എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഒ ഓഫീസ് മാര്‍ച്ചിനെതിരെ പൊലീസ് നരനായാട്ട്

ദളിത് വിദ്യാര്‍ത്ഥിനിയുടെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനിടെ സംസ്ഥാന പ്രസിഡണ്ട് എം.പി നവാസിനെ പൊലീസ് തല്ലിച്ചതക്കുന്നു

മലപ്പുറം: ഓണ്‍ലൈന്‍ ക്ലാസില്‍ പങ്കെടുക്കാന്‍ കഴിയാതെ മനംനൊന്ത് ദളിത് വിദ്യാര്‍ഥിനി തീകൊളുത്തി മരിച്ച സംഭവത്തില്‍ സര്‍ക്കാര്‍ വീഴ്ച്ചക്കെതിരെ എം.എസ്.എഫ് മലപ്പുറം ഡി.ഡി.ഇ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിനു നേരെ പൊലീസ് നരനായാട്ട്. മാര്‍ച്ച് ഡി.ഡി.ഇ ഓഫീസ് കവാടത്തിന് മുന്നിലേക്ക് എത്തുന്നതിന് മുന്നെ ചാടി വീണ പൊലീസ് നേതാക്കളെയും പ്രവര്‍ത്തകരേയും പൊതിരെ തല്ലി. വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ മാധ്യമ പ്രവര്‍ത്തകരേയും പൊലീസ് തടഞ്ഞു.
സി.ഐ പ്രംജിത്തിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് യാതൊരു പ്രകോപനവും കൂടാതെ സമരക്കാരെ തല്ലിചതച്ചത്. എം.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പി.കെ നവാസ് ഉള്‍പ്പെടെ നിരവധി പേര്‍ക്കാണ് പരിക്കേറ്റത്. എല്ലാവര്‍ക്കും തലക്കും കൈക്കുമാണ് പരിക്ക്. കവാടത്തിന് മുന്നില്‍ ബാരിക്കേഡ് പോലും തീര്‍ക്കാതെ നിലയുറപ്പിച്ച പൊലീസ് പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ക്ക് നേരെ പാഞ്ഞടുക്കുകയായിരുന്നു. സമരക്കാരെ പൊതിരെ തല്ലിയ പൊലീസ് നിലത്ത് വീണു കിടക്കുന്നവരേയും തല്ലിച്ചതച്ചു. തലക്ക് നോക്കിയായിരുന്നു പൊലീസ് ക്രൂരത. ഗുരുതര പരിക്കേറ്റ എം.എസ്.എഫ് ജില്ലാ ജനറല്‍ സെക്രട്ടറി കബീര്‍ മുതുപറമ്പ്, വൈസ് പ്രസിഡന്റ് കെ.എം ഇസ്മായില്‍ എന്നിവരെ പെരിന്തല്‍മണ്ണ എം.ഇ.എഎസ് മെഡിക്കല്‍ കോളജിലും ദേശീയ സെക്രട്ടറി എന്‍.എ കരീം, സം സ്ഥാന വൈസ് പ്രസിഡന്റ് ഷറഫു പിലാക്കല്‍, വൈസ് പ്രസിഡന്റ് ഫാരിസ് പൂക്കോട്ടൂര്‍, സെക്രട്ടറി അസ്ഹര്‍ പൊന്നാനി, ജില്ലാ വൈസ് പ്രസിഡണ്ടുമാരായ വി.എ വഹാബ്, പി.എ ജവാദ്, ഷബീര്‍ പൊന്മള എന്നിവരെ മലപ്പുറം സഹകരണ ആസ്പത്രിയിലും പ്രവേശിപ്പിച്ചു.
