‘നവജീവന്‍ 2020’ ലഹരിക്കെതിരെ പൊലീസിന്റെ ക്യാമ്പയിന്‍

'നവജീവന്‍-2020' ക്യാമ്പയിന്‍ ഉദ്ഘാടന പരിപാടിയില്‍ മയക്ക് മരുന്ന് കേസില്‍ മികവ് തെളിയിച്ച ഉദ്യോഗസ്ഥരെ ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര അനുമോദിക്കുന്നു

കണ്ണൂര്‍: മയക്കുമരുന്നിനും ലഹരിക്കുമെതിരെ പൊലീസിന്റെ ‘നവജീവന്‍-2020’ ക്യാമ്പയിന് തുടക്കം. ഒരാഴ്ച നീണ്ടുനില്‍ക്കുന്ന ബോധവല്‍ക്കരണ പ്രചാരണ പരിപാടിയാണ് ജില്ലാ പൊലീസ് നേതൃത്വത്തില്‍ നടപ്പാക്കുന്നത്.
അന്തരാഷ്ട്ര ലഹരി വിരുദ്ധ ദിനമായ ഇന്നലെ സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ വീഡിയോ കോണ്‍ഫറന്‍സായി തിരുവനന്തപുരത്ത് വെച്ച് ഉദ്ഘാടനം നിര്‍വഹിച്ചു. മയക്കുമരുന്നിന്റെ ഉപയോഗത്തിനും വിതരണത്തിനുമെതിരെ കര്‍ശന നടപടികളുമായി കേരള പൊലീസ് മുന്നോട്ട് പോകുമെന്ന് അദ്ദേഹം പറഞ്ഞു.
കണ്ണൂരില്‍ ജില്ലാ പൊലീസ് മേധാവിയുടെ ചേംബറില്‍ നടന്ന പരിപാടിയില്‍ ജില്ലയില്‍ കഴിഞ്ഞ ഒരു വര്‍ഷം ഏറ്റവും കൂടുതല്‍ മയക്കുമരുന്ന് പിടികൂടിയ അഞ്ച് പൊലീസ് ഓഫീസര്‍മാരെ അനുമോദിച്ചു. ജില്ലാ പൊലീസ് മേധാവി യതീഷ് ചന്ദ്ര പ്രശസ്തി പത്രങ്ങള്‍ സമ്മാനിച്ചു. കണ്ണൂര്‍ െ്രെകം ബ്രാഞ്ച് മേധാവി മൊയ്തീന്‍ കുട്ടി, അഡീഷണല്‍ എസ്പി പ്രജീഷ് തോട്ടത്തില്‍, നാര്‍കോട്ടിക് എഎസ്പി റീഷ്മ രമേശന്‍, കണ്ണൂര്‍ ഡിവൈഎസ്പി പിപി സദാനന്ദന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി എവി പ്രദീപന്‍, ഡിസിആര്‍ബി ഡിവൈഎസ്പി കെവി വേണുഗോപാല്‍, തളിപ്പറമ്പ് ഡിവൈഎസ്പി ടികെ രത്‌നകുമാര്‍, തലശ്ശേരി ഡിവൈഎസ്പി മൂസ വള്ളിക്കാടന്‍ പങ്കെടുത്തു.