ന്യൂസിലാന്റ് കോവിഡ് മുക്തമായിട്ട് 12 ദിവസം

ജസീന്ത ആഡേര്‍ന്‍

നിയന്ത്രണങ്ങള്‍ പൂര്‍ണമായും എടുത്തുകളയുന്നു

വെല്ലിംങ്ടണ്‍: തുടര്‍ച്ചയായി 12 ദിവസം കോവിഡ് രോഗികളില്ലാതെ ന്യൂസിലാന്റ്് രോഗ മുക്തമായി. കഴിഞ്ഞ 28 ന് ചികിത്സയിലുണ്ടായിരുന്ന അവസാന രോഗിയും ആശുപത്രി വിട്ടിരുന്നു. ഇതിന് പുറമെ പുതിയ രോഗികള്‍ ഒന്നും തന്നെ ഇല്ലാതെ രാജ്യം 12 ദിവസം പിന്നിട്ടു. ശക്തമായ രീതിയില്‍ നടപ്പാക്കിയ ലോക്ഡൗണാണ് രാജ്യത്തിന് നേട്ടമായി മാറിയത്. ഇതോടെ രാജ്യത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ഏതാണ്ട് മുഴുവനായും നീക്കാനുള്ള തയ്യാറെടുപ്പിലാണ് പ്രധാനമന്ത്രി ജസീന്ത ആഡേര്‍ന്‍. ഈ മാസം എട്ടിന് മന്ത്രിസഭ നിലവിലെ സാഹചര്യങ്ങള്‍ വിലയിരുത്തിയ ശേഷം തീരുമാനമറിയിക്കുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. അടുത്ത ദിവസങ്ങളില്‍ കേസുകളൊന്നും റിപ്പോര്‍ട്ട് ചെയ്തില്ലെങ്കില്‍ മാത്രമായിരിക്കും ലോക്ഡൗണ്‍ ഇളവുകള്‍ നല്‍കുക.
ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലയുടെ കണക്കനുസരിച്ച് ന്യൂസിലാന്റില്‍ 1,504 കേസുകളും 22 മരണങ്ങളുമാണുണ്ടായത്. വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നവരില്‍ നിന്നും രോഗം വ്യാപിക്കാതിരിക്കാന്‍ അതിര്‍ത്തികളില്‍ ശക്തമായ പരിശോധനകളും നിയന്ത്രണങ്ങളുമാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. സാമൂഹിക നിയന്ത്രണങ്ങളും കൂട്ടായ്മകള്‍ സംഘടിപ്പിക്കുന്നതിനും നിലവില്‍ വിലക്കുണ്ട്. ഇത് അവസാന ഘട്ടത്തില്‍ മാത്രമേ നീക്കം ചെയ്യുകയുള്ളൂ. ആഭ്യന്തര ഗതാഗതത്തിനുണ്ടായിരുന്ന നിയന്ത്രണങ്ങളും സ്‌കൂള്‍ തുറക്കുന്നതിനുള്ള നിയന്ത്രണങ്ങളും ഇതോടെ നീക്കാന്‍ കഴിയും. സ്ഥാപനങ്ങളില്‍ ജോലിക്ക് പോകുന്നതിനുള്ള വിലക്ക് പൂര്‍ണമായും നീക്കും. കോവിഡ് പടര്‍ന്നു പിടിക്കുന്ന സാഹചര്യത്തില്‍ തന്നെ നിയന്ത്രണങ്ങള്‍ കഠിനമാക്കിയ തന്ത്രം ഫലം കണ്ടുവെന്നാണ് പറയുന്നത്. ഇത് ലോക രാജ്യങ്ങള്‍ക്ക് തന്നെ മാതൃകയാവുകയും ചെയ്തു. ഇത്രെയും വേഗത്തില്‍ സാധാരണ നിലയിലേക്ക് രാജ്യത്തെ കൊണ്ടുപോകാന്‍ ഞങ്ങള്‍ക്ക് കഴിഞ്ഞുവെന്നും ആര്‍ഡേര്‍ന്‍ പറഞ്ഞു. ഏപ്രില്‍ അവസാനത്തോടെ തന്നെ കോവിഡിനെ പൂര്‍ണമായും നിയന്ത്രണവിധേയമാക്കാന്‍ തങ്ങള്‍ക്ക് കഴിഞ്ഞിട്ടുണ്ട്. തുടര്‍ന്നും രാജ്യം നടത്തിയ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഫലം കാണുകയായിരുന്നു.
രാജ്യത്ത് ഫെബ്രിവരി 28 നാണ് ആദ്യത്തെ കേസ് സ്ഥിരീകരിക്കുന്നത്. ഒരു മാസത്തിനിടയില്‍ ആറ് പേര്‍ക്ക് രോഗം വന്നതോടെ പുറം രാജ്യങ്ങളില്‍ നിന്നും വരുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റൈന്‍ നിര്‍ദ്ദേശിക്കുകയും ചെയ്തിരുന്നു. കര്‍ശനമായ അതിര്‍ത്തി നിയന്ത്രണവും കൂടിയായതോടെ തങ്ങള്‍ക്ക് വൈറസിനെ എളുപ്പത്തില്‍ പ്രതിരോധിക്കാന്‍ കഴിഞ്ഞുവെന്നും അവര്‍ വ്യക്തമാക്കി.