
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനഭീതി പരത്തി ഒരാഴ്ചത്തെ നിര്‍ബന്ധിത ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീനില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറുന്നു. മടങ്ങി എത്തുന്ന പ്രവാസികള്‍ക്കും ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും അവരവരുടെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയാം. ഇതിന് വീടുകളെയും ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് കേന്ദ്രങ്ങളായി പരിഗണിച്ച് ദുരന്തനിവാരണ വകുപ്പ് ഉത്തരവിറക്കി.
മതിയായ സൗകര്യമുണ്ടെന്ന് ജില്ലാ ഭരണകൂടമോ തദ്ദേശ സ്ഥാപനങ്ങളോ അംഗീകരിക്കുന്ന വീടുകളില്‍ പ്രവാസികള്‍ക്ക് താമസിക്കാം. ഇവര്‍ 14 ദിവസം വീട്ടില്‍ നിരീക്ഷണത്തില്‍ തുടരണമെന്നാണ് നിര്‍ദ്ദേശം. ക്വാറന്റീന് മാര്‍ഗനിര്‍ദേശങ്ങള്‍ പുതുക്കി ആരോഗ്യവകുപ്പും ഉത്തരവിറക്കി. പ്രവാസികള്‍ 14 ദിവസം വീടുകളില്‍ ക്വാറന്റീനില്‍ കഴിയണം. അതിനുശേഷം 14 ദിവസം വീടുകളിലെ മുഴുവന്‍ പേരും നിരീക്ഷണത്തില്‍ കഴിയണം. നിരീക്ഷണ കാലയളവില്‍ ഒഴിവാക്കാനാകാത്ത ആവശ്യങ്ങള്‍ക്കു മാത്രമേ വീട്ടുകാര്‍ പുറത്തേക്കു പോകാവൂ. നിരീക്ഷണ കാലയളവില്‍ രോഗലക്ഷണമുള്ളവര്‍ ദിശയില്‍ അറിയിക്കണമെന്നും നിര്‍ദേശമുണ്ട്. നിലവില്‍ പ്രവാസികള്‍ക്കും ഇതരസംസ്ഥാനങ്ങളില്‍ നിന്നെത്തുന്നവര്‍ക്കും ഏഴു ദിവസത്തെ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന് നിര്‍ബന്ധമാണ്. അതിനുശേഷം ഏഴുദിവസം വീടുകളിലും ക്വാറന്റീന് വേണമെന്നാണ് നിര്‍ദേശം. ചെലവ് താങ്ങാനാകാത്തതിനാല്‍ സൗജന്യ ക്വാറന്റീന് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരുന്നു.
ഇതിനെതിരെ, ശക്തമായ പ്രതിഷേധം ഉയര്‍ന്നതോടെ തീരുമാനം മരവിപ്പിച്ചു. പാവങ്ങള്‍ക്ക് സൗജന്യ ക്വാറന്റീന് ഉറപ്പാക്കുമെന്ന് പിന്നീട് സര്‍ക്കാര്‍ നിലപാട് തിരുത്തുകയും ചെയ്തു. അതിനു ശേഷമാണ് ഇപ്പോള്‍ ഹോം ക്വാറന്റീന് മാത്രം മതിയെന്ന തീരുമാനത്തിലേക്ക് എത്തിയത്. വീടുകളില്‍ സൗകര്യമില്ലാത്തവര്‍ക്ക് സര്‍ക്കാരിന്റെ സൗജന്യ ക്വാറന്റീന് തുടരും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,83,097 പേര് നിരീക്ഷണത്തിലാണ്. ഇവരില്‍ 1,81,482 പേര് വീട്/ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 1615 പേര് ആശുപത്രികളിലും നിരീക്ഷണത്തിലാണ്. ഈ മാസം മാത്രം ഒരു ലക്ഷത്തില്‍ അധികം പ്രവാസികള്‍ നാട്ടിലേക്ക് തിരിച്ചെത്തുമെന്നാണ് സര്‍ക്കാരിന്റെ കണക്ക്.