പ്രവാസികളോടുള്ള അവഗണന; കെ.എം.സി.സി ധര്‍ണ്ണ 9ന്‌

49

കോഴിക്കോട്: കോവിഡ് കാലത്ത് പ്രവാസികളോട് കേന്ദ്ര-കേരള സര്‍ക്കാരുകള്‍ കാണിക്കുന്ന അവഗണനക്കെതിരെ കോഴിക്കോട് ജില്ലാ കെ.എം.സി.സി ‘ഭാരവാഹികളുടെ കോര്‍ഡിനേഷന്‍ കമ്മിറ്റി പ്രക്ഷോഭത്തിന്. പ്രവാസികളുടെ വിഷയത്തില്‍ അധികാരികളുടെ കണ്ണുതുറപ്പിക്കുന്നതിന് കെ.എം.സി.സി കലക്ട്രേറ്റിനു മുമ്പില്‍ 9ന് ധര്‍ണ്ണ നടത്തും. മണ്ഡലം തലങ്ങളില്‍ പ്രതിഷേധകൂട്ടായ്മയും സംഘടിപ്പിക്കും.
പ്രളയകാലത്തിനു ശേഷം കേരളത്തെ കൈപിടിച്ചുയര്‍ത്തി പ്രവാസിയോട് അവര്‍ക്കൊരു പ്രതിസന്ധി നേരിട്ടപ്പോള്‍ സര്‍ക്കാര്‍ ക്രൂരതയാണ് കാണിക്കുന്നതെന്ന് കോര്‍ഡിനേഷന്‍ കമ്മിറ്റി നടത്തിയ പത്രസമ്മേളനത്തില്‍ പ്രതിപക്ഷ ഉപനേതാവ് ഡോ.എംകെ മുനീര്‍ പറഞ്ഞു.ക്വാറന്റൈന്‍ സംവിധാനം വളരെ മോശമായ സ്ഥിതിയിലാണുള്ളത്. പിണറായി വിജയന്‍ കേരളത്തിനകത്തുള്ള മലയാളികളുടെ മാത്രം മുഖ്യമന്ത്രിയാണോ എന്ന് വ്യക്തമാക്കണം. ചാര്‍ട്ടേഡ് ഫ്‌ളൈറ്റിന് പോലും തുരങ്കം വെക്കുകയാണ്. കേരളത്തിലെത്തിയ പ്രവാസികളുടെ ഡ്രൈവര്‍മാര്‍ക്ക് ക്വാറന്റൈനില്‍ കഴിയാനുള്ള ചെലവിന് പോലും പൈസ ഈടാക്കുന്നു. പ്രവാസികള്‍ നാട്ടിലേക്ക് വരാതിരിക്കാനായി മുഖ്യമന്ത്രി പലതും പറഞ്ഞുവരുന്നു. ഹൈകോടതിയില്‍ നല്‍കിയ സത്യവാങ്മൂലത്തിന് എതിരായാണ് സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും മുനീര്‍ പറഞ്ഞു. കുറ്റ്യാടി മണ്ഡലം സ്വദേശിയായ ഒരാള്‍ക്ക് ചെന്നൈയില്‍ ആത്മഹത്യ ചെയ്യേണ്ടി വന്നത് ഉത്തരവാദപ്പെട്ടവരുടെ തെറ്റായ സമീപനം മൂലമാണെന്ന് പാറക്കല്‍ അബ്ദുല്ല എംഎല്‍എ പറഞ്ഞു. ജോലി നഷ്ടപ്പെട്ടവര്‍, വിസ കാലാവധി കഴിഞ്ഞവര്‍, മാറാരോഗങ്ങള്‍ ബാധിച്ചവര്‍ തുടങ്ങി കഷ്ടത്തിലായ പ്രവാസികളുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. സാങ്കേതികത്വങ്ങള്‍ക്ക് കാത്തുനില്‍ക്കാതെ പ്രവാസി തിരിച്ചുവരവിനെ പോസിറ്റീവായി കാണാന്‍ സാധിക്കണം. മരണപ്പെടുന്നവരുടെ ആശ്രിതര്‍ക്ക് ധനസഹായം നല്‍കുക, തൊഴില്‍ നഷ്ടപ്പെട്ട് തിരികെ വരുന്നവരെ പുനരധിവസിപ്പിക്കുക, വിവേചനം അവസാനിപ്പിച്ച് നിര്‍ബന്ധിത ക്വാറന്റൈന്‍ ഗള്‍ഫ് പ്രവാസികള്‍ക്കും പൂര്‍ണമായും സൗജന്യമാക്കുക, നാട്ടിലുള്ള പ്രവാസികള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച അയ്യായിരം രൂപ ധനസഹായം അടിയന്തിരമായി വിതരണം ചെയ്യുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് പ്രതിഷേധ സമരമെന്ന് നേതാക്കള്‍ പറഞ്ഞു.
ജില്ലാ മുസ്്‌ലിംലീഗ് പ്രസിഡണ്ട് ഉമ്മര്‍ പാണ്ടികശാല, ദുബൈ കെ.എം.സി.സി പ്രസിഡണ്ട് ഇബ്രാഹീം എളേറ്റില്‍ , കോര്‍ഡിനേഷന്‍ കമ്മിറ്റി ചെയര്‍മാന്‍ ടി ഹാഷിം ഷാര്‍ജ, കണ്‍വീനര്‍ ശംസുദ്ദീന്‍ വെള്ളിക്കുളങ്ങര , ട്രഷറര്‍ കെ.പി മുഹമ്മദ് , ഒ. കെ ഇബ്രാഹീം പങ്കെടുത്തു.