പാസ്‌പോര്‍ട്ട്്,റീഫണ്ട് :ആശങ്ക വേണ്ടെന്ന് ഹജ്ജ് കമ്മിറ്റി

56

കോഴിക്കോട് : സഊദി അറേബ്യ ഹജ്ജ് മന്ത്രായലത്തില്‍ നിന്നു നിര്‍ദ്ദേശങ്ങള്‍ ലഭിക്കുന്നതിന് അനുസരിച്ചോ അല്ലെങ്കില്‍ ഈ വര്‍ഷത്തെ ഹജ്ജ് സീസണ്‍ അവസാനിക്കുന്നതോടെയോ ഹജ്ജ് യാത്രക്കായി അടച്ച തുകയും പാസ്‌പോര്‍ട്ടും തിരിച്ചു ലഭ്യമാക്കുന്ന കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്ന്് കേരള ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ സി മുഹമ്മദ് ഫൈസി വ്യക്തമാക്കി.
ഹജ്ജ് 2020 യുമായി ബന്ധപ്പെട്ട ഒരുക്കങ്ങള്‍ താല്‍കാലികമായി നിര്‍ത്തി വെക്കാന്‍ സഊദി അധികാരികള്‍ അറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. ഹജ്ജ് യാത്രയ്ക്ക് ഏതാനും ആഴ്ചകള്‍ മാത്രമാണ് ബാക്കിയുള്ളത്. എന്നാല്‍, സഊദി അധികാരികള്‍ ഈ വര്‍ഷത്തെ ഹജ്ജുമായി ബന്ധപ്പെട്ട ഒരുക്കങ്ങളുടെ പുരോഗതിയും അറിയിച്ചിട്ടില്ല. ഹജ്ജിന് അവസരം ലഭിച്ച ഹാജിമാര്‍ അവരുടെ ഹജ്ജ് യാത്ര ക്യാന്‍സല്‍ ചെയ്യാന്‍ ഉദ്ദേശിക്കുന്നുണ്ടങ്കില്‍ 100% പണവും തിരിച്ചു നല്‍കുന്നതാണെന്ന് കേന്ദ്ര ഹജ്ജ് കമ്മിറ്റി അറിയിച്ചിട്ടുണ്ട്. അതിനു വേണ്ടി ഹജ്ജ് കമ്മിറ്റിയുടെ വെബ്‌സൈറ്റില്‍ ലഭ്യമായ ക്യാന്‍സലേഷന്‍ ഫോറം പൂരിപ്പിച്ച് കവര്‍ ഹെഡിന്റെ പാസ്ബുക്ക് കോപ്പിയോ അല്ലെങ്കില്‍ ക്യാന്‍സല്‍ ചെയ്ത് ചെക്ക് ലീഫ് കോപ്പിയോ സഹിതം കേന്ദ്ര ഹജ്ജ് കമ്മിറ്റിയുടെ രലീ.വമഷരീാാശേേലല@ിശര.ശി എന്ന ഇ- മെയില്‍ ഐഡിയിലേക്ക് ഇ-മെയില്‍ ചെയ്യേണ്ടതാണെന്ന് ഹജ്ജ് കമ്മിറ്റി ഓഫ് ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ച, ഹജ്ജ് യാത്ര സാധ്യമാവാത്ത മുഴുവന്‍ പേര്‍ക്കും നറുക്കെടുപ്പില്ലാതെ അടുത്ത വര്‍ഷത്തെ ഹജ്ജിന് അവസരം നല്‍കണമെന്ന് കേന്ദ്ര ഹജ്ജ് വകുപ്പ് മന്ത്രിയോടും, കേന്ദ്ര ഹജ്ജ് കമ്മിറ്റിയോടും കേരള സംസ്ഥാന ഹജ്ജ് വകുപ്പ് മന്ത്രിയും സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാനും നേരത്തെ തന്നെ ആവശ്യപ്പെട്ടിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളും ഈ വിഷയം കേന്ദ്ര ഹജ് കമ്മിറ്റിയോട് ആവശ്യപ്പെട്ടതായി കേരള ഹജ് കമ്മിറ്റി ചെയര്‍മാന്‍ അറിയിച്ചു.