ഓണ്‍ലൈന്‍ പഠനത്തില്‍ വിദ്യാര്‍ഥികളുടെ സൗകര്യം; ലക്ഷങ്ങള്‍ പരിധിക്കുപുറത്തെന്നറിഞ്ഞിട്ടും സര്‍ക്കാര്‍ കണ്ണടച്ചു

22
ദേവികക്ക് അന്ത്യചുംബനം നല്‍കുന്ന മാതാവ്‌

സംസ്ഥാനത്ത് ആറ് ശതമാനം വിദ്യാര്‍ഥികള്‍ക്ക് ഓണ്‍ലൈന്‍ പഠനത്തിന് സൗകര്യമില്ലെന്ന് വ്യക്തമായിട്ടും പരിഹാര നടപടികള്‍ സ്വീകരിക്കാതെ പദ്ധതി നടപ്പിലാക്കി സര്‍ക്കാര്‍. പ്രൈമറിതലം മുതല്‍ ഹയര്‍സെക്കണ്ടറി വരെയുള്ള ആകെ വിദ്യാര്‍ഥികളില്‍ 2.61 ലക്ഷം പേര്‍ക്കു വീടുകളില്‍ ടിവിയോ, ഇന്റര്‍നെറ്റ് സൗകര്യമോ ഇല്ലെന്ന് സമഗ്ര ശിക്ഷാ കേരള (എസ്.എസ്.കെ) പദ്ധതി വഴി നടത്തിയ വിവര ശേഖരണത്തില്‍ ലഭ്യമായിരുന്നു. സര്‍വേ റിപ്പോര്‍ട്ട് വിദ്യാഭ്യാസ മന്ത്രിയുടെ മേശപ്പുറത്തെത്തിയിട്ടും പകരം സംവിധാനം ആലോചിക്കാതെ അവഗണിക്കുകയായിരുന്നുവെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ തന്നെ ചില ഉദ്യോഗസ്ഥര്‍ പറയുന്നത്. സര്‍ക്കാര്‍ പിടിപ്പുകേട് ഒരു വിദ്യാര്‍ഥിയുടെ മരണത്തിലെത്തി നില്‍ക്കുമ്പോള്‍ പ്രശ്‌നം പരിഹരിച്ചു മുന്നോട്ടു പോവനല്ല സര്‍ക്കാറിന്റെ ശ്രമം. പകരം വിദ്യാര്‍ഥിനിയുടെ മരണത്തിന്റെ ഉത്തരവാദിത്വത്തില്‍ നിന്നും തടിയൂരാനുള്ള ശ്രമവുമായാണ് വിദ്യഭ്യാസ വകുപ്പ് മുന്നോട്ട് പോകുന്നത്.
കോവിഡ് ഭീഷണി അതിന്റെ ഉച്ചിയില്‍ എത്തിനില്‍ക്കുന്ന സമയത്താണ് സ്‌കൂള്‍ തുറക്കുന്നതിത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പില്‍ ചര്‍ച്ചയുയര്‍ന്നത്. വിദ്യാര്‍ഥികളുടെ ഭാവി സംബന്ധിച്ച് ആശങ്കയുയര്‍ന്നതോടെ ജൂണില്‍ തന്നെ ക്ലാസ് ആരംഭിക്കണമെന്ന ആവശ്യം ശക്തമായി. സ്‌കൂളില്‍ നടക്കില്ലെന്നുറപ്പായപ്പോള്‍ ഓണ്‍ലൈന്‍ ക്ലാസുകളുടെ സാധ്യത തേടി സര്‍വെ ആരംഭിച്ചു. വിദ്യാര്‍ഥികളുടെ വീടുകളിലെ ടിവി, ഇന്റര്‍നെറ്റ് സൗകര്യങ്ങളെക്കുറിച്ച് ക്ലാസ് ടീച്ചര്‍മാര്‍ മുഖേന വിവരശേഖരണം നടത്തി. സമഗ്ര ശിക്ഷാ കേരള പദ്ധതി വഴി പൂര്‍ത്തീകരിച്ച വിവര ശേഖരണ റിപ്പോര്‍ട്ട് സര്‍ക്കാറില്‍ സമര്‍പ്പിച്ചു.