മലപ്പുറം മുനിസിപ്പല്‍ ബസ്സ്റ്റാന്റ് പരിസരത്തുനിന്നും 12.15 ഓടെ പ്രകടനമായി എത്തിയ പ്രവര്‍ത്തകര്‍ 12.30ഓടെയാണ് ഡി.ഡി.ഇ ഓഫീസ് പരിസരത്ത് എത്തിയത്. കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാന ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെയുള്ളവര്‍ മാത്രമാണ് പ്രതിഷേധ സമരത്തില്‍ പങ്കെടുത്തത്. മുപ്പതോളം വരുന്ന പൊലീസ് ചേര്‍ന്നാണ് ഇവരെ ക്രൂരമായി മര്‍ദിച്ചത്.
എം.എസ്.എഫ് ജില്ലാ വര്‍ക്കിങ് പ്രസിഡന്റ് ഹക്കീം തങ്ങള്‍, സെക്രട്ടറി മുര്‍റത്ത് പെരിന്തല്‍മണ്ണ, ടി.പി നബീല്‍, വി.എം ജുനൈദ്, ജസീല്‍ പറമ്പന്‍, അഫ്‌ലഹ് സി.കെ, സഹല്‍, ഹാഫിദ് പരി എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. ഓണ്‍ലൈന്‍ പഠനം മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും ലഭ്യമാക്കാനുളള നടപടി സര്‍ക്കാര്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ട് തിങ്കളാഴ്ച്ച സംസ്ഥാന വ്യാപകമായി ഡി.ഡി.ഇ ഓഫീസുകളിലേക്ക് എം.എസ്.എഫ് മാര്‍ച്ച് നടത്തിയിരുന്നു. എന്നാല്‍ ഇത് മുഖവിലക്കെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാവാതിരുന്നതാണ് ഒരു ജീവന്‍ പൊലിയാന്‍ ഇടയാക്കിയത്.
പരിക്കേറ്റ് ആസ്പത്രിയില്‍ കഴിയുന്നവരെ മുസ്‌ലിംലീഗ് സം സ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്, മുസ്‌ലിംയൂത്ത്‌ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ്, സീനിയര്‍ വൈസ് പ്രസിഡന്റ് നജീബ് കാന്തപുരം, സെക്രട്ടറി മുജീബ് കാടേരി, എം.എല്‍.എമാരായ കെ.കെ ആബിദ് ഹുസൈന്‍ തങ്ങള്‍, പി ഉബൈദുല്ല, ടി.വി ഇബ്രാഹിം, പി അബ്ദുല്‍ ഹമീദ്, എം.എസ്.എഫ് ദേശീയ പ്രസിഡന്റ് ടി.പി അഷറഫലി, മു സ്‌ലിംയൂത്ത്‌ലീഗ് ജില്ലാ പ്രസിഡന്റ് അന്‍വര്‍ മുള്ളമ്പാറ എന്നിവര്‍ സന്ദര്‍ശിച്ചു. ജനാധിപത്യ രീതിയില്‍ സമരം ചെയ്ത വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ച പൊലീസ് നടപടിയില്‍ പ്രതിഷേധിച്ചും അറസ്റ്റ് ചെയ്തവരെ വിട്ടയക്കണമെന്നാവശ്യപ്പെട്ടും എം.എല്‍.എമാരായ കെ.കെ ആബിദ്ഹുസൈന്‍ തങ്ങള്‍, ടി.വി ഇബ്രാഹിം എന്നിവര്‍ ജില്ലാ പൊലീസ് മേധാവിയെ കണ്ടു. പോലീസ് ഭീകരതയില്‍ പ്രതിഷേധിച്ച് മുനിസിപ്പല്‍, പഞ്ചായത്ത് കേന്ദ്രങ്ങളില്‍ യൂത്ത്‌ലീഗ് പ്രതിഷേധ പ്രകടനങ്ങള്‍ സംഘടിപ്പിക്കാന്‍ മുസ്‌ലിം യൂത്ത്‌ലീഗ് ജില്ലാ കമ്മിറ്റി ആ ഹ്വാനം ചെയ്തു.