പാലക്കാട് ആരോഗ്യപ്രവര്‍ത്തകക്ക് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കോവിഡ്

പാലക്കാട്: ജില്ലയില്‍ ഇന്നലെ ഒരു ആരോഗ്യ പ്രവര്‍ത്തകക്ക് ഉള്‍പ്പെടെ രണ്ടുപേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് 142 പേരാണ് ചികിത്സയില്‍ ഉള്ളത്. മൈസൂരില്‍ നിന്നും വന്ന പെരുമാട്ടി കന്നിമാരി സ്വദേശിക്കും(38 പുരുഷന്‍)ഒരു ആരോഗ്യ പ്രവര്‍ത്തകക്കും (51) ആണ് രോഗം സ്വീകരിച്ചിട്ടുള്ളത്. ഇതോടെ പാലക്കാട് ജില്ലയില്‍ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയില്‍ കഴിയുന്നവരില്‍ ഒരു മലപ്പുറം സ്വദേശിയും മെയ് 23 ന് രോഗം സ്ഥിരീകരിച്ച ഒരു ഇടുക്കി സ്വദേശിനിയും (ആരോഗ്യ പ്രവര്‍ത്തകരില്‍ ഒരാള്‍) മെയ്24, 17 തീയതികളിലായി രോഗം സ്ഥിരീകരിച്ച രണ്ട് തൃശ്ശൂര്‍ സ്വദേശികളും, മെയ് 26ന് രോഗം സ്ഥിരീകരിച്ച ഒരു പൊന്നാനി സ്വദേശിയും മെയ് 27 ന് രോഗം സ്ഥിരീകരിച്ച ആസാം സ്വദേശിയും ഉള്‍പ്പെടെ 142 പേരായി. നിലവില്‍ ഒരു മങ്കര സ്വദേശി എറണാകുളത്തും ഒരു നെല്ലായ സ്വദേശി മഞ്ചേരിയിലും ചികിത്സയിലുണ്ട്.
കോവിഡ് 19 മായി ബന്ധപ്പെട്ട് ജില്ലയില്‍ നിലവില്‍ 8078 പേര്‍ വീടുകളിലും 106 പേര്‍ പാലക്കാട് ജില്ലാ ആസ്പത്രിയിലും 49 പേര്‍ മാങ്ങോട് കേരള മെഡിക്കല്‍ കോളേജിലും 10 പേര്‍ സ്ത്രീകളുടെയും കുട്ടികളുടെയും ആസ്പത്രിയിലും ഒരാള്‍ ഒറ്റപ്പാലം താലൂക്ക് ആസ്പത്രിയിലും 6 പേര്‍ മണ്ണാര്‍ക്കാട് താലൂക്ക് ആസ്പത്രിയിലും ഉള്‍പ്പെടെ ആകെ 8250 പേര്‍ നിരീക്ഷണത്തിലുണ്ട്.
ആസ്പത്രിയിലുള്ളവരുടെ ആരോഗ്യ നിലയില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന് ഡി.എം.ഒ അറിയിച്ചു.
പ്രവാസികളും ഇതര സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരെയും നിരീക്ഷണത്തിലാക്കിയതിനാലാണ് എണ്ണത്തില്‍ വര്‍ധനവുണ്ടായത്. പരിശോധനയ്ക്കായി ഇതുവരെ അയച്ച 7957 സാമ്പിളുകളില്‍ ഫലം വന്ന 6640 നെഗറ്റീവും 154 എണ്ണം പോസിറ്റീവാണ്. ഇതില്‍ 14 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു.
ആകെ 48264 ആളുകളാണ് ഇതുവരെ നിരീക്ഷണത്തില്‍ ഉണ്ടായിരുന്നത്. ഇതില്‍ 40014 പേരുടെ നിരീക്ഷണ കാലാവധി പൂര്‍ത്തിയായി. 9759 ഫോണ്‍ കോളുകളാണ് ഇതുവരെ കണ്‍ട്രോള്‍ റൂമിലേക്ക് വന്നിട്ടുള്ളത്.

40 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍; ഇന്നലെ ജില്ലയില്‍ മടങ്ങി എത്തിയത് 79 പ്രവാസികള്‍

പാലക്കാട്: അബുദാബി, ദുബായ്, ലാവോസ്, സലാല എന്നിവിടങ്ങളില്‍ നിന്നും നെടുമ്പാശ്ശേരി, കരിപ്പൂര്‍, തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളങ്ങളില്‍ ഇന്നലെ (മെയ് 31) ജില്ലയിലെത്തിയത് 79 പാലക്കാട് സ്വദേശികള്‍. ഇവരില്‍ 40 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
ബാക്കിയുള്ള 39 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ദുബായില്‍ നിന്നും നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 16 പാലക്കാട് സ്വദേശികളാണ് തിരിച്ചെത്തിയത്. ഇവരില്‍ ആറ് പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. 10 പേര്‍ വീട്ടില്‍ നിരീക്ഷണത്തിലാണ്.ലാവോസില്‍ നിന്നും കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 10 പാലക്കാട് സ്വദേശികളില്‍ എട്ട്് പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. രണ്ട് പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ദോഹയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 9 പേരില്‍ 5 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു.
4 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. അബുദാബിയില്‍ നിന്നും കരിപ്പൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ 31 പേരില്‍ 8 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ബാക്കി 23 പേര്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. സലാലയില്‍ നിന്നും കണ്ണൂര്‍ അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 8 പേര്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. അബുദാബിയില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തിയ 2 പാലക്കാട് സ്വദേശികളും ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചു. ദുബായില്‍ നിന്നും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിയ മൂന്ന് പാലക്കാട് സ്വദേശികള്‍ ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെ പരിശോധനയ്ക്കുശേഷം ജില്ലയിലെ കോവിഡ് കെയര്‍ കണ്‍ട്രോള്‍ സെന്ററായ ചെമ്പൈ സംഗീത കോളേജില്‍ എത്തിയവരെയാണ് ഇന്‍സ്റ്റിറ്റിയൂഷനല്‍ ക്വാറന്റൈനില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.