മുംബൈ: യുവ ബോളിവുഡ് നടന് സുശാന്ത് സിങ് രജപുതിനെ(34) വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബാന്ദ്രയിലെ വസതിയില്‍ ഇന്നലെ ഉച്ചയോടെയാണ് സംഭവം. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് പറഞ്ഞു. സുശാന്തിന്റെ മുന്‍ മാനേജറായിരുന്ന ദിശാ സാലിയന്‍ ആത്മഹത്യ ചെയ്ത് ആറാം ദിവസമാണ് നടനേയും മരിച്ച നിലയില്‍ കണ്ടെത്തിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ആത്മഹത്യാ കുറിപ്പോ മറ്റോ കണ്ടെത്തിയിട്ടില്ലെന്നും മുംബൈ വെസ്റ്റേണ്‍ റീജിയന് അഡീഷണല്‍ കമ്മീഷണര്‍ മനോജ് ശര്‍മ്മ പറഞ്ഞു.
പവിത്ര റിഷ്ട എന്ന ടെലിവിഷന്‍ പരമ്പരയിലൂടെ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ സുശാന്ത് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ നായകന് എം.എസ് ധോണിയുടെ ജീവിതം പറയുന്ന ‘എം.എസ് ധോണി: ദ അണ് ടോള്‍ഡ് സ്റ്റോറി’ എന്ന സിനിമയിലൂടെയാണ് പ്രേക്ഷകരുടെ മനം കവര്‍ന്നത്. വെള്ളിത്തിരയില്‍ തിളങ്ങി നില്‍ക്കുന്നതിനിടെയുണ്ടായ അപ്രതീക്ഷിത വിയോഗം സൃഷ്ടിച്ച ഞെട്ടലിലാണ് ബോളിവുഡ്.
കഴിഞ്ഞ തിങ്കളാഴ്ചയാണ് സുശാന്തിന്റെ മുന്‍ മാനേജറായിരുന്ന ദിശാ സാലിയനെ ഏഴു നില കെട്ടിടത്തിനു മുകളില്‍ നിന്നു വീണ നിലയില്‍ ആസ്പത്രിയില്‍ എത്തിച്ചത്. വൈകാതെ മരണപ്പെടുകയും ചെയ്തു. ദിശയുടേത് ആത്മഹത്യയാണെന്ന് പിന്നീട് പൊലീസ് സ്ഥിരീകരിച്ചിരുന്നു. ”തകര്‍ത്തു കളയുന്ന വാര്‍ത്തയാണ് കേള്‍ക്കുന്നതെ”ന്നാണ് ദിശയുടെ മരണത്തെക്കുറിച്ച് സുശാന്ത് ട്വിറ്ററില്‍ കുറിച്ചത്. ഒരാഴ്ച മുമ്പ് അമ്മയുടെ ഓര്‍മ്മ ദിനത്തില്‍ അവരെക്കുറിച്ചുള്ള സ്മരണകളും സുശാന്ത് പങ്കു വച്ചിരുന്നു. ശനിയാഴ്ച രാത്രി വൈകുവോളം വീട്ടില്‍ സുഹൃത്തുക്കള്‍ക്കൊപ്പം സമയം ചെലവഴിച്ചതായും ജീവനൊടുക്കാനുള്ള യാതൊരു സൂചനയും ലഭിച്ചിരുന്നില്ലെന്നുമാണ് വിവരം. രാത്രി വൈകിയാണ് ഉറങ്ങാന്‍ കിടന്നത്. അതുകൊണ്ടുതന്നെ കാലത്ത് എഴുന്നേല്‍ക്കാതിരുന്നത് കാര്യമാക്കിയില്ല. ഉച്ചയായിട്ടും ഉണര്‍ന്നു കാണാത്തതിനെതുടര്‍ന്ന് കതകില്‍ മുട്ടി വിളിച്ചെങ്കിലും വിളികേട്ടില്ലെന്ന് വീട്ടുജോലിക്കാര്‍ പറഞ്ഞു. ഇതേതുടര്‍ന്ന് കതകു പൊളിച്ചു അകത്തു കടന്നതോടെയാണ് നടനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു. വീട്ടില്‍ പരിശോധന നടത്തിയ പൊലീസ് നടന് വിശാദ രോഗത്തിന് ചികിത്സ തേടിയിരുന്നതിന്റെ രേഖകള്‍ കണ്ടെടുത്തു.
അഭിനയ ഭ്രാന്ത് തലക്കുപിടിച്ച് എഞ്ചിനീയറിങ് പഠനം പാതിവഴിയിലിട്ടാണ് സുശാന്ത് അഭ്രപാളിയിലേക്ക് എത്തുന്നത്. പവിത്ര റിഷ്ട എന്ന ടെലിവിഷന്‍ സീരിയല്‍ വലിയ അംഗീകാരം നേടിക്കൊടുത്തു. 2013ല്‍ കായ്് പോ ഛെ! എന്ന സിനിമയിലൂടെയായിരുന്നു ബോളിവുഡിലെ അരങ്ങേറ്റം. 2014ല്‍ ആമിര്ഖാന് നായകനായ ഹിറ്റ് ചിത്രം പി.കെയില്‍ സഹനടനായി ശ്രദ്ധേയമായ വേഷം ചെയ്തു. 2016ല്‍ നീരജ് പാണ്ഡെ സംവിധാനം ചെയ്ത എം.എസ് ധോണിയെക്കുറിച്ചുള്ള ചിത്രമാണ് കരിയറില്‍ സുശാന്തിന്റെ ഗ്രാഫ് കുത്തനെ ഉയര്‍ത്തിയത്. ഒരേ സമയം 61 രാജ്യങ്ങളിലാണ് ചിത്രം റിലീസ് ചെയ്യപ്പെട്ടത്.
2018ല്‍ നടി സാറാ അലി ഖാന്റെ അരങ്ങേറ്റ ചിത്രമായ കേദാര്‍നാഥില്‍ ജോഡിയായും സുശാന്ത് ശ്രദ്ധിക്കപ്പെട്ടു. സെയ്ഫ് അലി ഖാനൊപ്പം ചെയ്ത ദില്‍ ബെച്ചാര ആണ് ഏറ്റവും ഒടുവില്‍ അഭിനയിച്ച ചിത്രം. മേയില്‍ നടക്കേണ്ടിയിരുന്ന ഈ ചിത്രത്തിന്റെ റിലീസ് കോവിഡ് ലോക്ക്ഡൗണിനെതുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു.