പുറത്തു നിന്ന് വരുന്നവര്‍ കോവിഡ് വ്യാപനത്തിന് കാരണമാകാമെന്ന് ആരോഗ്യമന്ത്രി

തിരുവനന്തപുരം: സംസ്ഥാനത്ത് പുറത്തു നിന്ന് വരുന്നവരിലാണ് കോവിഡ് ബാധ കൂടുതലെന്ന് ആരോഗ്യമന്ത്രി കെ.കെ ശൈലജ. ഇതേവരെ വന്നതിനേക്കാള്‍ പതിന്മടങ്ങ് ആള്‍ക്കാരാണ് ഇനി വരാനുള്ളത്. മറ്റുള്ള രാജ്യങ്ങളും സംസ്ഥാനങ്ങളും ഇപ്പോഴും കോവിഡില്‍ നിന്നും മുക്തമല്ലാത്തതിനാല്‍ ഇവിടേയ്ക്ക് വരുന്നവരില്‍ പലരും രോഗബാധിതരായിരിക്കാം. മാത്രമല്ല വിമാനത്തില്‍ വച്ചോ ട്രെയിനില്‍ വച്ചോ യാത്രാ വേളകളിലോ രോഗമുണ്ടാകാന്‍ സാധ്യതയുണ്ടെന്നും മന്ത്രി പറഞ്ഞു.
മേയ് 4 മുതല്‍ ചെക്ക് പോസ്റ്റ് വഴിയും മേയ് 7 മുതല്‍ എയര്‍പോര്‍ട്ട് വഴിയും മേയ് 10 മുതല്‍ സീപോര്‍ട്ട് വഴിയും വഴിയും മേയ് 14 മുതല്‍ ട്രെയില്‍ വഴിയും മേയ് 25 മുതല്‍ ഡൊമസ്റ്റിക് ഫ്‌ളൈറ്റ് വഴിയും യാത്രക്കാര്‍ എത്തിക്കൊണ്ടിരുന്നു. ഇതോടെ രോഗികളുടെ എണ്ണവും നിരീക്ഷണത്തിലുള്ളവരുടെ എണ്ണവും ക്രമേണ വലിയ തോതില്‍ ഉയര്‍ന്നു. ചെക്ക് പോസ്റ്റ് തുറക്കുന്നതിന് മുമ്പ് അതായത് മേയ് 3 വരെ ആകെ 499 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതില്‍ 334 പേര്‍ കേരളത്തിന് പുറത്ത് നിന്നും യാത്രകളിലൂടെ വന്നവരാണ്. 165 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയുമാണ് രോഗം സ്ഥിരീകരിച്ചത്.
മേയ് 4 മുതല്‍ ജൂണ്‍-13 വരെ 1908 പേര്‍ക്കാണ് രോഗം ബാധിച്ചത്. അതിലാകട്ടെ 1694 പേര്‍ കേരളത്തിന് പുറത്ത് നിന്നും വന്നവരാണ്. 214 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം ഉണ്ടായത്. മേയ് 3ന് മുമ്പ് 3 പേരാണ് കേരളത്തില്‍ കോവിഡ് ബാധിച്ച് മരിച്ചത്. അതേസമയം മേയ് 4 ന് ശേഷം 16 മരണങ്ങളാണ് ഉണ്ടായത്. മരണമടഞ്ഞവരില്‍ 13 പേരും കേരളത്തിന് വെളിയില്‍ നിന്നും വന്നതാണ്. ഇവരില്‍ 13 പേര്‍ 60 വയസിന് മുകളില്‍ ഉള്ളവരുമാണ്. ചെറുപ്പക്കാര്‍ പൂര്‍ണമായും സുരക്ഷിതമല്ലെന്നാണ് എന്നല്ല ഇതിനര്‍ത്ഥം. ലോകത്തില്‍ സമൂഹ വ്യാപനം ഉണ്ടായ ഇടങ്ങളില്‍ നല്ല ആരോഗ്യമുള്ളവരും മരണത്തിന് കീഴടങ്ങിയതായി കാണുന്നു. എന്നാല്‍ അമിതമായ ഭയം ഉണ്ടാകേണ്ടതില്ല. നിബന്ധനകളും നിര്‍ദ്ദേശങ്ങളും കൃത്യമായി പാലിച്ചാല്‍ അപകടം ഉണ്ടാകാതെ രക്ഷപ്പെടാം എന്ന് കേരളത്തിന്റെ ഇതുവരെയുള്ള അനുഭവം തെളിയിക്കുന്നുണ്ട്.
കേരളത്തിലെ ജനസംഖ്യയുടെ 14 ശതമാനത്തിലേറെ 60 വയസിനുമേല്‍ പ്രായമുള്ളവരാണ്. കോവിഡ് ബാധിച്ചാല്‍ ജീവഹാനി സംഭവിക്കാന്‍ സാധ്യത ഏറെയുള്ളത് പ്രായം ചെന്നവര്‍ക്കും മറ്റ് വിവിധ രോഗങ്ങള്‍ ഉള്ളവര്‍ക്കുമാണ്. അതുകൊണ്ട് പ്രായമുള്ളവരും മറ്റ് രോഗമുള്ളവരും തീരെ ചെറിയ കുട്ടികളും രോഗപ്പകര്‍ച്ച സാധ്യതയുള്ള ഇടങ്ങളില്‍ നിന്ന് പൂര്‍ണമായും അകലം പാലിച്ച് നില്‍ക്കണം (റിവേഴ്‌സ് ക്വാറന്റൈന്‍). ഇത് സംബന്ധിച്ച് സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ എല്ലാവരും നിര്‍ബന്ധമായും അനുസരിക്കണമെന്നും മന്ത്രി പറഞ്ഞു.