ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന; അള്ളുവച്ചതു തന്നെ

തിരുവനന്തപുരം: ചാര്‍ട്ടേഡ് വിമാനത്തില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദേശിച്ചെന്ന് സമ്മതിച്ച് ആരോഗ്യ മന്ത്രി കെ.കെ ശൈലജ. നിലവില്‍ ഇതുസംബന്ധിച്ച് നിര്‍ദേശം മുന്നോട്ടുവച്ചിട്ടുണ്ടെന്നും എന്നാല്‍ തീരുമാനമെടുത്തിട്ടില്ലെന്നും മന്ത്രി വാര്‍ത്താലേഖകരോട് പറഞ്ഞു.
മറ്റു രാജ്യങ്ങളില്‍നിന്ന് വരുന്ന മലയാളികള്‍ കോവിഡ് പരിശോധന നടത്തിയ ശേഷം വരണമെന്ന നിര്‍ദേശം മുന്നോട്ടുവെച്ചത് അവരുടെ സുരക്ഷ മുന്‍നിര്‍ത്തിയാണെന്നാണ് മന്ത്രിയുടെ വാദം. പോസിറ്റീവ് ആയ ആളുകളില്‍നിന്ന് സഹയാത്രക്കാര്‍ക്ക് രോഗം പകരുന്ന സാഹചര്യം ഒഴിവാക്കാനാണിതെന്നും മന്ത്രി പറഞ്ഞു. ചൊവ്വാഴ്ച പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരുമായുള്ള യോഗത്തിനു ശേഷമായിരിക്കും ഇത്തരം കാര്യങ്ങളില്‍ തീരുമാനം ഉണ്ടാവുക. നിലവില്‍ ഇക്കാര്യത്തില്‍ തീരുമാനം എടുത്തിട്ടില്ല. മറ്റു രാജ്യങ്ങളിലെ മലയാളികള്‍ക്ക് പരിശോധന നടത്താനും ചികിത്സ ഉറപ്പുവരുത്താനും നടപടികള്‍ സ്വീകരിക്കണമെന്ന് പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. അത് കേന്ദ്രസര്‍ക്കാര്‍ ചെയ്യുമെന്നുതന്നെയാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
ചാര്‍ട്ടേഡ് #ൈറ്റിലെത്തുന്നവര്‍ക്ക് യാത്ര പുറപ്പെടുന്നതിന് രണ്ടു ദിവസത്തിനുള്ളില്‍ നടത്തിയ കോവിഡ് 19 നെഗറ്റീവ് ആണെന്ന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാണെന്ന നോര്‍ക്ക ഉത്തരവിനെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്ന പശ്ചാത്തലത്തിലായിരുന്നു മാധ്യമപ്രവര്‍ത്തകരുടെ ചോദ്യം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തൊഴില്‍ നഷ്ടപ്പെട്ടും മറ്റും ഗള്‍ഫ് രാജ്യങ്ങളില്‍ കുടുങ്ങുകയോ മറ്റ് ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് ചികിത്സക്കായി നാട്ടിലെത്തല്‍ അത്യാവശ്യമായവരോ ആണ് കെ.എം.സി.സി ഉള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ ചാര്‍ട്ടേഡ് #ൈറ്റുകളില്‍ നാടണയുന്നത്. ഇത്തരം ശ്രമങ്ങള്‍ക്ക് ഇരുട്ടടിയാണ് സര്‍ക്കാര്‍ നീക്കം.
നിര്‍ദേശം മാത്രമാണെന്നും തീരുമാനം എടുത്തിട്ടില്ലെന്നുമാണ് ആരോഗ്യമന്ത്രി പറയുന്നത്. എന്നാല്‍ തീരുമാനം ആകാതെ എങ്ങനെയാണ് നോര്‍ക്ക ഡയരക്ടര്‍ സര്‍ക്കുലര്‍ പുറപ്പെടുവിക്കുകയെന്ന ചോദ്യം ഇക്കാര്യത്തില്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന കള്ളക്കളി വെളിച്ചത്താക്കുന്നതാണ്.
