കോവിഡ്: വിദേശത്ത് മരണപ്പെട്ടവര്‍ക്ക് ധനസഹായം നല്‍കണം; നോര്‍ക്ക ഓഫീസുകള്‍ക്ക് മുന്നില്‍ കെ.എം.സി.സി സമരം 11ന്

മലപ്പുറം: കോവിഡ് 19 ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ കുടുംബത്തിന് ഉചിതമായ നഷ്ടപരിഹാരം നല്‍കണമെന്നാവശ്യപ്പെട്ട് സഊദി കെ.എം.സി.സി നാഷണല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ 11ന് നോര്‍ക്കയുടെ മേഖലാ ഓഫീസുകള്‍ക്ക് മുന്നില്‍ ധര്‍ണ നടത്തും. കെ.എം.സി.സി യോഗത്തിന് ശേഷം മലപ്പുറത്ത് നടത്തിയ വാര്‍ത്താ സമ്മേളനത്തിലാണ് നേതാക്കള്‍ ഇക്കാര്യം വ്യക്തമാക്കിയത്. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട്, കണ്ണൂര്‍ എന്നിവിടങ്ങളില്‍ നടക്കുന്ന സമരത്തില്‍ കോവിഡ് 19 ബാധിച്ചു വിദേശത്ത് മരണപ്പെട്ടവരുടെ ആശ്രിതര്‍ പങ്കെടുക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ആയിരക്കണക്കിന് പ്രവാസികളാണ് ആശ്രയം നഷ്ടപ്പെട്ട് വിദേശ രാജ്യങ്ങളില്‍ കഴിയുന്നത്. കെ.എം.സി.സി അടക്കമുള്ള സന്നദ്ധ സംഘടനകളുടെ സഹായത്തിലാണ് പലരും അവരുടെ ഓരോ ദിവസം കഴിച്ചുകൂട്ടുന്നത്. അതിനിടയില്‍ രോഗം ബാധിച്ച് മരിക്കുന്നവരുടെ എണ്ണവും കുറവല്ല. നിലവില്‍ 170 ലധികം പേര്‍ മരിച്ചുവെന്നാണ് ഔദ്യോഗിക വിവരം. മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് അടിയന്തര സഹായമായി 10 ലക്ഷം രൂപ അനുവദിക്കണം. നാട്ടിലേക്ക് മടങ്ങാന്‍ നോര്‍ക്കയില്‍ രജിസ്റ്റര്‍ ചെയ്ത മുഴുവന്‍ പേര്‍ക്കും യാത്രാസൗകര്യം ഏര്‍പ്പെടുത്തണമെന്നും നേതാക്കള്‍ പറഞ്ഞു.
വിദേശത്ത് കഴിയുന്ന മുഴുവന്‍ മലയാളികള്‍ക്കും ചികിത്സയും ഭക്ഷണവും ഉറപ്പ് വരുത്തുക, പ്രവാസി കുടുംബങ്ങള്‍ക്ക് ആറു മാസത്തെ സൗജന്യ റേഷന്‍ അനുവദിക്കുക തുടങ്ങിയ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് നാട്ടിലുള്ള കെ.എം.സി.സി പ്രവര്‍ത്തകര്‍ പ്രക്ഷോഭത്തിനിറങ്ങുന്നത്. സഊദി കെ.എം.സി.സി പ്രസിഡന്റ് കെ.പി മുഹമ്മദ് കുട്ടി, കെ.എം.സി.സി നേതാക്കളായ മൊയ്ദീന്‍ കോയ കല്ലമ്പാറ, പി.എം അബ്ദുല്‍ ഹഖ്, സി.കെ ഷാക്കിര്‍, പി.എം.എ ജലീല്‍, റഫീഖ് പാറക്കല്‍, ഗഫൂര്‍ പട്ടിക്കാട്, മജീദ് അരിമ്പ്ര പങ്കെടുത്തു.