പാലക്കാട്: പാലക്കാട് ജില്ലാ ആസ്പത്രിയില്‍ ചികിത്സയിലിരിക്കുന്ന കോവിഡ് രോഗികള്‍ ഒരുമിച്ച് പരാതികളുമായി വീഡിയോയില്‍ പ്രത്യക്ഷപ്പെട്ടു. ഇന്നലെ പുറത്തുവന്ന വീഡിയോ പ്രകാരം 30ഓളം രോഗികളാണ് തങ്ങള്‍ക്ക് ഭക്ഷണവും കുടിവെള്ളവും പോലും യഥാസമയം കിട്ടുന്നില്ലെന്ന പരാതിയുമായി സമൂഹത്തിന് മുമ്പില്‍ പ്രത്യക്ഷപ്പെട്ടത്. 65 വയസ്സിനും 21 വയസ്സിനും ഇടയിലുള്ള സ്ത്രീകളും വൃദ്ധരുമടക്കമുള്ള കോവിഡ് രോഗികളാണ് മൊബൈലില്‍ തങ്ങളുടെ ദാരുണ അനുഭവങ്ങള്‍ വിവരിച്ചത്. അഞ്ചുമിനിറ്റോളം ദൈര്‍ഘ്യമുള്ള വീഡിയോയില്‍ സംസാരിച്ചവരെല്ലാം ആസ്പത്രി അധികൃതരുടെ അനാസ്ഥയെ കുറ്റപ്പെടുത്തുകയാണ്. വല്ലപ്പോഴും എത്തുന്ന ഡോക്ടര്‍മാരും ശുചീകരണ തൊഴിലാളുകളുംമാത്രമാണ് തങ്ങള്‍ക്ക് ആശ്രയമെന്ന് അവര്‍ പറയുന്നു. നിരവധിതവണ ഫോണില്‍ വിളിച്ച് ആവശ്യപ്പെട്ട ശേഷമാണ് ഭക്ഷണവും ചായയും മറ്റും എത്തുന്നത്. കഴിഞ്ഞദിവസം രാവിലെ പത്തുമണിയോടെയാണ് പ്രഭാതഭക്ഷണം എത്തിച്ചത്. ഉച്ചയോടെ എത്തേണ്ട ഭക്ഷണം നിരവധിതവണ ആവശ്യപ്പെട്ട ശേഷം എത്തിയത് മൂന്നുമണിക്ക്.
കോവിഡ് രോഗികളില്‍ പലരും പ്രമേഹം തുടങ്ങിയ രോഗങ്ങളുള്ളവരാണ്. ഇവര്‍ക്ക് യഥാസമയം ഭക്ഷണവും മരുന്നും കിട്ടാത്തത് ഇവരുടെ ആരോഗ്യനില വഷളാക്കുന്നുണ്ട്. രാവിലത്തെ ഗുളിക തലേന്ന് രാത്രിയാണ് തരുന്നത്. രാവിലെ ഗുളിക കഴിച്ച ഉടന്‍ ഭക്ഷണം ലഭിക്കാത്തതിനാല്‍ പലരും ഏറെ ക്ഷീണിതരാവുന്നതായി രോഗികള്‍ സാക്ഷ്യപ്പെടുത്തുന്നു. മുലയൂട്ടുന്ന സ്ത്രീക്ക് പ്രത്യേക സൗകര്യം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്്.
ജില്ലയില്‍ മൊത്തം 140ഓളം രോഗികളാണ് നിലവില്‍ ചികിത്സയിലുള്ളത്. ആദ്യഘട്ടത്തില്‍ ലഭിച്ച ശുശ്രൂഷയൊന്നും ഇപ്പോള്‍ ഇവരുടെ കാര്യത്തില്‍ ലഭിക്കുന്നില്ല. നഴ്‌സുമാരടക്കമുള്ള ആരോഗ്യപ്രവര്‍ത്തകര്‍ പലരും അമിതജോലിമൂലം ക്ഷീണിതരും വ്രണിതഹൃദയരുമാണ്. ഇതാണ് ചികിത്സയും ശുശ്രൂഷയും അലസമാകാന്‍ കാരണം. കഴിഞ്ഞദിവസം ജില്ലാ ആസ്പത്രിയിലെ മുപ്പതോളം രോഗികളെ സ്ഥലപരിമിതിമൂലം ചെര്‍പ്പുളശ്ശേരി സ്വകാര്യ കോവിഡ് കേന്ദ്രത്തിലേക്ക് മാറ്റിയിരുന്നു. ഇന്നലെ രണ്ടുപേരെ തൃശൂര്‍ മെഡിക്കല്‍ കോളജിലേക്കും മാറ്റി. ലോകത്ത് തന്നെ കോവിഡ് ചികിത്സയില്‍ കഴിയുന്ന രോഗികള്‍ കൂട്ടമായി തങ്ങളുടെ പരിദേവനങ്ങള്‍ വീഡിയോയില്‍ പകര്‍ത്തി സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുന്നത് ഇതുപോലെ അത്യപൂര്‍വമാണ്. സംഭവത്തെക്കുറിച്ച് ഇന്നലെ വൈകീട്ടും ജില്ലാ ഭരണകൂടമോ ആസ്പത്രി അധികൃതരോ പ്രതികരിച്ചിട്ടില്ല. പത്തോളം രോഗികളുണ്ടായിരുന്ന ആദ്യഘട്ടത്തില്‍ നല്ല ശുശ്രൂഷയാണ് ജില്ലാ ആസ്പത്രിയില്‍ ലഭിച്ചിരുന്നത്. സംസ്ഥാനത്തെ ഏറ്റവും കൂടുതല്‍ കോവിഡ് രോഗികളുള്ള ജില്ലയാണ് പാലക്കാട്. അതേസമയം ഇന്നലെ പ്രവാസികുടുംബത്തെ നിര്‍ബന്ധിച്ച് സ്വകാര്യഹോട്ടലിലേക്ക് ക്വാറന്റീനില്‍ അയച്ചതായി പരാതിയുയര്‍ന്നു. പട്ടാമ്പി കൊപ്പം സ്വദേശികളെയാണ് ദിവസം 1500 രൂപ അടക്കണമെന്നാവശ്യപ്പെട്ട് നഗരത്തിലെ സ്വകാര്യഹോട്ടലില്‍ പ്രവേശിപ്പിച്ചത്. മറ്റൊരു ക്വാറന്റീന്‍ കേന്ദ്രത്തില്‍ ഭക്ഷണം ലഭിക്കുന്നില്ലെന്നും പരാതിയുണ്ട്്്.