
മലപ്പുറം: ഗള്‍ഫ് നാടുകളില്‍ നിന്നും കൂടുതുല്‍ വിമാനങ്ങള്‍ക്ക് അനുമതി നല്കാന് കേരളം തയാറാവണമെന്ന് മുസ്ലിംലീഗ്. സഊദി അറേബ്യയിലുള്ള പ്രവാസികളെ അടിയന്തരമായി നാട്ടിലെത്തിക്കുന്നതുമായി ബന്ധപ്പെട്ട് കെ.എം.സി.സി നേതാക്കളുമായി നടത്തിയ ഓണ്‍ലൈന്‍ ചര്‍ച്ചയിലാണ് ഇക്കാര്യം ആവശ്യപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട സംസ്ഥാന സര്‍ക്കാറില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നും നേതാക്കള്‍ പറഞ്ഞു. സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു.
പല സംഘടനകളും കമ്പനികളും ചാര്‍ട്ടേഡ് ഫ്ളൈറ്റിന് അനുമതി ആവശ്യപ്പെട്ട് കേന്ദ്ര സര്‍ക്കാറിനെ സമീപിച്ചിട്ടുണ്ട്. ഇത്തരം അപേക്ഷകള്‍ക്കെല്ലാം കേന്ദ്ര സര്‍ക്കാര്‍ അനുമതി നല്‍കിയിട്ടുണ്ടെന്നാണ് വ്യോമയാന മന്ത്രിയും സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയും നല്കിയ മറുപടി. എന്നാല്‍ ക്വാറന്റൈന് സൗകര്യം ഒരുക്കാതെ നിരുത്തരവാദ നിലപാട് തുടരുന്ന സംസ്ഥാന സര്‍ക്കാര്‍ വിമാനം ഇറങ്ങുന്നതിന് തടസം നില്‍ക്കുകയാണ്. ഗള്‍ഫ് രാജ്യങ്ങളില്‍ മരിച്ചുവീഴുന്നതില്‍ അധികവും മലയാളികള്‍ ആണെന്നകാര്യം സംസ്ഥാനം മറക്കുകയാണ്. ഗള്‍ഫില്‍ കോവിഡ് ബാധിച്ച മരിച്ച പലരുടെയും കുടുംബത്തിലെ അവസ്ഥ വളരെ പരിതാപകരമാണ്. ഇവരുടെ കുടുംബങ്ങളുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ചര്‍ച്ചയില്‍ ആവശ്യമുയര്‍ന്നു. സംസ്ഥാന സര്‍ക്കാര്‍ ഇനിയെങ്കിലും ഉണര്‍ന്ന് പ്രവര്‍ത്തിച്ചില്ലെങ്കില്‍ കേരള സമൂഹത്തോട് മറുപടി പറയേണ്ടിവരുമെന്നും യോഗം താക്കീത് നല്കി. പി.കെ കുഞ്ഞാലിക്കുട്ടി എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, കെ.പി.എ മജീദ്, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍ വഹാബ് എം.പി, ഡോ. എം.കെ മുനീര്‍ പങ്കെടുത്തു.