ഗള്‍ഫ് രാജ്യങ്ങളില്‍ സാധാരണ ഗതിയില്‍ വ്യക്തികള്‍ക്ക് അവര്‍ ആവശ്യപ്പെടുന്നത് അനുസരിച്ച് കോവിഡ് പരിശോധന നടത്തണമെങ്കില്‍ ദിവസങ്ങള്‍ക്കു മുമ്പേ ബുക്ക് ചെയ്യണം. സാമ്പിള്‍ ശേഖരിച്ച് അഞ്ചു ദിവസമെങ്കിലും കഴിഞ്ഞേ ഫലം ലഭിക്കൂ. എട്ടായിരം രൂപക്ക് മുകളിലാണ് ഇതിന് ചെലവു വരുന്നത്. തൊഴില്‍ നഷ്ടപ്പെട്ട് മടങ്ങുന്നവര്‍ക്ക് അപ്രാപ്യമായ സംഖ്യയാണിത്. മാത്രമല്ല, കോവിഡ് സര്‍ട്ടിഫിക്കറ്റ് ലഭിച്ച ശേഷവും ഒരാള്‍ക്ക് രോഗം വരാമെന്നിരിക്കെ, ഇത്തരമൊരു നിബന്ധന എന്തു ഫലം ചെയ്യുമെന്ന ചോദ്യവും ഉയരുന്നുണ്ട്.
ചാര്‍ട്ടേഡ് വിമാനങ്ങള്‍ സജ്ജീകരിച്ച് ദുരിതമനുഭവിക്കുന്ന പ്രവാസികളെ നാട്ടിലെത്തിക്കാനുള്ള വിവിധ സംഘടനകളുടെ ശ്രമങ്ങള്‍ക്ക് അള്ളു വെക്കാനുള്ള സംസ്ഥാന സര്‍ക്കാറിന്റെ ആസൂത്രിത നീക്കമാണ് ഇതെന്ന വിമര്‍ശനവുമായി മുസ്‌ലിംലീഗ് ഉള്‍പ്പെടെയുള്ള കക്ഷികള്‍ രംഗത്തെത്തിയിരുന്നു. മാത്രമല്ല, കേന്ദ്ര സര്‍ക്കാര്‍ നടത്തുന്ന വന്ദേഭാരത് മിഷന് ഇല്ലാത്ത വ്യവസ്ഥ ചാര്‍ട്ടേഡ് #ൈറ്റുകള്‍ക്ക് ഏര്‍പ്പെടുത്തിയതും ദുരുദ്ദേശ്യത്തോടെയാണെന്ന ആരോപണം ഉയര്‍ന്നിട്ടുണ്ട്. ഇതിനു പിന്നാലെയാണ് നീക്കത്തിനു പിന്നിലെ സര്‍ക്കാര്‍ പങ്ക് തുറന്നു സമ്മതിച്ച് ആരോഗ്യമന്ത്രി രംഗത്തെത്തിയത്.
വിദേശത്തുനിന്ന് വന്നവര്‍ രോഗബാധിതരല്ല. ജോലി നഷ്ടപ്പെട്ടവര്‍, രോഗികള്‍, ഗര്‍ഭിണികള്‍ തുടങ്ങിയ മുന്‍ഗണനാ വിഭാഗങ്ങളില്‍നിന്നുള്ളവരാണ്. അവരില്‍ പലര്‍ക്കും കോവിഡ് ഉണ്ടായിരുന്നു. ഇനി വരുന്നവരിലും അതുണ്ടാകാം. അതുകൊണ്ടാണ് പരിശോധന നടത്തണമെന്ന് പറഞ്ഞത്. രോഗികള്‍ യാത്രചെയ്യാതിരിക്കുന്നതാണ് നല്ലത്. എന്നാല്‍ ആരോടും ഇവിടേയ്ക്ക് വരേണ്ട എന്ന നിലപാട് സര്‍ക്കാര്‍ സ്വീകരിക്കില്ലെന്നും മന്ത്രി പറഞ്ഞു.