പ്രവാസികളെ തിരിച്ച് കൊണ്ടുവരണം: പി.കെ കുഞ്ഞാലിക്കുട്ടി

23

മലപ്പുറം: പ്രവാസികളുടെ തിരിച്ചുവരവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് സര്‍ക്കാരുകളുമായി നിരന്തരം ബന്ധപ്പെടുന്നുണ്ടെന്നും എത്രയും പെട്ടെന്ന് അവരെ കൊണ്ടു വരാനുള്ള നടപടികള്‍ സ്വീകരിക്കണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വിദേശ രാജ്യങ്ങളില്‍ കോവിഡ് ബാധിച്ച് മരിക്കുന്ന മലയാളികളുടെ എണ്ണം ദിനംപ്രതി വര്‍ധിച്ച് കൊണ്ടിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ പ്രവാസികളെ അവരുടെ സ്വന്തം നാടുകളിലെത്തിക്കേണ്ട ഉത്തരവാദിത്വം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്കുണ്ട്. കെ.എം.സി.സിയുള്‍പ്പെടെയുള്ള സന്നദ്ധ സംഘടനകള്‍ പ്രത്യേക വിമാനത്തില്‍ ഇവരെ നാട്ടിലെത്തിക്കാന്‍ ശ്രമിക്കുന്നുണ്ട്. ഇതിന് അനുമതി ലഭ്യമാക്കുന്നതിനായി വിദേശകാര്യ മന്ത്രാലയവുമായും പ്രധാനമന്ത്രിയുടെ ഓഫീസുമായും മുഖ്യമന്ത്രിയുമായും സംസാരിക്കുന്നുണ്ട്. സര്‍ക്കാരുകള്‍ ഇവരെ നാട്ടിലെത്തിക്കുന്നതിനുള്ള അനുമതി എത്രയും പെട്ടെന്ന് നല്‍കണമെന്നും പ്രവാസികള്‍ക്ക് ആവശ്യമായ ക്വാറന്റൈന്‍ സൗകര്യങ്ങള്‍ ഒരുക്കണമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.