക്കുമെന്ന് അറിയിച്ചതായും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഖത്തറില്‍നിന്ന് വരുന്നവര്‍ ആ രാജ്യത്തിന്റെ ‘എഹ്ത്രാസ്’ എന്ന മൊബൈല്‍ ആപ്പില്‍ ഗ്രീന്‍ സ്റ്റാറ്റസ് ഉള്ളവരാകണം. ഇവിടെയെത്തുമ്പോള്‍ കോവിഡ് ടെസ്റ്റിന് വിധേയമാകണം. ചാര്‍ട്ടേഡ് ഫ്ളൈറ്റുകളും സ്വകാര്യ ഫ്ളൈറ്റുകളും വന്ദേഭാരത് മിഷനില്‍പ്പെടുന്ന ഫ്ളൈറ്റുകളും പുതിയ നിര്‍ദേശം ബാധകമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
എല്ലാ യാത്രക്കാരും കോവിഡ് 19 ജാഗ്രത സൈറ്റില്‍ രജിസ്റ്റര്‍ ചെയ്ത് വിവരങ്ങള്‍ നല്‍കണം. എത്തിച്ചേരുന്ന വിമാനത്താവളത്തില്‍ സംസ്ഥാന ആരോഗ്യവിഭാഗത്തിന്റെ പ്രോട്ടോക്കോള്‍ അനുസരിച്ചുള്ള സ്ക്രീനിങ്ങിന് എല്ലാ യാത്രക്കാരും വിധേയമാകണം. രോഗലക്ഷണമുള്ളവരെ മാറ്റിനിര്‍ത്തുകയും കൂടുതല്‍ പരിശോധനക്കായി ആസ്പത്രിയിലേക്ക് മാറ്റുകയും ചെയ്യും.
വിദേശത്ത് ടെസ്റ്റിന് വിധേയമാകാത്ത എല്ലാ യാത്രക്കാരും, അവര്‍ക്ക് രോഗലക്ഷണമില്ലെങ്കില്‍ കൂടി, ഇവിടെയെത്തുമ്പോള്‍ വിമാനത്താവളത്തില്‍ റാപ്പിഡ് ആന്റിബോഡി ടെസ്റ്റിന് വിധേയമാകണം. ടെസ്റ്റില്‍ പോസിറ്റീവ് ആകുന്നവര്‍ ആര്.ടി പി.സി.ആര് അല്ലെങ്കില്‍ ജീന്‍ എക്സ്പ്രസ് അല്ലെങ്കില്‍ ട്രൂനാറ്റ് ടെസ്റ്റിന് വിധേയമാകണം. പരിശോധനാ ഫലം റിസള്‍ട്ട് എന്തായാലും എല്ലാ യാത്രക്കാരും സര്‍ക്കാര്‍ നിര്‍ദേശിക്കുന്നതുപോലെ 14 ദിവസം നിര്‍ബന്ധിത ക്വാറന്റൈനില്‍ പോകണം. എല്ലാ രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ ധരിക്കണം. കൈകള്‍ അണുവിമുക്തമാണെന്ന് ഉറപ്പാക്കാന്‍ ഇടക്കിടെ സാനിറ്റൈസര്‍ ഉപയോഗിക്കണം. ഒമാന്‍, ബഹ്റൈന്‍ എന്നീ രാജ്യങ്ങളില്‍നിന്ന് തിരിച്ചെത്തുന്നവര്‍ എന്‍ 95 മാസ്ക്, ഫേസ് ഷീല്‍ഡ്, കയ്യുറ എന്നിവ നിര്‍ബന്ധമായും ധരിക്കണം. സഊദി അറേബ്യയില്‍ നിന്ന് വരുന്നവര്‍ എന്‍ 95 മാസ്കും ഫേസ് ഷീല്‍ഡും കയ്യുറയും കൂടാതെ, സഹയാത്രക്കാരുടെ, സുരക്ഷയ്ക്ക് പിപിഇ (പെഴ്സണല്‍ പ്രൊട്ടക്ഷന്‍ എക്യുപ്മെന്റ്) ധരിച്ചിരിക്കണം. കുവൈത്തില്‍ നിന്ന് ടെസ്റ്റ് ചെയ്യാതെ വരുന്നവര്‍ക്കും ഈ നിബന്ധനകള്‍ ബാധകമാകുമെന്ന് മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.
നേരത്തെ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ സര്‍ക്കാര്‍ നിലപാടിനെതിരെ മുസ്ലിംലീഗും യു.ഡി.എഫും ശക്തമായി രംഗത്തെത്തിയിരുന്നു.