കാട്ടാന ചരിഞ്ഞതിന് കാരണം; തൊണ്ടയില്‍ സ്‌ഫോടക വസ്തു പൊട്ടിയുണ്ടായ മുറിവ്

തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞ കാട്ടാന.

അലനല്ലൂര്‍(പാലക്കാട്): മനുഷ്യ ക്രൂരതയുടെയും അധികൃതരുടെ നിസ്സംഗതയുടെയും ഒടുവിലത്തെ ഉദാഹരണമായി തിരുവിഴാംകുന്ന് അമ്പലപ്പാറയില്‍ ചെരിഞ്ഞ കാട്ടാന. ആന ഒരു മാസം ഗര്‍ഭിണിയായിരുന്നെന്ന് പോസ്റ്റ്‌മോര്‍ട്ടത്തില്‍ നിന്നും വ്യക്തമായി. അമ്പലപ്പാറ തെയ്യംകുണ്ടില്‍ അവശനിലയിലായിരുന്ന കാട്ടാന 27 നാണ് ചെരിഞ്ഞത്. പൈനാപ്പിളിന്റെയോ മറ്റോ ഉള്ളില്‍ വെച്ച സ്‌ഫോടക വസ്തു പൊട്ടിത്തെറിച്ചാണ് ആനയുടെ വായയില്‍ മുറിവ് സംഭവിച്ചത്. മേല്‍ത്താടിയും കീഴ്ത്താടിയും തകര്‍ന്ന് ഒന്നും കഴിക്കാനാവാത്ത അവസ്ഥയിലായിരുന്നു. മുറിവിന് ഒരാഴ്ച്ചത്തെ പഴക്കമാണ് കണക്കാക്കുന്നത്. മുറിവിന് ശമനമെന്നോണമാണ് ആന മുറിവും തുമ്പിയും വെള്ളത്തില്‍ മുക്കി നിലയുറപ്പിച്ചിരുന്നത്. ഇങ്ങനെ വെള്ളിയാര്‍ പുഴയില്‍ നില്‍ക്കെ 27 ന് വൈകീട്ട് നാല് മണിയോടെയാണ് ആന ചെരിഞ്ഞത്. എന്നാല്‍ ആനയ കരക്ക് കയറ്റി ചികിത്സ ലഭ്യമാക്കുന്നതിനായി പാലക്കാട് ധോണിയില്‍ നിന്നും രണ്ട് കുങ്കിയാനകളെ സ്ഥലത്തെത്തിച്ചരുന്നു. കുങ്കികളെ ഉപയോഗിച്ച് വെള്ളത്തില്‍ നിന്നും കയറ്റാനുള്ള ഒരുക്കങ്ങള്‍ നടത്തുന്നതിനിടെയാണ് ആന ചെരിഞ്ഞത്. തുടര്‍ന്ന് കച്ചേരിപറമ്പിലെത്തിച്ച് വെറ്റിനറി സര്‍ജന്‍ ഡേവിഡ് എബ്രഹാമിന്റെ നേതൃത്വത്തില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി സംസ്‌കരിക്കുകയായിരുന്നു. സ്‌ഫോടകവസ്തു പൊട്ടിച്ച് മുറിവേല്‍പ്പിച്ച സംഭവത്തില്‍ മണ്ണാര്‍ക്കാട് ഫോറസ്റ്റ് റേഞ്ചിന്റെ നേതൃത്വത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഇന്നലെ കോഴിക്കോട് നിന്നും െ്രെകംബ്രാഞ്ച് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി മടങ്ങി.