തിരുവനന്തപുരം: പ്രവാസികളെ തിരികെ കൊണ്ടുവരുന്നത് പരിമിതപ്പെടുത്തുന്ന സംസ്ഥാന സര്‍ക്കാര്‍ അവരെ കൈവിട്ടതുപോലെയാണ് പെരുമാറുന്നതെന്ന് പി.കെ കുഞ്ഞാലിക്കുട്ടി എം.പി. കോവിഡ് പ്രതിരോധത്തില്‍ കേന്ദ്ര-കേരള സര്‍ക്കാരുകള്‍ തമ്മിലുള്ള ആശയവിനിമയത്തിന്റെ അപാകത നിമിത്തം പ്രവാസികള്‍ കൂടുതല്‍ ദുരിതത്തിലായിരിക്കുകയാണ്. വിദേശത്ത് കുടുങ്ങിയവര്‍ അവിടെ കിടക്കട്ടെ എന്നാണ് സര്‍ക്കാരിന്റെ ഇപ്പോഴത്തെ നിലപാട്. പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാര്‍ കുറച്ചുകൂടി താത്പര്യം കാണിക്കണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിമാനങ്ങളുടെ എണ്ണം കുറയ്ക്കണമെന്ന് സംസ്ഥാനം ആവശ്യപ്പെട്ടതായാണ് കേന്ദ്രമന്ത്രി വി മുരളീധരന്‍ വെളിപ്പെടുത്തിയത്. സംസ്ഥാനത്തെ ഉദ്യോഗസ്ഥരും അക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്. അങ്ങനെയെങ്കില്‍ പ്രവാസികളെ നാട്ടിലെത്തിക്കുന്നത് അനന്തമായി നീണ്ടുപോകും. പ്രവാസികളെ മൊത്തമായി കൊണ്ടുവരണമെന്ന് പ്രതിപക്ഷം അന്തമായി പറയുന്നില്ല. കേരളത്തിലെ നാട്ടുംപുറങ്ങളില്‍ ക്വാറന്റീന്‍ ഒരുക്കാനുള്ള സൗകര്യമുണ്ട്. പഞ്ചായത്തുകള്‍ക്കും മുനിസിപ്പാലിറ്റികള്‍ക്കും മറ്റും ആവശ്യമായ ഫണ്ട് സര്‍ക്കാര്‍ കൊടുക്കണം. സൗകര്യങ്ങളൊരുക്കുന്നതില്‍ തദ്ദേശസ്ഥാപനങ്ങളേയും എം.എല്‍.എമാരടക്കമുള്ള ജനപ്രതിനിധികളേയും പങ്കാളികളാക്കണം.കേരളത്തില്‍ സാമൂഹ്യ വ്യാപനം ഉണ്ടോ ഇല്ലയോ എന്നതില്‍ ഒരു ഉറപ്പും സര്‍ക്കാരിനില്ല. ഉറവിടം അജ്ഞാതമായ കേസുകള്‍ ദിനംപ്രതി വര്‍ധിച്ചുകൊണ്ടിരിക്കുന്നു.
പ്രതിപക്ഷത്തോടു കൂടി ആലോചിച്ച് ഈ വിഷയങ്ങള്‍ സര്‍ക്കാര്‍ കുറേക്കൂടി ജാഗ്രതയോടെ കൊണ്ടുപോകണം. എല്ലാവരുമായി ആലോചിച്ച് കൃത്യമായ പദ്ധതി തയ്യാറാക്കണം. ഫണ്ട് ചെലവാക്കാന്‍ തയ്യാറാകണം. ഇപ്പോള്‍ ഫണ്ട് ചെലവാക്കാതെ സാമൂഹ്യ വ്യാപനം ഉണ്ടായതിന് ശേഷം പറഞ്ഞിട്ട് കാര്യമുണ്ടാവില്ല.രാജ്യത്ത് കേസുകള്‍ ഇത്രയധികം വര്‍ധിച്ചതിന് കാരണം കൃത്യമായ മുന്നൊരുക്കമില്ലാതെ ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചതും ഇളവുകള്‍ നല്‍കിയതുമാണെന്നും അദ്ദേഹം ആരോപിച്ചു. പ്രതിപക്ഷ ഉപനേതാവ് ഡോ.എം.കെ മുനീര്‍, പി.കെ ബഷീര്‍ എം.എല്‍.എ സംബന്ധിച്ചു.