ആദിവാസികളുള്‍പ്പെടെ പൊതുവിദ്യാലയങ്ങളില്‍ പഠിക്കുന്ന നിര്‍ധനരായ ലക്ഷക്കണക്കിന് വിദ്യാര്‍ഥികള്‍ പരിധിക്കു പുറത്താണെന്ന് സര്‍വേയില്‍ വ്യക്തമായി. ശതമാന കണക്ക് പരിശോധിക്കുമ്പോള്‍ വയനാട് ജില്ലയാണ് ഏറ്റവും മുന്നില്‍. ടിവിയോ ഇന്റര്‍നെറ്റ് സൗകര്യങ്ങളോ ഇല്ലാത്ത 15 ശതമാനം (21,653) വിദ്യാര്‍ഥികളാണ് വയനാട് മാത്രമുള്ളത്. പാലക്കാട്, മലപ്പുറം ജില്ലകളിലെ ആകെ വിദ്യാര്‍ഥികളില്‍ 7.5 ശതമാനത്തിനു സൗകര്യമില്ല. കൂട്ടികളുടെ എണ്ണത്തില്‍ ഈ രണ്ട് ജില്ലകളാണ് മുന്നിലുള്ളത്. പത്തനംതിട്ട, ആലപ്പുഴ, തിരുവനന്തപുരം, എറണാകുളം ജില്ലകളില്‍ നാല് ശതമാനം വിദ്യാര്‍ഥികള്‍ക്ക് പഠന സൗകര്യമില്ലെന്നും സര്‍വേയില്‍ വ്യക്തമായി.
വീട്ടില്‍ സ്മാര്‍ട്ട് ഫോണ്‍ പോലും ഇല്ലാത്ത വിദ്യാര്‍ഥികളാണ് ഇന്റര്‍നെറ്റ് സൗകര്യം ഇല്ലാത്തവരുടെ പട്ടികയിലുള്ളത്. ഒരു വിഭാഗം വിദ്യാര്‍ഥികള്‍ അവരുടെ സൗകര്യങ്ങള്‍ ഉപയോഗപ്പെടുത്തി പഠനം നടത്തുമ്പോള്‍ മറ്റൊരു വിഭാഗം അവരുടെ ഭാവിയെ കുറിച്ച ആശങ്കയിലാണ്. ഇത് വിദ്യാര്‍ഥികളെ മാനസികമായി തളര്‍ത്തുക മാത്രമല്ല ആത്മഹത്യ പ്രവണതയിലേക്ക് നയിക്കുമെന്ന് മാനസിക രോഗ വിദഗ്ധരും ചൂണ്ടിക്കാട്ടുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ ദിവസേനയുള്ള ‘തള്ളല്‍ പ്രക്രിയ’ക്കൊപ്പം പദ്ധതി നടപ്പിലാക്കുന്നതിനെ കുറിച്ചുള്ള ആലോചനകളും ചര്‍ച്ചകളും പരിഹാര മാര്‍ഗങ്ങളുമുണ്ടായില്ല എന്നതാണ് ഇതിലൂടെ വ്യക്തമാകുന്നത്.
വരാനിക്കുന്ന അപകടങ്ങളെ കുറിച്ച് യാതൊരു മുന്‍ധാരണയുമില്ലാതെയാണ് സര്‍ക്കാര്‍ ഓണ്‍ലൈന്‍ പാഠ്യ പദ്ധതി നടപ്പിലാക്കിയതെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. സൗകര്യങ്ങളില്ലാത്ത വിദ്യാര്‍ഥികളുടെ മാനസികാവസ്ഥ, സ്മാര്‍ട്ട് ഫോണുകള്‍ വിദ്യാര്‍ഥികളുടെ കൈകളിലെത്തുമ്പോഴുണ്ടാകുന്ന അപകടം. ഇവയെ മറികടക്കാന്‍ ശക്തമായ സംവിധാനങ്ങള്‍ സര്‍ക്കാറിന്റെ ഭാഗത്ത് നിന്നുമുണ്ടായില്ലെങ്കില്‍ ഇനിയും വലിയ അപകടങ്ങള്‍ക്ക് കേരളം സാക്ഷിയാവും. ഇതിനെതിരെ പ്രതികരിക്കുന്നവരെ വിദ്യാഭ്യാസ വിരോധികള്‍ എന്ന് വിളിച്ചു ആക്ഷേപിക്കുന്നതിന് പകരം പരിഹാര മാര്‍ഗങ്ങള്‍ കണ്ടെത്തി കേരളത്തിന്റെ സമഗ്ര വിദ്യാഭ്യാസ മുന്നേറ്റത്തിന് ശക്തി പകരണമെന്നാണ് രക്ഷിതാക്കളുടെ ആവശ്യം.