പുതിയ രോഗബാധിതര്‍ 111; ആശങ്കയേറുന്നു

19

തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക ഉയര്‍ത്തി ഒരു ദിവസം കോവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം ആദ്യമായി മൂന്നക്കം കടന്നു. 111 പേര്‍ക്കാണ് ഇന്നലെ കോവിഡ് സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിക്കുന്നവരുടെ എണ്ണം കുത്തനെ വര്‍ധിക്കുകയാണ്. വ്യാഴാഴ്ച 94 പേര്‍ക്കും ബുധനാഴ്ച 82 പേര്‍ക്കുമാണ് കോവിഡ് സ്ഥിരീകരിച്ചത്.
ഇന്നലെ രോഗം സ്ഥിരീകരിക്കപ്പെട്ടവരില്‍ 50 പേര്‍ വിദേശത്ത് നിന്നും 48 പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും വന്നവരാണ്. പത്തുപേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും രോഗം ബാധിച്ചിട്ടുണ്ട്. 22 പേര്‍ രോഗമുക്തരായതായും മുഖ്യമന്ത്രി പിണറായി വിജയന്‍ കൊറോണ അവലോകന യോഗത്തിനുശേഷം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. പുതുതായി രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം മൂന്നക്കത്തിലേക്ക് കടന്ന സാഹചര്യം സംസ്ഥാനത്തെ സ്ഥിതി രൂക്ഷമാകുന്നുവെന്നാണ് കാണിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ഇന്നലെ പാലക്കാട്ടാണ് കൂടുതല്‍ പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. 40 പേര്‍ക്ക്. മലപ്പുറം – 18, പത്തനംതിട്ട – 11, എറണാകുളം – 10, തൃശ്ശൂര്‍ – എട്ട്, തിരുവനന്തപുരം – അഞ്ച്, ആലപ്പുഴ – അഞ്ച്, കോഴിക്കോട് – നാല്, ഇടുക്കി – മൂന്ന്, കൊല്ലം – രണ്ട്, വയനാട് – മൂന്ന്, കോട്ടയം, കാസര്‍കോട് ജില്ലകളില്‍ ഒന്നുവീതവും രോഗം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് ഒരാളും, ആലപ്പുഴയില്‍ നാലുപേരും, എറണാകുളത്ത് നാലുപേരും, തൃശ്ശൂരില്‍ അഞ്ചുപേരും, കോഴിക്കോട് ഒരാളും, കാസര്‍കോട് ഏഴുപേരും ഇന്നലെ രോഗമുക്തി നേടി. ഇന്നലെ വൈറസ് ബാധ സ്ഥിരീകരിച്ചവരില്‍ മഹാരാഷ്ട്രയില്‍നിന്ന് എത്തിയ 25 പേരും തമിഴ്നാട്ടില്‍നിന്ന് എത്തിയ പത്തുപേരും, കര്‍ണാടകത്തില്‍നിന്ന് എത്തിയ മൂന്നുപേരും, യു.പി, ഹരിയാണ, ലക്ഷ്വദ്വീപ് എന്നിവിടങ്ങളില്‍നിന്ന് എത്തിയ ഓരോരുത്തരും, ഡല്‍ഹിയില്‍നിന്ന് എത്തിയ നാലുപേരും ആന്ധ്രാപ്രദേശില്‍നിന്ന് എത്തിയ മൂന്നുപേരും ഉള്‍പ്പെടുന്നു. സംസ്ഥാനത്ത് ഇതുവരെ 1697 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചിട്ടുള്ളത്. ഇതില്‍ 973 പേര്‍ ചികിത്സയിലുണ്ട്. 1,77,106 പേരാണ് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത്. 1,545 പേര്‍ ആശുപത്രികളില്‍ നിരീക്ഷണത്തിലാണ്. സംസ്ഥാനത്തെ ഹോട്ട്സ്പോട്ടുകളുടെ എണ്ണം 128 ആയി. വയനാട് – മൂന്നും കണ്ണൂര്‍, കോഴിക്കോട് ജില്ലകളില്‍ ഒന്നു വീതവുമാണ് പുതിയ ഹോട്ട്സ്പോട്ടുകള്‍.